
ദുബായ്: ലണ്ടൻ നഗരത്തിൽ കഴിഞ്ഞ ദിവസം ഒഴിവായത് വലിയ വിമാന ദുരന്തമാണ്. പുതുവത്സര തലേന്ന് നടന്ന സംഭവം അന്ത്രദേശീയ മാധ്യമങ്ങൽ റിപ്പോർട്ട് ചെയ്യുന്നത് ഇങ്ങനെ. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ നിന്നും 500ഓളം യാത്രക്കാരുമായി ദുബായിലേക്ക് പുറപ്പെട്ട EK002 എമിറേറ്റ്സ് വിമാനമാണ് അടിയന്തരമായി തിരിച്ചിറക്കേണ്ടിവന്നത്. ഡിസംബർ 31ന് ഉച്ചയ്ക്ക് 1.40ന് ഹീത്രൂവിൽ നിന്ന് പറന്നുയർന്ന വിമാനത്തിൽ വൈകാതെ തന്നെ സാങ്കേതിക തകരാർ ശ്രദ്ധയിൽപ്പെടുകയായിരുന്നു. തുടർന്ന് തിരിച്ചുപറന്ന വിമാനം, വിമാന താവളത്തിൽ അടിയന്തിര ലാന്ഡിങ്ങിന് അനുമതി തേടി. ഇതോടെ വിമാനത്താവള അന്തരീക്ഷം മാറി. വലിയ വിമാനമായതിനാലും ദീർഘദൂര യാത്രയായതിനാലും ഇന്ധനം അധികമായി ഉണ്ടായിരുന്നു. ഇത് അടിയന്തിര ലാന്ഡിങ്ങിന് വെല്ലുവിളിയായി. ഭാരം കുറക്കാതെ തിരിച്ചിറക്കാൻ സാധിക്കാത്തതിനാൽ വിമാനം ഏകദേശം 10,000 അടി ഉയരത്തിൽ ലണ്ടൻ നഗരത്തിന് മുകളിലൂടെ വട്ടമിട്ട് പറന്നു.
സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി വിമാനത്താവളത്തിൽ ഫയർ എൻജിനുകളും ആംബുലൻസുകളും സജ്ജമാക്കി. സുരക്ഷാ ഉദ്യോഗസ്ഥരടക്കം വിമാനത്താവളത്തിൽ അടിയന്തര രക്ഷാ പ്രവർത്തനത്തിന് സജ്ജമായി. വിമാനത്താവളത്തെ മുൾമുനയിൽ നിർത്തിയ നിമിഷം. മണിക്കൂറുകളോളം വട്ടമിട്ട് പറന്ന വിമാനം ലണ്ടൻ നഗരത്തിന് മുകളിൽ മാത്രം ഒരു മണിക്കൂറിൽ അധികം സമയം ചെലവഴിച്ചു എന്നാണ് റിപ്പോർട്ട്. യാത്രക്കാർക്ക് ധര്യം പകർന്ന് വിമാന ജീവനക്കാരും പൂർണ്ണ സജ്ജരായി വിമാനത്താവള ജീവനക്കാരും ഒരുങ്ങിയതോടെ ഇന്ധനം കാലിയാക്കിയ വിമാനം വൈകിട്ട് 4.28-ഓടെ സുരക്ഷിതമായി ഇറക്കി. പിന്നീട് വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചു. യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ യാത്ര തുടരാനുള്ള സൗകര്യം എമിറേറ്റ്സ് ഒരുക്കി. യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എമിറേറ്റ്സ് ക്ഷമാപണം നടത്തി. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.
