Categories
Kerala local news

കാസർകോട് പോസ്റ്റ്മോർട്ടം മുടങ്ങുന്ന സംഭവം; നിലവിലെ തടസ്സം നീക്കണം; അടിയന്തിര ഇടപെടൽ വേണം; സർക്കാരിൽ സമ്മർദ്ദം ശക്തമാക്കി എം.എൽ.എ

കാസർകോട്: കേരളത്തിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടക്കുന്ന ഏക ആശുപത്രിയാണ് കാസർകോട് ജനറൽ ആശുപത്രി. നിയമസഭക്ക് അകത്തും പുറത്തും നിരന്തരമായി നടത്തിയ പോരാട്ടത്തിൻ്റെ ഫലമായാണ് ഇത് സാധിച്ചത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയെങ്കിലും കോടതിയിൽ ഇതിനെതിരെ ചിലർ റിട്ട് ഫയൽ ചെയ്തു. ഈ കേസിൽ താനും കക്ഷി ചേർന്ന് അനുകൂലമായ വിധി നേടാൻ കഴിഞ്ഞതായി എം.എൽ.എ പറഞ്ഞു. 2022 ഏപ്രിൽ മുതൽ കാസർകോട് ജനറൽ ആശുപത്രിയിൽ 24 മണിക്കൂറും പോസ്റ്റ്മോർട്ടം നടന്നുവരുന്നു. ഫോറൻസിക് വിഭാഗത്തിൽ ഒരു ജൂനിയർ കൺസൾട്ടൻ്റെ തസ്തികയാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്. ഫോറൻസിക് മെഡിസിൻ യോഗ്യതയുള്ള അസിസ്റ്റന്റ് സർജനെ കൂടി നിയമിച്ചാണ് 24 മണിക്കൂറും പോസ്റ്റ്മോർട്ടം തുടരുന്നത്. ഇപ്പോൾ ഈ അസിസ്റ്റന്റ് സർജനെ സ്ഥലം മാറ്റിയിരിക്കുകയാണ്. ഫോറൻസിക്ക് വിഭാഗത്തിൽ ജൂനിയർ കൺസൾട്ടന്റായ ഡോക്ടർക്ക് ഇതുമൂലം അധികഭാരം ഏൽക്കേണ്ടിവരുന്നു. ഈ ഡോക്ടർ അവധിയിൽ പോയാൽ കാസർകോട് ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടക്കാത്ത സാഹചര്യം നിലനിൽക്കുന്നു. ഫോറൻസിക് മെഡിസിൻ വിഭാഗത്തിൽ ഒരു കൺസൾട്ടൻ്റെയും ഒരു ജൂനിയർ കൺസൾട്ടൻ്റെയും തസ്തികകൾ സൃഷ്ടിക്കുന്നതിന് പ്രൊപ്പോസൽ 2022 മാർച്ച് 30ന് സർക്കാറിന് സമർപ്പിച്ചതായി ആരോഗ്യവകുപ്പ് ഡയറക്ടർ അറിയിച്ചിരുന്നു.

ആയത് കൂടാതെ ആരോഗ്യവകുപ്പിൽ വിവിധ വിഭാഗങ്ങളിലായി 273 തസ്തികകൾ സൃഷ്ടിക്കുന്നതിനായി 2025 ജനുവരി 28ന് സർക്കാറിന് സമർപ്പിച്ച പ്രൊപ്പോസലിൽ കാസർകോട് ജനറൽ ആശുപത്രിയിൽ ഒരു ഫോറൻസിക് സർജൻ തസ്തിക ഉൾപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യ വകുപ്പ് ഡയറക്ടർ അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും എം.എൽ.എ കത്ത് നൽകി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest