കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ; വിടപടാഞ്ഞത് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ച അതുല്യ പ്രതിഭ; കൂടുതൽ അറിയാം..

You are currently viewing കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു; അന്ത്യം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ; വിടപടാഞ്ഞത് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്തുകളിലെ പ്രസിഡന്റ് സ്ഥാനവും അലങ്കരിച്ച അതുല്യ പ്രതിഭ; കൂടുതൽ അറിയാം..

കോഴിക്കോട്: അർബുദ ബാധയെ തുടർന്ന് ചികിത്സ തുടരുന്നതിനിടെ കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 59 വയസായിരുന്നു. ഇടത് പ്രസ്ഥാനത്തിൻ്റെ തിളങ്ങുന്ന മുഖമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാണ് കാനത്തില്‍ ജമീല നിയമസഭയിലേക്കെത്തിയത്. കുറ്റിയാടി പോലുള്ള ഒരു ഗ്രാമീണ മേഖലയില്‍ ജനിച്ച കാനത്തില്‍ ജമീല വിവാഹിതയായി എത്തിയത് തലക്കുളത്തൂരാണ്. അവിടെ ഒരു വീട്ടമ്മയായി കഴിഞ്ഞിരുന്ന ജമീല 1995 ലാണ് തലക്കുളത്തൂര്‍ ഗ്രാമ പഞ്ചായത്തിലേക്ക് മത്സരിക്കുന്നത്. പിന്നീട് പാർട്ടിയിൽ സജീവമായ ജമീല മുന്നോട്ടുള്ള തെരഞ്ഞെടുപ്പുകളിലും മത്സരിച്ചു. പഞ്ചായത്ത് പ്രസിഡന്‍റായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് ആയും തുടർന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പോട് കൂടി എം.എൽ.എ ആയി നിയമ സഭയിലും തിളങ്ങി. സമീപകാലത്ത് രോഗബാധയെ തുടന്ന് പൊതുപ്രവര്‍ത്തന മേഖലയില്‍ നിന്ന് അൽപ്പം മാറി നിന്നെങ്കിലും ആരോഗ്യനില മെച്ചപ്പെടുന്ന സാഹചര്യങ്ങളിലെല്ലാം അവർ ജനങ്ങൾക്കൊപ്പമുണ്ടായിരുന്നു. തലക്കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ്, ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആയിരിക്കുമ്പോൾ കോഴിക്കോടിന് മികച്ച ജില്ലാ പഞ്ചായത്തിനുള്ള അംഗീകാരം നേടിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിലെ എൻ സുബ്രഹ്‌മണ്യനെ 8,472 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് കാനത്തിൽ ജമീല നിയമസഭയിലേക്ക് എത്തിയത്.

കൊയിലാണ്ടി എം.എൽ.എയും സി.പി.ഐ എം കോഴിക്കോട് ജില്ലാ കമ്മറ്റി അംഗവുമാണ്. ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റാണ്‌. അർബുദ ബാധിതയായി വീട്ടിൽ വിശ്രമത്തിൽ കഴിയുകയായിരുന്ന ജമീലയെ ശനിയാഴ്‌ചയാണ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ഒമ്പതുമാസത്തോളമായി ചെന്നൈയിലും കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. രാത്രി 8.40ഓടെയായിരുന്നു അന്ത്യം. 1995-ല്‍ പഞ്ചായത്തിലേക്ക്‌ മത്സരിച്ച അവർ തലക്കുളത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി. രണ്ടായിരത്തില്‍ തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷയായും 2005-ല്‍ ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായും തെരഞ്ഞെടുത്തു. 2010-ലും 2020-ലും കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ സ്ഥാനം രാജിവെച്ചത്. ചികിത്സയിൽ കഴിയുമ്പോഴും മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങളിൽ സജീവമായി ഇടപ്പെട്ടു. കുറ്റ്യാടി നടുവിലക്കണ്ടി വീട്ടിൽ പരേതരായ ടി കെ ആലിയുടേയും മറിയത്തിൻ്റെയും മകളാണ്. ഭർത്താവ്: കെ അബ്ദുറഹ്മാൻ. മക്കൾ: ഐറിജ്റഹ്മാൻ (യു.എസ്എ), അനൂജ സുൈഹബ് (ന്യൂനപക്ഷ കോര്‍പ്പറേഷൻ ഓഫീസ്, കോഴിക്കോട്). മരുമക്കൾ: സുഹൈബ്, തേജു. സഹോദരങ്ങൾ: ജമാൽ, നസീർ, റാബിയ, കരീം (ഗൾഫ്), പരേതയായ ആസ്യ.

0Shares