
കാഞ്ഞങ്ങാട്: 60 വയസ്സിലും നാടോടി നൃത്ത രംഗത്ത് തിളങ്ങി വേലാശ്വരം വിശ്വഭാരതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് നൃത്ത ടീമിലെ 60 വയസ്സുകാരികൾ. കാഞ്ഞങ്ങാട് നഗരസഭ ആലാമപ്പിള്ളി പുതിയ ബസ്റ്റാൻഡ് പരിസരത്ത് നടത്തിയ കുടുംബശ്രീ ഭക്ഷ്യ മേളയോട് അനുബന്ധിച്ചാണ് അജാനൂർ സി.ഡി.എസ് കുടുംബശ്രീയുടെ നേതൃത്വത്തിൽ വയോജനങ്ങളായ സ്ത്രീകൾ നാടോടി നൃത്തം അവതരിപ്പിച്ച് കാണികളുടെ പ്രശംസ നേടിയത്. അജാനൂർ സി.ഡി.എസ് പ്രവർത്തകരായ വിശ്വഭാരതി ക്ലബ്ബ് അംഗങ്ങളായ ശ്യാമള, കാർത്യായണി, നാരായണി, ലക്ഷ്മി, സരോജിനി, ലക്ഷ്മി, ശാരദ, ലക്ഷ്മി എന്നീ 8 പേർ ചേർന്നാണ് നാടോടി നൃത്തം അവതരിപ്പിച്ചത്. വേലാശ്വരം വിശ്വഭാരതി ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൻ്റെ വാർഷികത്തിൻ്റെ ഭാഗമായി രാമചന്ദ്രൻ വേലാശ്വരമാണ് ഇവരെ പരിശീലിപ്പിച്ചത്. കഴിഞ്ഞ ദിവസം അജാനൂർ പഞ്ചായത്ത് നടത്തിയ വയോജന സംഗമത്തിലും ഇവർ നാടോടി നൃത്തം അവതരിപ്പിച്ചു. പരിപാടി വൻ വിജയമായതോടുകൂടി കൂടുതൽ അവസരങ്ങൾ തങ്ങളെ തേടി എത്തുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
