
ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ സ്‌കൂൾ പ്രവേശനോത്സവം വർണാഭമായി. കോവിഡ് പ്രതിസന്ധിയുടെ ഇടവേളക്ക് ശേഷം സ്‌കൂളിൽ തിരിച്ചെത്തിയ വിദ്യാർത്ഥികൾ മികവോടെ മുന്നേറാൻ സ്നേഹം പങ്കുവയ്ക്കുകയും മധുരം നുണയുകയും ചെയ്‌തു. കാസർകോട്, ഉളിയത്തടുക്ക, എസ്.പി നഗറിലെ പ്രഗതി സ്പെഷ്യൽ സ്‌കൂളിൽ നടന്ന 2022 -23 അധ്യയന വർഷത്തെ പ്രവേശനോത്സവം കാസർകോട് ഡി.എൽ.എസ്.എ സെക്രട്ടറിയും സബ് ജഡ്‌ജിയുമായ ബി.കരുണാകരൻ ഉദ്ഘാടനം ചെയ്തു.

സ്‌കൂൾ പി.ടി.എ പ്രസിഡണ്ട് ബി.മോഹനൻ അധ്യക്ഷനായി. ഡി.എൽ.എസ്.എ സെക്ഷൻ ഓഫീസർ കെ.ദിനേശ്, സ്‌കൂൾ അധ്യാപിക സജിന എം.ആർ, സാമൂഹിക പ്രവർത്തകൻ മണി തുടങ്ങിയവർ സംസാരിച്ചു. സൈക്കോളജിസ്റ്റ് പ്രിയങ്ക.പി രക്ഷിതാക്കൾക്ക് ബോധവത്കരണ ക്ലാസെടുത്തു. പ്രഗതി സ്‌കൂൾ ഡയറക്ടർ ഉദയയകുമാർ.എം സ്വാഗതവും സ്‌കൂൾ പ്രിൻസിപ്പൽ നിഷകുമാരി നന്ദിയും പറഞ്ഞു. വൈകല്യങ്ങളെയും രോഗങ്ങളെയും തോൽപ്പിച്ച കുട്ടികൾ കുഞ്ഞുപൂമ്പാറ്റകളെ പോലെ ഒത്തുകൂടി സ്‌കൂൾ മുറ്റം വൃന്ദാവനമാക്കി.

കാസർകോട് നഗരസഭയുടെ മുൻ ചെയർമാനായിരുന്ന എസ്.ജെ പ്രസാദും പ്രമുഖ വ്യാപാരിയുമായ എ.എം മുസ്‌തഫയുമാണ് പ്രഗതി സ്‌കൂളിൻ്റെ സ്ഥാപകർ. 1992 ൽ കാസർകോട് റോട്ടറി ക്ലബ് സ്‌കൂളിന് വേണ്ട സൗകര്യങ്ങൾ ചെയ്യാൻ തയ്യാറായി മുന്നോട്ടുവന്നു. കേരളത്തിൻ്റെ മുൻ അഡിഷണൽ ചീഫ് സെക്രട്ടറിയും കാസർകോട്ടെ മുൻ ജില്ലാ കളക്ടറുമായിരുന്ന സത്യജിത് രാജൻ ഐ.എ.എസിൻ്റെ സഹകരണത്തോടെ മധൂർ പഞ്ചായത്തിലെ എസ്.പി നഗറിൽ പതിച്ചുകിട്ടിയ അരയേക്കറോളം വരുന്ന സ്ഥലത്ത് ചെറിയൊരു കെട്ടിടമുണ്ടാക്കി സ്‌കൂൾ പ്രവർത്തനം നടത്തിവരികയാണ്. സ്‌കൂളിൻ്റെ മൂന്നു പതിറ്റാണ്ടുകാലത്തെ പ്രവർത്തനത്തിൽ ജില്ലയിലെ നിരവധി ഡോക്ടർമാരുടെയും ഉദ്യോഗസ്ഥരുടെയും വ്യാപാരികളുടെയും സന്നദ്ധ പ്രവർത്തകരുടെയും സഹായമുണ്ടായി.

പാവപ്പെട്ട കുടുംബങ്ങളിലെ 35 ആൺകുട്ടികളും 21 പെൺകുട്ടികളുമടക്കം 56 കുട്ടികൾ പഠിക്കുന്ന ഈ സ്‌കൂൾ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയിൽ ആണ്. മാനസികവും ശാരീരികവുമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് സ്മാർട്ട് ക്ലാസ്സ് റൂം, തെറാപ്പി റൂം, അടുക്കള, കളിക്കളം എന്നിവ നിർമ്മിക്കാനും സ്‌കൂളിൻ്റെ ഭൗതീക സൗകര്യങ്ങൾ മെച്ചപ്പെടുത്താനും വേണ്ടി തീരുമാനിച്ചിരിക്കുകയാണ്. അതിനായി പൊതുജനങ്ങളുടെ സഹായം തേടുകയാണ്. ബാങ്ക് ഓഫ് ഇന്ത്യ, കാസർകോട് ബ്രാഞ്ച്, അക്കൗണ്ട് നമ്പർ: 851410100001709, IFSC: BKID 0008514
