Trending News





ന്യൂഡല്‍ഹി: പുതിയ വര്‍ഷസാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് നിരവധി മാറ്റങ്ങളാണ് ജനുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വന്നത്.
Also Read
ദേശീയ പെന്‍ഷന്‍ പദ്ധതി
ദേശീയ പെന്‍ഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ചട്ടം നിലവില്‍ വന്നു. ഇതനുസരിച്ച് ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് ഭാഗികമായി പണം പിന്‍വലിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ ബന്ധപ്പെട്ട നോഡല്‍ ഓഫീസറിന് അപേക്ഷ നല്‍കേണ്ടതാണ്. പണം പിന്‍വലിക്കുന്നതിനുള്ള കാരണം വ്യക്തമാക്കുന്ന രേഖകളും ഹാജരാക്കേണ്ടതാണ്. മക്കളുടെ വിവാഹം, മക്കളുടെ ഉന്നത വിദ്യാഭ്യാസം, ഭവന നിര്‍മ്മാണം, ചികിത്സ എന്നി പ്രത്യേക കാരണങ്ങള്‍ക്ക് മാത്രമേ ദേശീയ പെന്‍ഷന്‍ പദ്ധതിയില്‍ നിന്ന് പണം ഭാഗികമായി പിന്‍വലിക്കാന്‍ അനുവദിക്കുകയുള്ളൂ
മ്യൂച്ചല്‍ ഫണ്ട്
മ്യൂച്ചല്‍ ഫണ്ടുമായി ബന്ധപ്പെട്ട കെവൈസി വ്യവസ്ഥകളാണ് പരിഷ്‌കരിച്ചത്. ഇതനുസരിച്ച് ബാങ്ക് സ്റ്റേറ്റ്‌മെന്റ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ കോപ്പി മേല്‍വിലാസം തെളിയിക്കുന്നതിനുള്ള രേഖയായി ഇനിമുതല്‍ സ്വീകരിക്കില്ല.
വ്യക്തിഗത മ്യൂച്ചല്‍ ഫണ്ട് നിക്ഷേപകര്‍ക്കാണ് ഇത് ബാധകം. ഹിന്ദു അവിഭക്ത കുടുംബത്തിന് കെവൈസി ചട്ടങ്ങളുമായി ബന്ധപ്പെട്ട് മേല്‍വിലാസം തെളിയിക്കുന്നതിന് ബാങ്ക് സ്റ്റേറ്റ്‌മെന്റ് കാണിക്കാം. പാസ് പോര്‍ട്ട്, വോട്ടേഴ്‌സ് ഐ.ഡി, ഡ്രൈവിങ് ലൈസന്‍സ്, തുടങ്ങിയ രേഖകള്‍ തുടര്‍ന്നും കെവൈസി വ്യവസ്ഥകള്‍ പാലിക്കാന്‍ ഉപയോഗിക്കാവുന്നതാണ്.
ഇന്‍ഷുറന്‍സ് പോളിസികള്‍
പുതിയ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്നതിന് മുമ്പ് എല്ലാ ഉപഭോക്താക്കളും കെവൈസി രേഖകള്‍ ഹാജരാക്കണം. വ്യത്യസ്ത പോളിസികള്‍ വില്‍ക്കുന്നതിന് മുമ്പ് ഉപഭോക്താവിൻ്റെ കെവൈസി രേഖകള്‍ സൂക്ഷ്‌മമായി പരിശോധിക്കുമെന്ന് ഐ.ആര്‍.ഡി.എ.ഐ അറിയിച്ചു.
പുതിയ ബാങ്ക് ലോക്കര്‍ ചട്ടം
കൈയിലുള്ള വിലപ്പിടിച്ച വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഉപഭോക്താക്കള്‍ സാധാരണയായി ബാങ്ക് ലോക്കറിനെയാണ് ആശ്രയിക്കുന്നത്. ലോക്കറിൻ്റെ സുരക്ഷ വര്‍ധിപ്പിക്കാനും ഉപഭോക്താവിൻ്റെ താത്പര്യം സംരക്ഷിക്കാനും റിസര്‍വ് ബാങ്ക് രണ്ടുവര്‍ഷം മുമ്പാണ് മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്.

ഇതനുസരിച്ച് ജനുവരി ഒന്നിന് മുമ്പ് 2023 വര്‍ഷത്തെ ലോക്കറുമായി ബന്ധപ്പെട്ട കരാറില്‍ ലോക്കര്‍ ഉടമയുമായി ബാങ്ക് ഏര്‍പ്പെടേണ്ടതാണ്. കരാറില്‍ നീതിയുക്തമല്ലാത്ത ഒരു വ്യവസ്ഥയും കടന്നുകൂടിയിട്ടില്ലെന്ന് ഉറപ്പാക്കണം. ലോക്കര്‍ ഉടമയെ ഉപദ്രവിക്കുന്ന തരത്തിലുള്ളതാവരുത് കരാര്‍ എന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ലോക്കറില്‍ സൂക്ഷിച്ചിരുന്ന വസ്തുക്കളില്‍ ഏതെങ്കിലും നഷ്ടപ്പെട്ടാല്‍ നഷ്ടപരിഹാരം നല്‍കാന്‍ ബാങ്ക് ബാധ്യസ്ഥമാണെന്ന് വ്യക്തമാക്കുന്ന ആര്‍.ബി.ഐയുടെ പുതുക്കിയ മാര്‍ഗനിര്‍ദേശം 2021 ഓഗസ്റ്റിലാണ് പുറത്തിറങ്ങിയത്. 2022 ജനുവരി ഒന്നുമുതലാണ് ഇത് പ്രാബല്യത്തില്‍ വന്നത്. ലോക്കറിൻ്റെ സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണെന്ന് നിഷ്‌കര്‍ഷിക്കുന്നതാണ് പുതിയ വ്യവസ്ഥ.
ലോക്കറില്‍ നിന്ന് എന്തെങ്കിലും നഷ്ടപ്പെട്ടാല്‍ ലോക്കറിൻ്റെ വാര്‍ഷിക വാടകയുടെ നൂറുമടങ്ങുവരെ ഉപഭോക്താവിന് ബാങ്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
ലോക്കര്‍ സ്ഥാപിച്ചിരിക്കുന്ന കെട്ടിടത്തില്‍ സുരക്ഷ ഉറപ്പാക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണ്. ബാങ്കിൻ്റെ വീഴ്‌ച മൂലം കവര്‍ച്ച സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കേണ്ടത് ബാങ്കിൻ്റെ ഉത്തരവാദിത്തമാണെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
ലോക്കര്‍ അനുവദിക്കുന്നതില്‍ സുതാര്യത ഉറപ്പാക്കണം. ഒഴിഞ്ഞ് കിടക്കുന്ന ലോക്കറിൻ്റെ എണ്ണം പ്രദര്‍ശിപ്പിക്കണം. ലോക്കര്‍ അപേക്ഷയുടെ രശീത് നല്‍കുകയും വെയ്റ്റിങ് ലിസ്റ്റിൻ്റെ വിശദാംശങ്ങള്‍ ഉപഭോക്താവിനെ അറിയിക്കുകയും വേണം. ലോക്കര്‍ അനുവദിക്കുന്നതിന് മുമ്പ് ബാങ്കും ഉപഭോക്താവും തമ്മില്‍ കരാറില്‍ എത്തണം. ലോക്കര്‍ റൂമുകളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ സി.സി.ടി.വി ക്യാമറകള്‍ സ്ഥാപിക്കണം. 180 ദിവസത്തെ സി.സി.ടി.വി ഡേറ്റ സൂക്ഷിക്കണം. ക്രമക്കേട് നടന്നാല്‍ എളുപ്പം പരിശോധന നടത്തുന്നതിന് വേണ്ടിയാണ് ഇത്രയും ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡേറ്റ സൂക്ഷിക്കാന്‍ നിര്‍ദേശിക്കുന്നത്.
ലോക്കര്‍ ആവശ്യമുള്ളവര്‍ ടേം ഡെപ്പോസിറ്റ് ആരംഭിക്കണം. ലോക്കറിന് മൂന്ന് വര്‍ഷത്തേയ്ക്ക് നല്‍കുന്ന തുകയ്ക്ക് തുല്യമായ ടേം ഡെപ്പോസിറ്റ് ആണ് ആരംഭിക്കേണ്ടത്. ലോക്കറിന് മൂന്ന് വര്‍ഷത്തേക്കാള്‍ കൂടുതല്‍ വാടക മുന്‍കൂട്ടി ഈടാക്കരുത്. മുന്‍കൂട്ടി പണം അടച്ചശേഷം ലോക്കര്‍ സേവനം അവസാനിപ്പിക്കാന്‍ ഉപഭോക്താവ് തയ്യാറായാല്‍, ശേഷിക്കുന്ന കാലയളവിലുള്ള വാടക തുകയ്ക്ക് ആനുപാതികമായ തുക മടക്കി നല്‍കണം. ബാങ്ക് ലോക്കര്‍ തുറക്കുന്ന സമയത്ത് എസ്.എം.എസ്, ഇ-മെയില്‍ വഴി ബാങ്ക് ഉപഭോക്താവിനെ അറിയിക്കണം. ബാങ്ക് തുറന്ന സമയവും തീയതിയും അറിയാന്‍ ഉപഭോക്താവിന് ഇത് സഹായകമാകുമെന്നും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.

Sorry, there was a YouTube error.