പ്രവാസി യുവതി ജീവനൊടുക്കിയ കേസില്‍ കൂട്ടുകാരിക്കെതിരെ പൊലീസ് അന്വേഷണം; വീട് ജപ്‌തിക്ക് ഇടയാക്കിയ വിശ്വാസ വഞ്ചനയാണ് ആത്മഹത്യക്ക് കാരണം

  • Post category:Kerala / national / news
  • Reading time:2 mins read
You are currently viewing പ്രവാസി യുവതി ജീവനൊടുക്കിയ കേസില്‍ കൂട്ടുകാരിക്കെതിരെ പൊലീസ് അന്വേഷണം; വീട് ജപ്‌തിക്ക് ഇടയാക്കിയ വിശ്വാസ വഞ്ചനയാണ് ആത്മഹത്യക്ക് കാരണം

മംഗളൂരു: ഉള്ളാള്‍ ഫറങ്കിപ്പേട്ട സ്വദേശിനിയായ അശ്വിനി(25) ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. അശ്വിനിയുടെ കൂട്ടുകാരിയായ സംഗീതയുടെ ഭാഗത്തുനിന്നുണ്ടായ കടുത്ത വിശ്വാസ വഞ്ചനയാണ് ആത്മഹത്യക്ക് കാരണമെന്ന് വ്യക്തമായി. സംഗീതയെ കേന്ദ്രീകരിച്ചാണ് ഉള്ളാള്‍ പൊലീസ് അന്വേഷണം നടത്തുന്നത്. സംഗീതയില്‍ നിന്ന് അശ്വിനി വാങ്ങിയ കുംപള ചിത്രാഞ്ജലിനഗറിലെ പുതിയ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളിലാണ് അശ്വിനി തൂങ്ങിമരിച്ചത്.

വ്യാഴാഴ്ച രാവിലെയാണ് അശ്വിനിയെ വീട്ടിനകത്തെ കിടപ്പുമറിയില്‍ ഫാനില്‍ സാരി കുരുക്കി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. അശ്വിനി എഴുതിയ 24 പേജുള്ള ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചിരുന്നു. പുതിയ വീട്ടില്‍ ഗൃഹപ്രവേശന ചടങ്ങ് നടന്ന ദിവസം ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തുകയും ജപ്‌തി ഭീഷണി മുഴക്കുകയും ചെയ്‌തിരുന്നു. ഇതോടെ മാനസികമായി തകര്‍ന്ന് അശ്വിനി ആത്മഹത്യ ചെയ്‌തുവെന്നാണ് പൊലീസ് പറയുന്നത്.

ദുബായില്‍ ജോലി ചെയ്‌തിരുന്ന അശ്വിനി ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. ദുബായില്‍ ജോലി ചെയ്‌തിരുന്ന കാലത്ത് സംഗീത എന്ന യുവതിയെ അശ്വിനി പരിചയപ്പെട്ടിരുന്നു. ഇരുവരും അടുത്ത സുഹൃത്തുക്കളായി. ഇതിനിടെയാണ് ചിത്രാഞ്ജലി നഗറിലെ തൻ്റെ പുതിയ വീട് വില്‍ക്കാനുള്ള താല്‍പ്പര്യം അശ്വിനിയെ സംഗീത അറിയിച്ചത്. എന്നാല്‍ വീടിൻ്റെ പേരില്‍ ബാങ്കില്‍ വന്‍ കടബാധ്യതയുള്ള കാര്യം സംഗീത അശ്വിനിയെ അറിയിച്ചു. സംഗീത ബാങ്കില്‍ 18 ലക്ഷം രൂപ ഭവന വായ്‌പയായി അടക്കാനുണ്ട്. ഇക്കാര്യത്തില്‍ രണ്ടുപേരും ധാരണയുണ്ടാക്കി. അശ്വിനിയില്‍ നിന്ന് ഏഴുലക്ഷം രൂപ മുന്‍കൂറായി വാങ്ങി. വായ്‌പയുടെ ഇ.എം.ഐ ബാങ്കില്‍ അടയ്ക്കാന്‍ സംഗീതയ്ക്ക് എട്ട് മാസത്തേക്ക് എല്ലാ മാസവും 17,000 രൂപയും അശ്വിനി നല്‍കിയിരുന്നു.

ജൂണ്‍ അഞ്ചിന് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ഗൃഹപ്രവേശ ചടങ്ങ് നടന്നു. ബന്ധുക്കള്‍ വീട്ടിലിരിക്കുമ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ എത്തി വായ്‌പ തിരിച്ചടച്ചില്ലെങ്കില്‍ വീട് ജപ്‌തി ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി. ഒരു വര്‍ഷമായി ഇ.എം.ഐ അടയ്ക്കുന്നില്ലെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞപ്പോഴാണ് താന്‍ നല്‍കിയ പണം കൂട്ടുകാരി അടച്ചിട്ടില്ലെന്ന് അശ്വനിക്ക് മനസിലായത്. ചെറുപ്പത്തില്‍ തന്നെ വീടുവാങ്ങിയെന്ന അഭിമാനത്തോടെ ബന്ധുക്കള്‍ക്ക് മുന്നില്‍ നിന്ന അശ്വിനി ഇതോടെ ഇവര്‍ക്ക് മുന്നില്‍ അപമാനിതയായി കുഴഞ്ഞുവീണു.

ജൂണ്‍ എട്ടിന് ബാങ്കിലെത്താന്‍ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരുന്നു. നിരാശയായ അശ്വിനി ജൂണ്‍ 8ന് ബാങ്ക് ജീവനക്കാരെ അഭിമുഖീകരിക്കുന്നതില്‍ ആശങ്കാകുലയായിരുന്നു. ജൂണ്‍ ഏഴിന് രാത്രി അശ്വിനി പുതിയ വീട്ടിലെ കിടപ്പുമുറിക്കുള്ളിലിരുന്ന് ആത്മഹത്യാ കുറിപ്പ് എഴുതിയ ശേഷം ജീവനൊടുക്കുകയാണ് ഉണ്ടായതെന്നാണ് പ്രാഥമിക വിവരമെന്ന് പോലീസ് പറയുന്നു.

0Shares