
ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കല്‍ സര്‍വസാധാരണയായി മാറിയിരിക്കുകയാണ്. ഭക്ഷ്യവസ്തുവിൻ്റെ അളവ് കൂട്ടാനും വില കുറക്കാനും ആകര്‍ഷണം കൂട്ടാനുമാണ് പ്രധാനമായും മായം കലര്‍ത്തുന്നത്. ഇത് ഭക്ഷണത്തിൻ്റെ പോഷക മൂല്യം കുറക്കുന്നതിന് പുറമേ ഗുണമേന്മ ഇല്ലാതാക്കാനും കാരണമാകും. പൊതുജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആരോഗ്യ പ്രശ്നങ്ങള്‍ മാത്രമല്ല ഭക്ഷണത്തിലെ മായം പലപ്പോഴും മരണത്തിലേക്ക് വരെ നയിക്കും.
ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍ ശിക്ഷാര്‍ഹമായ കുറ്റമാണ്. പൗരന് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കാനുള്ള സര്‍ക്കാറിൻ്റെ ഉത്തരവിൻ്റെ ഭാഗമായി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ നിലവില്‍ വന്നു.

ചുരുക്കം ചില ഭക്ഷ്യവസ്തുക്കളും അവയിലെ മായവും കണ്ടുപിടിക്കുന്നതിനുള്ള മാര്‍ഗവും ചുവടെ കൊടുത്തിരിക്കുന്നു:
• അരി, ഗോതമ്പ് ഇവയില്‍ മായമായി മാര്‍ബിള്‍ കഷ്‌ണം, ചെറിയ കല്ലുകള്‍ ചേര്‍ക്കുന്നു. ഇവ നമുക്ക് എടുത്തുമാറ്റാവുന്നതാണ്.
• ഗോതമ്പ് പൊടി, റവ, മൈദ പഴകിയാല്‍ അതില്‍ ചെറു പ്രാണികളെ നമുക്ക് കാണാം. അതും മായമായി കണക്കാക്കാവുന്നതാണ്.
• പരിപ്പില്‍ കേസരി ദാല്‍ മായമായി ചേര്‍ക്കുന്നു. ചെറുധാന്യങ്ങളിലും പയര്‍ പരിപ്പ് വര്‍ഗങ്ങളിലും കൃത്രിമ നിറങ്ങള്‍ ചേര്‍ക്കുന്നതായി കാണാം.
• പച്ചക്കറി, പഴങ്ങള്‍ ഇവയില്‍ ഫോര്‍മാലില്‍, കാത്സ്യം കാര്‍ബേഡ് ചേര്‍ക്കുന്നു. കേടാകാതിരിക്കാനും പഴങ്ങള്‍ പെട്ടെന്ന് പഴുക്കാനുമാണ് ഇവ ചേര്‍ക്കുന്നത്. പഴങ്ങളുടെ ഞെട്ട് മാത്രം പച്ച നിറത്തില്‍ കാണുന്നുണ്ടെങ്കില്‍ അതില്‍ കാത്സ്യം കാര്‍ബേഡ് ചേര്‍ന്നിട്ടുണ്ട്.
• തേനിലെ മായം വെല്ലം, പഞ്ചസാര ലായനി എന്നിവയാണ്. തേനില്‍ അല്‍പ്പം വെള്ളം ഒഴിക്കുക. തേനില്‍ ചേര്‍ന്ന് നില്‍ക്കുന്നുണ്ടെങ്കില്‍ അത് മായമുള്ള തേനാണ്.
• ഒരു ഗ്ലാസ് വെള്ളത്തില്‍ കാപ്പിപ്പൊടി എടുക്കുക. കാപ്പിപ്പൊടി പൊങ്ങിക്കിടക്കുന്നതും മായമായി ചേര്‍ത്തവ മുങ്ങിക്കിടക്കുന്നതും കാണാം.
• അല്‍പ്പം ചായപ്പൊടിയെടുത്ത് വെള്ളത്തിലിട്ട് കഴിഞ്ഞാല്‍ അതിൻ്റെ നിറം ഇളകുന്നത് കാണാം. കൃത്രിമ നിറമാണ് മായമായി ചേര്‍ത്തതെന്ന് മനസ്സിലാക്കാം.
• മുളക്, മല്ലി, മസാലപ്പൊടി ഇവയില്‍ പ്രധാനമായും കൃത്രിമ നിറങ്ങള്‍ മായമായി ചേര്‍ത്തിട്ടുണ്ടെങ്കില്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ അല്‍പ്പം പൊടിയിട്ട് അതിലേക്ക് അല്‍പ്പം അയഡിന്‍ ഒഴിച്ചുകൊടുക്കുക. നീല കലര്‍ന്ന നിറം ഉണ്ടാവുകയാണെങ്കില്‍ അതില്‍ മായം ചേര്‍ത്തിട്ടുണ്ട്.
• പാലില്‍ വെള്ളം ചേര്‍ത്തിട്ടുണ്ടെങ്കില്‍ ലാക്ടോമീറ്റര്‍ ഉപയോഗിച്ച് നമുക്ക് കണ്ടെത്താം.
• വെളിച്ചെണ്ണ അല്‍പ്പം എടുത്ത് അരമണിക്കൂര്‍ റഫ്രിജറേറ്ററില്‍ വെക്കുക. ഫ്രീസറില്‍ വെക്കരുത്. അര മണിക്കൂര്‍ കഴിഞ്ഞ് എടുത്തുനോക്കുക. യഥാര്‍ഥ എണ്ണ കട്ടിയായിട്ടുണ്ടാകും. മായമായി ചേര്‍ത്ത എണ്ണ പ്രത്യേക പാളിയായി കാണാം.
• മത്സ്യത്തില്‍ പ്രധാനമായും ഫോര്‍മാലിന്‍ മായമായി ചേര്‍ത്തിട്ടുണ്ടെങ്കില്‍ രൂപം, നിറം, രുചി, മണം, രസം, ആര്‍ദ്രത, ഘടന വഴി മനസ്സിലാക്കാം.
സംസ്‌കരിച്ച ഭക്ഷണങ്ങളില്‍ ചേര്‍ക്കുന്ന രാസവസ്തുക്കള്‍ ആണ് ഫുഡ് അഡിറ്റീവ്. നിര്‍ദിഷ്ട പരിധിയില്‍ കൂടുതലായാല്‍ മാത്രമാണ് ഇവ ഉപഭോക്താവിന് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നത്. ഫോര്‍മാലിന്‍, ലഡ് ക്രോമേറ്റ്, നോണ്‍ പെര്‍മിറ്റഡ് കളര്‍, അജിനോമോട്ടോ, കേസരിദാല്‍, മധുര പലഹാരങ്ങളില്‍ ചേര്‍ക്കുന്ന സാക്കറിന്‍, അനുവദനീയമായ ചില പ്രിസര്‍വേറ്റീവ് അമിതമായ അളവില്‍ ഉപയോഗിക്കുക ഇവയെല്ലാം മനുഷ്യ ശരീരത്തിലെ ഒന്നിലധികം അവയവങ്ങളെ ബാധിക്കുന്നു. ഇത് മിക്കവാറും അര്‍ബുദം, അള്‍സര്‍, കരള്‍ വീക്കം, വിളര്‍ച്ച, വൃക്ക തകരാര്‍, ത്വക്ക് രോഗം, പക്ഷാഘാതം, വയറിളക്കം എന്നിവക്ക് കാരണമാകുന്നു.
• കാലഹരണപ്പെട്ട തീയതി, ഉത്പാദന തീയതി മാറ്റുക, അറിയപ്പെടുന്നതും സാക്ഷ്യപ്പെടുത്തിയതുമായ വ്യാപാര മുദ്രയുടെ ഉപയോഗം നിയമവിരുദ്ധമായും ക്രമരഹിതമായും ഉപയോഗിക്കുക, ഉത്പന്നത്തിൻ്റെ യഥാര്‍ഥ ഭാരത്തിലും വലിപ്പത്തിലും കൃത്രിമത്വം കാണിക്കുക, കേടായ വസ്തുക്കള്‍ ചേര്‍ക്കുക, പോഷകാഹാര സൂചികയില്‍ കൃത്രിമത്വം കാണിക്കുക, ഭക്ഷ്യവസ്തുവിൻ്റെ ഉദ്ഭവ സ്ഥലത്തില്‍ മാറ്റം വരുത്തുക തുടങ്ങിയ പ്രവൃത്തികളെല്ലാം ഫുഡ് അഡള്‍ട്രേഷന്‍ പരിധിയില്‍ വരുന്ന കുറ്റകൃത്യമാണ്.
ജങ്ക് ഭക്ഷണങ്ങളും സംസ്‌കരിച്ച ഭക്ഷണങ്ങളും ഒഴിവാക്കിയും ഭക്ഷ്യ ഉത്പന്നങ്ങള്‍ വൃത്തിയായും ലൈസന്‍സ് നമ്പര്‍, നിര്‍മിച്ച തീയതി, കാലഹരണപ്പെട്ട തീയതി, ചേരുവകള്‍ എന്നിവക്കൊപ്പം FSSAI സാധുതയുള്ള ലേബലുള്ള ഭക്ഷ്യ ഉത്പന്നങ്ങള്‍ പരിശോധിച്ചു വാങ്ങുന്നത് ഉറപ്പാക്കുക, ശുചിത്വം പാലിക്കാത്ത സ്ഥലങ്ങളില്‍ നിന്നും ഭക്ഷ്യവസ്തുക്കള്‍ വാങ്ങാതിരിക്കുക.
വരുംതലമുറയുടെ നല്ല ആരോഗ്യത്തിനായി ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്നതിനെതിരെ പൊതുവായ അവബോധം ജനങ്ങളില്‍ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.
