
അജാനൂർ: മാലിന്യ മുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി അജാന്നൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യമുക്തമായി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ടി ശോഭ പ്രഖ്യാപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനവും ഹരിത കേരള മിഷനും നടത്തിയ ഹരിത വിലയിരുത്തലിൽ 433 അയൽക്കൂട്ടങ്ങൾ, 38 അംഗണവാടികൾ, 11 സ്ഥാപനങ്ങൾ, 22 വിദ്യാലയങ്ങൾ എന്നിവ ഹരിത പദവി നേടി. വെള്ളിക്കോത്ത്, മടിയൻ, രാവണേശ്വരം, കിഴക്കൻകര, മാവുങ്കാൽ എന്നിവ ഹരിത പൊതുസ്ഥലങ്ങളും നോർത്ത് കോട്ടച്ചേരി, മാണിക്കോത്ത് എന്നിവ ഹരിത ടൗണുകളുമായി മാറ്റുന്നതിന് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കി. ജൈവമാലിന്യ സംസ്കരണ സംവിധാനത്തിനായി 3419 വീടുകളിൽ മാലിന്യ സംസ്കരണ ഉപാധികളും സോക്ക് പിറ്റ് കളും സ്ഥാപിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി പി ഷൈജു സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് കെ. സബീഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷരായ മീന കെ, കൃഷ്ണൻ മാസ്റ്റർ, ഷീബ ഉമ്മർ, ഹരിത കേരളം മിഷൻ റിസോഴ്സ് പേഴ്സൺ കെ. ബാലചന്ദ്രൻ മാസ്റ്റർ, ഡോ.അനിൽകുമാർ, മൂലകണ്ടം പ്രഭാകരൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മധു എം.പി, കെ. രവീന്ദ്രൻ എന്നിവർ സംസാരിച്ചു. മാലിന്യമുക്ത പ്രതിജ്ഞ ജെ.എച്ച്.ഐ ശ്രീനിവാസൻ ചൊല്ലി കൊടുത്തു. വി.ഇ.ഒ പ്രകാശൻ എം.വി നന്ദി പ്രകാശിപ്പിച്ചു.
