Categories
health Kerala news trending

കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്നു; കൂടെ സാംക്രമിക രോഗങ്ങളും; ജാഗ്രത പാലിക്കണമെന്ന് ആരേഗ്യ മന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദേശം

തിരുവനന്തപുരം: കൊവിഡ് ഉള്‍പ്പെടെയുള്ള സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരേഗ്യ മന്ത്രി. മറ്റു രാജ്യങ്ങളില്‍ നിലവിൽ കൊവിഡ് കേസുകള്‍ വന്‍തോതില്‍ റിപോര്‍ട്ട് ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ കേരളത്തിലും ജാഗ്രത വേണം. ജില്ലകള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടേയും സര്‍വൈലന്‍സ് ഓഫീസര്‍മാരുടേയും യോഗത്തില്‍ സംസാരിക്കവേ മന്ത്രി നിര്‍ദേശിച്ചു. ഏതെങ്കിലും മേഖലയില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നുണ്ടോയെന്ന് കണ്ടെത്തി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണം. ജില്ലകള്‍ കൃത്യമായി കൊവിഡ് കേസുകള്‍ റിപോര്‍ട്ട് ചെയ്യണമെന്ന നിര്‍ദേശവും മന്ത്രി പുറപ്പെടുവിച്ചു. 273 കൊവിഡ് കേസുകളാണ് മേയ് മാസത്തില്‍ സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്തത്. കോട്ടയം ജില്ലയില്‍-82, തിരുവനന്തപുരം-73, എറണാകുളം-49, പത്തനംതിട്ട-30, തൃശൂര്‍-26 എന്നിങ്ങനെയാണിത്.

സാംക്രമിക രോഗങ്ങള്‍ക്കെതിരെ സ്വയം പ്രതിരോധം പ്രധാനമാണ്. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. പ്രായമായവരും, ഗര്‍ഭിണികളും, ഗുരുതര രോഗമുള്ളവരും പൊതുഇടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കുന്നത് നല്ലതാണ്. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമായും ഉപയോഗിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കണം. ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കൈകള്‍ കഴുകണം. ജില്ലകള്‍തോറും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. കോളറ, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) എന്നീ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കുടിവെള്ളം മലിനമാക്കുന്നവര്‍ക്കെതിരെ പൊതുജനാരോഗ്യ നിയമ പ്രകാരം നടപടി സ്വീകരിക്കണം. ഹെപ്പറ്റൈറ്റിസ് എ ബാധിക്കുന്നവര്‍ രോഗം പകരാന്‍ സാധ്യതയുള്ള കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി അറിയിച്ചു. എന്‍ എച്ച് എം സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest