
കാസറഗോഡ്: കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് 2025- 26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തിയാക്കിയ വീടുകളുടെ താക്കോൽദാനം നടന്നു. പി.എം.എ.വൈ ഭവന പദ്ധതി പ്രകാരമുള്ള വീടുകളാണ് നിർമ്മിച്ചത്. ചടങ്ങിൽ അംഗീകൃത ഗ്രന്ഥാലയങ്ങൾക്കുള്ള മൈക്ക് സെറ്റും കസേര വിതരണവും ഭാരത് സേവക സമാജ് ദേശീയ പുരസ്കാരം നേടിയ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലതയെ ആദരിക്കുന്ന പരിപാടിയും നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു. ഭവനങ്ങളുടെ താക്കോൽദാനവും മൈക്ക് സെറ്റും കസേര വിതരണവും അനുമോദവും നിർവഹിച്ചു.

കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.കെ വിജയൻ അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.അബ്ദുൽ റഹിമാൻ പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി.ഗീത, ബ്ലോക്ക് മെമ്പർമാരായ എ.ദാമോദരൻ, അഡ്വക്കേറ്റ് എം.കെ. ബാബുരാജ്, എം.ജി. പുഷ്പ, ലക്ഷ്മി തമ്പാൻ, പുഷ്പ ശ്രീധർ, കെ.വി. രാജേന്ദ്രൻ, പൊതുപ്രവർത്തകനായ ഷാജി എടമുണ്ട എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി ശ്രീലത സ്വാഗതവും ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി വി.വി ശശിനന്ദിയും പറഞ്ഞു.
