
ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ഡി.ജി.പി സർക്കുലർ അയച്ചെന്നു സർക്കാർ ഹൈക്കോടതിയിൽ. അനധികൃത ഫ്ളക്സ് ബോർഡുകളും കൊടിതോരണങ്ങളും സ്ഥാപിക്കുന്നതിനെതിരേ സ്വമേധയാ പരിഗണിക്കുന്ന ഹർജി പരിഗണിക്കവെയാണ് സർക്കാർ ഇക്കാര്യമറിയിച്ചത്. ഫ്ളക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് ചൂണ്ടിക്കാട്ടി ഡി.ജി.പി ലോക്നാഥ് ബെഹ്റ എല്ലാ പോലീസ് സ്റ്റേഷനുകളിലേക്കും സർക്കുലർ അയച്ചെന്നാണ് സർക്കാർ അറിയിച്ചത്.

ഫ്ളക്സ് ബോർഡുകൾ മാറ്റണമെന്ന് റോഡ് സുരക്ഷാ അതോറിറ്റി ഉത്തരവിറക്കിയെന്നും സർക്കാർ അറിയിച്ചു. യാത്രക്കാരുടെ ശ്രദ്ധയാകർഷിക്കുന്നതും, ഫുട്പാത്തുകൾ കൈയടക്കിയുള്ളതുമായ ഫ്ളക്സുകളും ഇതിൽ ഉൾപ്പെടുന്നു.അനധികൃത ബോർഡും ബാനറുകളും സ്ഥാപിക്കുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കണമെന്നും വീഴ്ച വരുത്തുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും വ്യക്തമാക്കി ഡി.ജി.പി സർക്കുലർ ഇറക്കണമെന്നു നേരത്തെ ഹർജി പരിഗണിക്കവെ ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.
പൊതുസ്ഥലത്തെ അനധികൃത ബോർഡുകളും കൊടി തോരണങ്ങളും 15 ദിവസത്തിനുള്ളിൽ മാറ്റാൻ നിർദേശിക്കണമെന്നും ഇതിൽ വീഴ്ച വരുത്തിയാൽ സ്ഥാപിച്ച വ്യക്തികൾക്കെതിരേ ശിക്ഷാനടപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.പൊതുസ്ഥലത്ത് അനധികൃതമായി കൊടിതോരണങ്ങളും ബോർഡുകളും സ്ഥാപിക്കുന്നത് കൈയേറ്റമാണെന്ന് വിലയിരുത്തി നടപടിയെടുക്കാൻ കഴിയുമെന്നും ഒരു ലക്ഷം രൂപ വരെ പിഴയും അഞ്ചു വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണിതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.
