
പാലക്കാട്: പ്രാഥമിക സഹകരണ സംഘങ്ങള്‍ക്ക് പകരം കാര്‍ഷിക മേഖലയുടെ വികസനത്തിന് കര്‍ഷക ഉല്‍പാദന കമ്പനികള്‍ (എഫ്.പി.ഒ) എന്ന പുതിയ ആശയവുമായി സംസ്ഥാന സര്‍ക്കാര്‍. കേരള ബാങ്കിൻ്റെ സാമ്പത്തിക സഹായത്തോടെ സംസ്ഥാനത്ത് 100 കാര്‍ഷിക ഉല്‍പാദക കമ്പനികള്‍ രൂപവത്കരിക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മള്‍ട്ടി സംഘങ്ങള്‍ രൂപവത്കരിച്ച് കേന്ദ്ര സര്‍ക്കാറും ബി.ജെ.പിയും സഹകരണ കാര്‍ഷിക മേഖലയില്‍ നടത്തുന്ന ഇടപെടലുകളെ പ്രതിരോധിക്കുകയാണ് പുതിയ നീക്കത്തിന് പിന്നിലെന്നാണ് സൂചന.

മുന്‍ മന്ത്രി എ.സി. മൊയ്തീന്‍ നിയമസഭയില്‍ അവതരിപ്പിച്ച സ്വകാര്യ ബില്ലിൻ്റെ ചുവടുപിടിച്ചാണ് എഫ്.പി.ഒ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്. കേരള ബാങ്കിൻ്റെ നേതൃത്വത്തിലായിരിക്കും പഞ്ചായത്ത് തലങ്ങളില്‍ കമ്പനികളുടെ രൂപവത്കരണം. നിലവിലെ പ്രാഥമിക ബാങ്കുകളെ (പ്രൈമറി സഹകരണ സംഘം) മള്‍ട്ടി സര്‍വിസ് സെൻ്റെറുകളാക്കണമെന്നാണ് നബാര്‍ഡ് നിര്‍ദേശം.
സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകളും സംരംഭക ഗ്രൂപ്പുകളും തുടങ്ങണമെന്നാണ് കേന്ദ്ര നിര്‍ദേശം. ഇത്തരം സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുമെന്ന് നബാര്‍ഡ് പ്രഖ്യാപിച്ചിരുന്നു. സഹകരണ സംഘങ്ങള്‍ക്ക് കീഴില്‍ സ്വാശ്രയ ഗ്രൂപ്പുകള്‍ എന്ന ആശയമാണ് ദേശീയ സഹകരണ വികസന കോര്‍പറേഷന്‍ (എന്‍.സി.ഡി.സി) മുന്നോട്ടു വെക്കുന്നത്. കേന്ദ്ര സഹകരണ മന്ത്രാലയം മള്‍ട്ടി സഹകരണ സംഘങ്ങള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കുന്ന നടപടികളുമായി ത്വരിതഗതിയില്‍ മുന്നോട്ടു പോകുമ്പോഴാണ് എഫ്.പി.ഒ എന്ന പുതിയ ദൗത്യത്തിന് സംസ്ഥാന സര്‍ക്കാര്‍ നീക്കമാരംഭിച്ചത്.
ഒരു കര്‍ഷക ഉല്‍പാദക സംഘത്തില്‍ ചുരുങ്ങിയത് 300 അംഗങ്ങളെ ഉള്‍പ്പെടുത്തുമെന്നും തൊഴില്‍ രംഗത്ത് ഇത് സുപ്രധാന വഴിത്തിരിവാകുമെന്നും കേരള ബാങ്ക് അധികൃതര്‍ പറയുന്നു. പദ്ധതിക്ക് 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. അതേസമയം, പുതിയ ഉല്‍പാദക കമ്പനികള്‍ പ്രാഥമിക ബാങ്കുകളെ അപ്രസക്തമാക്കുമെന്ന വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. കേരള ബാങ്കിൻ്റെ ബിസിനസ് കറസ്‌പോണ്ടന്റ് എന്ന നിലയിലേക്ക് പ്രാഥമിക ബാങ്കുകള്‍ മാറുമെന്നും കേരളത്തിലെ പ്രാഥമിക ബാങ്കുകളുടെ നിലനില്‍പ് അപകടത്തിലാകുമെന്നും ബാങ്ക് ജീവനക്കാര്‍ ചൂണ്ടിക്കാട്ടുന്നു. പ്രാഥമിക ബാങ്കുകള്‍ക്കൊപ്പം ഈ കമ്പനികള്‍ കൂടി കേരള ബാങ്കിൻ്റെ വായ്‌പ വിതരണത്തിൻ്റെ ഭാഗമാകും.
