Categories
ശശി തരൂരിൻ്റെ പേര് കോൺഗ്രസ് ഒഴിവാക്കിയപ്പോൾ മോദി സർക്കാർ പരിഗണിച്ചു; സര്‍വ്വകക്ഷി പ്രതിനിധി സംഘത്തെ നയിക്കുന്ന ചുമതലയും തരൂരിന്; വൻ ട്വിസ്റ്റ്
Trending News





ഡൽഹി: പാകിസ്ഥാൻ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂറും തുടർന്നുണ്ടായ പോരാട്ടവും വിശദീകരിക്കാന്‍ ഇന്ത്യയിൽ നിന്നുള്ള സർവ്വകക്ഷി പ്രതിനിധി സംഘങ്ങൾ വിദേശ രാജ്യങ്ങൾ സന്ദർശിക്കും. ഇതിൻ്റെ ഭാഗമായി കേന്ദ്രം, കോൺഗ്രസ് പാർട്ടിക്ക് വ്യക്തികളുടെ പേരുകൾ നിർദേശിക്കാൻ അവസരം നൽകി. പ്രതിനിധികളെ നിര്‍ദേശിക്കണമെന്ന് വെള്ളിയാഴ്ചയാണ് പ്രതിപക്ഷ നേതാവിനോട് കേന്ദ്രമന്ത്രി കിരണ്‍ റിജ്ജു ആവശ്യപ്പെട്ടത്. വൈകിട്ടോടെ പ്രതിപക്ഷ നേതാവ് നാല് പേരെ നിര്‍ദേശിച്ചു. ഈ ലിസ്റ്റിൽ തരൂരിൻ്റെ പേര് ഉണ്ടായിരുന്നില്ല. ആനന്ദ് ശർമ്മ, ഗൗരവ് ഗൊഗോയ്, സയ്യിദ് നസീർ ഹുസൈൻ, രാജ ബ്രാർ എന്നിവരുടെ പേരുകളാണ് കോൺഗ്രസ് നൽകിയത്. എന്നാൽ കേന്ദ്രം പുറത്തിറക്കിയ ലിസ്റ്റിൽ ശശി തരൂരിൻ്റെ പേരാണ് ആദ്യം ഇടം പിടിച്ചത്. ഇതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. പാര്‍ട്ടി നിര്‍ദേശിക്കാത്ത തരൂരിനെ പ്രതിനിധി സംഘത്തിൽ ഉൾപെടുത്തിയതിൽ കോൺഗ്രസിൽ അതൃപ്തി പുകയുകയാണ്. തരൂരിനാണ് പ്രതിനിധി സംഘത്തെ നയിക്കാന്നുള്ള ചുമതലയും കേന്ദ്രം നൽകിയത്.
Also Read
അതേസമയം പ്രതിനിധി സംഘത്തിൽ തന്‍റെ പേര് ഉൾപ്പെടുത്തിയ കേന്ദ്രസർക്കാരിനോട് ശശിതരൂർ നന്ദി രേഖപ്പെടുത്തി. സർവ്വകക്ഷി സംഘത്തെ നയിക്കാനുള്ള അവസരം ലഭിച്ചത് ബഹുമതിയായി കരുതുന്നുണ്ടെന്ന് തരൂർ എക്സിലൂടെ വ്യക്തമാക്കി. ‘അടുത്തിടെയുണ്ടായ സംഭവങ്ങളെക്കുറിച്ച് നമ്മുടെ രാജ്യത്തിൻ്റെ ഭാഗം വിശദീകരിക്കാന്‍ സര്‍വ്വകക്ഷിപ്രതിനിധി സംഘത്തെ നയിക്കാനുള്ള കേന്ദ്രസര്‍ക്കാരിൻ്റെ ക്ഷണത്തില്‍ ഞാന്‍ അഭിമാനിക്കുന്നു. ദേശീയതാല്‍പര്യം ഉയര്‍ന്നുവരികയും എൻ്റെ സേവനം അനിവാര്യമാവുകയും ചെയ്യുമ്പോള്‍ അതിനായി കാത്തിരിക്കുകയോ ആവശ്യപ്പെടുകയോ ചെയ്യില്ല. ജയ്ഹിന്ദ്’, എന്നാണ് തരൂര്‍ എക്‌സില്‍ കുറിച്ചത്.
വിദേശ രാജ്യങ്ങളിലെ തരൂരിൻ്റെ പ്രവർത്തനം കണക്കിലെടുത്താണ് കേന്ദ്ര സർക്കാർ ചുമതല നൽകിയത്. വിദേശ കാര്യ പാര്‍ലമെന്ററി സമിതിയുടെ ചെയര്‍മാന്‍, വിദേശകാര്യ വിഷയങ്ങളിലെ അഗാധമായ പ്രാവീണ്യം, യു.എന്നിലെ പരിചയം, വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയത്തില്‍ കൂടുതല്‍ വ്യക്തത, തുടങ്ങിയ ഘടകങ്ങളാണ് ശശി തരൂരിനെ സംഘ തലവനായി ചുമതലയേല്‍പ്പിക്കാനുള്ള പ്രധാന കാരണങ്ങൾ. എന്നാൽ ഈ കാര്യങ്ങൾ പരിഗണിച്ച് കോൺഗ്‌സ് തരൂരിനെ നിർദേശിക്കും എന്നാണ് കേന്ദ്രം കരുതിയത്. അത് ഇല്ലാതെ വന്നതോടെയാണ് കേന്ദ്രം തരൂരിന് പരിഗണന നൽകിയത് എന്നാണ് വിവരം. എന്നാൽ ഇത് ബി.ജെ.പിയുടെ രാഷ്ട്രീയ അടവെന്നാണ് ഒരു വിഭാഗം പറയുന്നത്. തരൂരിന് ബി.ജെ.പി യിലേക്കുള്ള വഴി എന്നാണ് പൊതു വിലയിരുത്തൽ. പാർട്ടി തഴയുമ്പോൾ ബി.ജെ.പി കൂടെ നിർത്തുന്നതും രാഷ്ട്രീയമാണ്.
മെയ് 22 മുതല്‍ ജൂണ്‍ 10 വരെ നീണ്ടു നില്‍ക്കുന്ന യാത്രയാണ് കേന്ദ്രം പദ്ധതിയിട്ടിരിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടിയുടെ എം.പിമാരെ പല ഗ്രൂപ്പായി തിരിച്ച് വിടാനാണ് കേന്ദ്രത്തിൻ്റെ തീരുമാനം. ആദ്യ സംഘത്തിൻ്റെ തലവനായാണ് ശശി തരൂരിനെ കൊണ്ടുവരാന്‍ തീരുമാനിച്ചിരിക്കുന്നത്. അമേരിക്ക, ലാറ്റിനമേരിക്ക, യൂറോപ്പ്, ഗള്‍ഫ് മേഖലകളടക്കമുള്ള അന്‍പതോളം രാജ്യങ്ങളിലേക്കാണ് പാര്‍ലമെന്ററി-നയതന്ത്ര സംഘം യാത്ര ചെയ്യാൻ സാധ്യത.

Sorry, there was a YouTube error.