
തിരുവനന്തപുരം: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാമിന് ഡി.ജി.പിയായി സ്ഥാന കയറ്റം. ഫയർഫോഴ്സ് മേധാവി കെ. പത്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് പുതിയ നിയമനം. 1994 ബാച്ചിലെ ഐ.പി.എസ് ഉദ്യോഗസ്ഥനാണ് മനോജ് എബ്രഹാം. ഇന്‍റലിജന്‍സ് മേധാവി, വിജിലൻസ് ഡയറക്ടർ പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ഇനി ഏഴു വർഷം ഡി.ജി.പി റാങ്കിലുണ്ടാകും.
ക്രമസമാധാന ചുമതലയിലേക്ക് ഇനി ആരാകും എത്തുക എന്നതിൽ ആകാംക്ഷ നിലനിൽക്കുകയാണ്. ഈ കസേര ഒഴിച്ചിടാനുള്ള ചര്‍ച്ച സര്‍ക്കാരിൽ സജീവമാണ്. റെയ്ഞ്ച് ഐ.ജി.മാർ നേരിട്ട് ഡി.ജി.പിക്ക് റിപ്പോർട്ട് ചെയ്യുന്ന പഴയ രീതിയിലേയ്ക്ക് മാറാനാണ് സാധ്യത. ക്രമസമാധാന ചുമതലയിലേയ്ക്ക് പരിഗണിക്കുന്നവര്‍ ഇപ്പോള്‍ വഹിക്കുന്ന ചുമതലയിൽ പകരം നിയമിക്കാൻ എ.ഡി.ജി.പിമാരില്ലായെന്നതാണ് കാരണം.
പോലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി എസ്. ശ്രീജിത്തോ ക്രൈംബ്രാഞ്ച് മേധാവി എച്ച്. വെങ്കിടേഷോ ക്രമസമാധാന ചുമതലയിലേയ്ക്ക് എത്താനാണ് സാധ്യത. എന്നാൽ ഇവര്‍ക്ക് പകരമൊരാളെ നിയമിക്കണമെങ്കിൽ കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള ദിനേന്ദ്ര കശ്യപ് ആഗസ്തിൽ തിരിച്ചെത്തണം. മറ്റ് എ.ഡി.ജി.പിമാരെല്ലാം പ്രധാന തസ്തികയിലാണ്. പോലീസ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് ജൂണ്‍ 30ന് വിമരിക്കുമ്പോള്‍ ആ ഒഴിവിലേക്കും ഉന്നത ഉദ്യോഗസ്ഥരുടെ ചരടുവലി ആരംഭിച്ചതായാണ് വിവരം.
