Trending News





പീതാംബരൻ കുറ്റിക്കോൽ
Also Read
സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകള്‍ നിര്‍മിച്ച് ഹണി ട്രാപ്പിലൂടെ പണവും മൊബൈല്‍ ഫോണും മറ്റും കവരുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായതായി റിപ്പോർട്ട്. ഹണി ട്രാപ്പുമായി പാകിസ്ഥാൻ ചാരസംഘടനകൾ സജീവമാണെന്നും ഇക്കാര്യത്തിൽ പോലീസ് ഉദ്യോഗസ്ഥർ ജാഗ്രത പാലിക്കണമെന്നും സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത് ഇക്കഴിഞ്ഞ മാർച്ചിൽ പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്. സേനകളിൽ നിന്ന് രഹസ്യം ചോർത്തുകയാണ് ഇവരുടെ ലക്ഷ്യമെന്നും ഡി.ജി.പി അറിയിച്ചു.

രാജ്യത്തുള്ള വിവിധ സേനകളിൽ നിന്ന് രഹസ്യം ചോർത്താൻ പാക് ചാരസംഘടനകൾ ശ്രമിക്കുന്നുണ്ട്. ഇക്കാര്യത്തിൽ അതീവ ജാഗ്രത പുലർത്തണം. പരിചയമില്ലാത്ത സ്ത്രീകളുമായി സോഷ്യൽ മീഡിയ വഴിയുള്ള സൗഹൃദം ഒഴിവാക്കണം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പോലീസ് ആസ്ഥാനത്ത് അറിയിക്കണമെന്നും ഡി.ജി.പി പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കുന്നുണ്ട്.
കോഴിക്കോട്ട് യുവതിയും സുഹൃത്തും അറസ്റ്റിൽ
സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട യുവാവിനെ വിളിച്ചുവരുത്തി കൊള്ളയടിച്ച സംഭവത്തിൽ രണ്ടുപേർ കഴിഞ്ഞദിവസം കോഴിക്കോട് ടൗണ്‍ പൊലീസിൻ്റെ പിടിയിലായി. റെയില്‍വേ സ്റ്റേഷന് സമീപം ആനിഹാള്‍ റോഡില്‍ വച്ച് കാസര്‍കോട് സ്വദേശിയുടെ പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസിലാണ് അരീക്കാട് പുഴക്കല്‍ വീട്ടില്‍ അനീഷ.പി, നല്ലളം ഹസന്‍ഭായ് വില്ലയില്‍ ഷംജാദ് പി.എ എന്നിവരെ കഴിഞ്ഞ ദിവസം പോലീസ് പിടികൂടിയത്. നിരവധിപേർ ഇതിനകം ഇവരുടെ കെണിയിൽപെട്ടതായും സംശയിക്കുന്നു.

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട കാസര്‍കോട് ചന്ദ്രഗിരി സ്വദേശിയായ യുവാവിനെ യുവതി കാണാന്‍ കോഴിക്കോട്ടേക്ക് വിളിച്ചു വരുത്തുകയായിരുന്നു. കോഴിക്കോട്ടെത്തിയ യുവാവിനെ പ്രതികള്‍ ആനിഹാള്‍ റോഡിലെ ആളൊഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി മര്‍ദ്ദിച്ച് കവര്‍ച്ച നടത്തുകയായിരുന്നു. ടൗണ്‍ പൊലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍മാരായ എസ്.ജയശ്രീ, അനില്‍കുമാര്‍ എന്നിവരുടെ തന്ത്രപ്രധാനമായ നീക്കത്തിലൂടെയാണ് അറസ്റ്റ് ചെയ്തത്. മെഡിക്കല്‍ കോളേജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത എന്‍.ഡി.പി.എസ് കേസില്‍ ഈ പ്രതികള്‍ ഈയിടെയാണ് ജാമ്യത്തിലിറങ്ങിയത്.
ഹണിയിൽ വീണ് പോലീസുകാരും
ഉത്തരേന്ത്യൻ ഹണി ട്രാപ്പ് സംഘത്തിന് പിന്നാലെ കേരളത്തിലും ഹണി ട്രാപ്പ് വ്യാപകമാവുന്നുണ്ട്. നിരവധി പോലീസുകാരും ഹണി ട്രാപ്പ് സംഘത്തിൻ്റെ കെണിയിൽ പെടുന്നു. സംഭവത്തിൽ കഴിഞ്ഞവർഷം കൊല്ലം അഞ്ചൽ സ്വദേശിനിക്കെതിരെ തിരുവനന്തപുരം പാങ്ങോട് പോലീസ് കേസെടുത്തിരുന്നു. കൊല്ലം റൂറല്‍ പൊലീസിലെ എസ്.ഐയാണ് ഇവർക്കെതിരെ പരാതി നൽകിയത്. നിരവധി പോലീസുകാരാണ് ഇവരുടെ കെണിയിൽപ്പെട്ടതായി പറയപ്പെടുന്നു.

ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം ലക്ഷങ്ങള്‍ തട്ടിയെടുക്കും. കൂടാതെ മാനസികമായും അല്ലാതെയും ഭീഷണിപ്പെടുത്തുന്നതായും ചില പരാതികളിൽ പരാതിയില്‍ പറയുന്നു.
ഹണിട്രാപ്പിൻ്റെ വലകൾ
ഹണി ട്രാപ്പ് തട്ടിപ്പിലൂടെ ആളുകളില്‍ നിന്ന് വന്‍ തുക തട്ടിയെടുക്കുന്ന മാഫിയകൾ തന്നെ ഉണ്ട്.
ഉദ്യോഗസ്ഥന്മാരും ജനപ്രതിനിധികളും വിദ്യാർത്ഥികളും ഉൾപ്പെടെയുള്ളവരെ ഹണിട്രാപ്പിൽ പെടുത്തി സംഘം കൊള്ളയടിക്കുന്നു. സോഷ്യൽ മീഡിയയിലൂടെയും മറ്റും യുവതികൾ വന്ന് സന്ദേശങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആകർഷിക്കുന്നതാണ് തട്ടിപ്പിന്‍റെ തുടക്കം. ബന്ധം കൂടുതല്‍ ശക്തമാകുന്നതോടെ പരസ്പരം ചിത്രങ്ങളും വീഡിയോകളും പങ്കുവയ്ക്കുകയും ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. പലരും നാണക്കേട് ഭയന്ന് തട്ടിപ്പിൻ്റെ കാര്യം പുറത്തു പറയുന്നുമില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത കേസുകള്‍ നിരവധി ഉണ്ടാകുമെന്നാണ് പോലിസിന്‍റെ വിലയിരുത്തല്‍. ഇത്തരം തട്ടിപ്പിനെ കുറിച്ച് അറിയുന്നവര്‍ ഉടന്‍ തന്നെ പോലീസിൻ്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റുമായി ബന്ധപ്പെടണം. പരാതികള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും പോലിസ് അറിയിച്ചു.

Sorry, there was a YouTube error.