
കാഞ്ഞങ്ങാട് / കാസർകോട്: ഓവുചാലില്‍ വീണ് ദേഹം നിറയെ ചെളിയുമായി പരിക്കുകളോടെ ഭര്‍ത്താവിനെ അവശ നിലയില്‍ കണ്ട ഭാര്യ കുഴഞ്ഞു വീണ് മരിച്ചത് നാടിനെ ദുഖത്തിലാക്കി. കാഞ്ഞങ്ങാട് ശ്രീകൃഷ്‌ണ ക്ഷേത്രത്തിന് സമീപത്തെ മീര കാംദേവ് (65) ആണ് മരിച്ചത്. വെള്ളിയാഴ്‌ചയാണ് ദുഖകരമായ സംഭവം ഉണ്ടായത്. ഭര്‍ത്താവ് എച്ച്.എന്‍. കാംദേവിന് ക്ഷേത്രത്തിന് സമീപത്തെ സംസ്ഥാന പാതയോട് ചേര്‍ന്ന ഓവുചാലില്‍ വീണാണ് പരിക്കേറ്റത്.
റേഷന്‍ കടയില്‍ പോയി മടങ്ങി വരുന്നതിനിടെയാണ് ഓവുചാലിലേക്ക് വീണത്. ഓവുചാലിൻ്റെ ചിലയിടങ്ങളില്‍ മാത്രമാണ് സ്ലാബുള്ളത്.

അബദ്ധത്തില്‍ ഓവുചാലില്‍ വീണ കാംദേവിനെ പരിസരവാസികള്‍ പുറത്തെടുക്കുക ആയിരുന്നു. കൈമുട്ടിന് പരിക്കേറ്റിരുന്നു. ഉടന്‍ കാറില്‍ വീട്ടിൽ എത്തിക്കുക ആയിരുന്നു.
ചെളിപുരണ്ട നിലയില്‍ കാംദേവിനെ അവശനായി കണ്ടതോടെ മീര കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ സ്വകാര്യാ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാഗേഷ് (കാനഡ), ദീപാ രമേഷ് (ചെന്നൈ), ശില്‍പ വിഷ്‌ണു (ദുബായ്) എന്നിവർ മക്കളാണ്. സന്ധ്യ, ആര്‍.രമേഷ്, വിഷ്‌ണു രാജശേഖരന്‍ മരുമക്കളാണ്. ചന്ദ്രന്‍, വിവേക്, വേണി, ശശികല എന്നിവർ സഹോദരങ്ങളാണ്. മീര കാംദേവിൻ്റെ അപ്രതീക്ഷിത വിയോഗത്തിൽ കുടുംബവും നാട്ടുകാരും ദുഃഖത്തിലായി.
