
By Peethambaran Kuttikol
കാസർകോട്: നഗരത്തിൻ്റെ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളുന്നത് നിർബാധം തുടരുന്നത് ഭീതിയിലാക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യാതെ പലേടത്തും കുന്നുകൂടി കിടക്കുകയാണ്. കാലവർഷം ശക്തി പ്രാപിക്കുന്നതോടെ മാരക പകർച്ച വ്യാധികൾ പടർന്നു പിടിക്കാൻ ഇടയാക്കുമെന്ന ആശങ്കയിലാണ് ജനങ്ങൾ. സ്വച്ഛ് ഭാരത് അഭിയാൻ, മാലിന്യമുക്ത കേരളം തുടങ്ങിയ സ്വപ്‌ന പദ്ധതികൾ നടപ്പിലാക്കാൻ സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർ പ്രചാരണ പ്രവർത്തങ്ങൾ നടത്തുമ്പോഴും സാമൂഹ്യ ദ്രോഹികളുടെ മാലിന്യം വലിച്ചെറിയൽ നാടിന് ദുരിതമാകുന്നു.
ദേശീയ- സംസ്ഥാന പാതകളുടെ ഇരുഭാഗത്തും വൻതോതിൽ മാലിന്യങ്ങൾ തള്ളുന്നുണ്ട്. നായക്‌സ് റോഡ്, ബാങ്ക് റോഡ്, അശ്വനി നഗർ, കറന്തക്കാട്, തായലങ്ങാടി, ഫോർട്ട് റോഡ്, ചന്ദ്രഗിരി റോഡ്, അണങ്കൂർ തുടങ്ങിയ ഭാഗങ്ങളിൽ പ്ലാസ്റ്റിക് ഉൾപ്പെടയുള്ള മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നു.

രാത്രിയിൽ വാഹനങ്ങളിൽ കൊണ്ടുവന്ന് ഭക്ഷ്യവശിഷ്ടങ്ങൾ നിക്ഷേപിക്കുന്നതും തടയാൻ കഴിയുന്നില്ല. പൊതുസ്ഥലത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് ഉണ്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന അനാസ്ഥയാണ് ഇത്തരം സാമൂഹ്യ ദ്രോഹങ്ങൾ തുടരാൻ ഇടയാക്കുന്നതെന്നും ആക്ഷേപമുണ്ട്.
നഗരസഭയുടെ മാലിന്യ സംസ്‌കരണ പദ്ധതികൾ മിക്കതും കടലാസ്സിൽ ഒതുങ്ങുകയാണ്. മുഖം മിനുക്കൽ പരിപാടിയാണ് നടക്കുന്നതെന്നാണ് പറയുന്നത്. നഗരത്തിൻ്റെ ആളൊഴിഞ്ഞ പ്രദേശങ്ങളിൽലും വ്യാപകമായി മാലിന്യങ്ങൾ നിക്ഷേപിക്കുന്നു. ഇവയൊന്നും നീക്കം ചെയ്യാതെ കുമിഞ്ഞുകൂടി കിടക്കുകയാണ്. ആധുനിക രീതിയിലുള്ള സംസ്‌കരണ സംവിധാനങ്ങൾ നിലവിലില്ലാത്തതും പ്രതിസന്ധിക്ക് ഇടയാക്കുന്നു.
