കാസര്‍കോട് നഗരസഭാ ബജറ്റ്; ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് രണ്ടേ കാല്‍ കോടി രൂപ; നെല്ലിക്കുന്ന് ബീച്ചില്‍ ”ബീച്ച് ഫെസ്റ്റ്”

  • Post category:local news / news
  • Reading time:2 mins read
You are currently viewing കാസര്‍കോട് നഗരസഭാ ബജറ്റ്; ഭവന രഹിതര്‍ക്ക് ഭവന നിര്‍മ്മാണത്തിന് രണ്ടേ കാല്‍ കോടി രൂപ; നെല്ലിക്കുന്ന് ബീച്ചില്‍ ”ബീച്ച് ഫെസ്റ്റ്”

കാസർകോട്: സർവ്വ മേഖലകളെയും തൊട്ടുണർത്തുന്നതും നഗരത്തിൻ്റെ മുഖച്ഛായ തന്നെ മാറ്റുന്നതുമായ 2025-26 വർഷത്തെ കാസർകോട് നഗരസഭയുടെ ബജറ്റ് വൈസ് ചെയർപേഴ്സൺ ഷംസീദ ഫിറോസ് അവതരിപ്പിച്ചു. 73.79 കോടി രൂപ വരവും 67.24 കോടി രൂപ ചെലവും 6.54 കോടി രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്. ചെയർമാൻ അബ്ബാസ് ബീഗം അദ്ധ്യക്ഷത വഹിച്ചു. നഗരത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം മുന്നിൽകണ്ട് മുഴുവൻ വാർഡുകളിലെയും റോഡ്, ഓവുചാല്‍, നടപ്പാത എന്നിവ പുനരുദ്ധാരണം നടത്തുന്നതിന് വേണ്ടി 6.17 കോടി രൂപയുടെ പദ്ധതികൾ ബജറ്റിൽ തയ്യാറാക്കിയിട്ടുണ്ട്. തെരുവ് വിളക്കുകളുടെ പരിപാലനം, തെരുവ് വിളക്ക് വൈദ്യുതി ചാർജ് ഒടുക്കൽ, തെരുവ് വിളക്ക് വൈദ്യുതി ലൈൻ ദീര്‍ഘികപ്പിക്കൽ എന്നീ പദ്ധതികൾക്കായി 2.63 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കറന്തക്കാട് – റെയിൽവേ സ്റ്റേഷൻ റോഡിൽ വീതിയുള്ള ഭാഗങ്ങളിൽ ഡിവൈഡറുകൾ സ്ഥാപിക്കാനും അതിൽ അലങ്കാര ലൈറ്റുകൾ സ്ഥാപിക്കാനും നടപടികൾ സ്വീകരിക്കും.

കാർഷിക മേഖലയുടെ വികസനത്തിനായി ഉൽപാദന മേഖലയിൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തെങ്ങ് കൃഷിക്ക് ജൈവവളം, കവുങ്ങ് കൃഷിക്ക് ജൈവവളം, വാഴ കൃഷി, നെൽകൃഷി കൂലി ചെലവ്, പച്ചക്കറി കൃഷി വികസനം എന്നീ പദ്ധതികൾക്കായി കാർഷിക മേഖലയിലേക്ക് ആകെ 47 ലക്ഷം രൂപ ബജറ്റിൽ നീക്കിവെച്ചിട്ടുണ്ട്. കൂടാതെ ”പാങ്ങുള്ള പഴത്തോട്ടം, ചേലുള്ള പൂന്തോട്ടം” എന്ന പദ്ധതിക്ക് ഈ വർഷം തുടക്കം കുറിക്കും. തരിഷായ കൃഷിഭൂമി പാട്ടത്തിനോ അല്ലാതെയോ കൃഷി ആവശ്യത്തിന് ഉപയോഗപ്പെടുത്തുന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്. ഡ്രാഗൺ, റമ്പൂട്ടാൻ, പപ്പായ പോലുള്ള ഫല കൃഷികളും മുല്ലപ്പൂ, ചെണ്ടുമല്ലി പോലുള്ള പൂ കൃഷികളും ഈ പദ്ധതിയിലൂടെ നടപ്പിലാക്കും. നഗരസഭയുടെ എല്ലാ വാർഡുകളിലും അയൽക്കൂട്ട അംഗങ്ങളുടെ സഹായത്തോടെ കൃഷി ചെയ്യുന്നതിനും അതിൽ നിന്നും വിളവെടുത്ത് ആഴ്ചയിൽ ഒരു ദിവസം കാർഷിക ചന്ത നടത്തുകയും വാർഡിലെ തെരഞ്ഞെടുത്ത ഒരു സ്ഥലം ”കാർഷിക പോയിന്റ്” എന്ന നിലയിൽ പ്രഖ്യാപിക്കുകയും ചെയ്യും.

മൃഗസംരക്ഷണം, വനിതാ വികസനം, കുടുംബശ്രീ, വിദ്യാഭ്യാസം, കായികം, ആരോഗ്യം, കലാ-സാംസ്കാരികം, ഭിന്നശേഷിക്കാരുടെ ക്ഷേമം, ചെറുകിട വ്യവസായം, അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ-ലൈഫ്, പട്ടികജാതി-പട്ടികവർഗ്ഗം, മത്സ്യബന്ധനം തുടങ്ങിയ എല്ലാ മേഖലകളിലും ആവശ്യമായ വികസന പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുമെന്നും ബജറ്റിൽ പറയുന്നു.

സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ സഹീർ ആസിഫ്, റീത്ത ആർ, ഖാലിദ് പച്ചക്കാട്, സിയാന ഹനീഫ്, രജനി കെ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി അബ്ദുൽ ജലീൽ ഡി.വി, നഗരസഭാ എഞ്ചിനീയർ പ്രസീജ ആർ, ഉദ്യോഗസ്ഥർ സംബന്ധിച്ചു.

0Shares