
ഡല്‍ഹി: എഴുപത്തി നാലാമത് റിപ്പബ്ലിക് ദിന ഘോഷയാത്രയില്‍ ശ്രദ്ധ പിടിച്ചുപറ്റി കേരളത്തിൻ്റെ ടാബ്ലോ. സ്ത്രീശക്തി വിളിച്ചോതി ഉള്ളതായിരുന്നു കേരളത്തിലെ ടാബ്ലോ. ‘നാരീശക്തിയും സ്ത്രീ ശാക്തീകരണത്തിൻ്റെ നാടോടി പാരമ്പര്യവും’ എന്നതിനെ കേന്ദ്ര പ്രമേയമാക്കി ഉരുവിൻ്റെ മാതൃകയിലാണ് ടാബ്ലോ തയാറാക്കിയിരുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് ദിന പരേഡില്‍ കേരളം ഗോത്രനൃത്തം അവതരിപ്പിക്കുന്നത്.
സാധാരണക്കാരായ പ്രാദേശിക വനിതകളുടെ കൂട്ടായ്‌മയും പ്രവര്‍ത്തനങ്ങളും സമൂഹ വികസനത്തിനും രാജ്യപുരോഗതിക്കും എങ്ങനെ നേട്ടമാകുന്നു എന്നതാണ് കേരളം ടാബ്ലോയില്‍ പ്രദര്‍ശിപ്പിച്ചത്.

നാലാം ക്ലാസ് തുല്യതാ പരീക്ഷ 96-ാം വയസില്‍ ജയിച്ച് 2020ലെ നാരീശക്തി പുരസ്കാരം കരസ്ഥമാക്കിയ കാര്‍ത്ത്യായനി അമ്മയുടെയും മികച്ച പിന്നണി ഗായികയ്‌ക്കുളള ദേശീയ പുരസ്ക്കാരം നേടിയ നഞ്ചിയമ്മയുടെയും ശില്‌പങ്ങള്‍ ടാബ്ലോയില്‍ കാണാമായിരുന്നു.
നഞ്ചിയമ്മയ്‌ക്ക് ദേശീയ പുരസ്കാരം ലഭിച്ച ‘കലക്കാത്ത സന്ദനം’ എന്ന ഗാനത്തിൻ്റെ പശ്ചാത്തലത്തിലായിരുന്നു സ്ത്രീ ശാക്തീകരണത്തിൻ്റെ നാടോടി പാരമ്പര്യം പ്രതീക വല്‍ക്കരിക്കുന്ന ടാബ്ലോ കേരളം പ്രദര്‍ശിപ്പിച്ചത്. കേരളത്തിൻ്റെ ടാബ്ലോയെ നിറഞ്ഞ പുഞ്ചിരിയോടെയാണ് പ്രസിഡണ്ട് ദ്രൗപദി മുര്‍മു ആസ്വദിച്ചത്.
