
മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച പ്രമുഖ എഡ് ടെക് പ്ലാറ്റ്ഫോമായ ബൈജൂസ് കമ്പനിക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിൻ്റെ അന്വേഷണം. ബൈജൂസിൻ്റെ ബെംഗളൂരു ഓഫീസിൽ ഇഡി സംഘം റെയ്ഡ് നടത്തി. മൂന്ന് ഓഫീസുകളിലാണ് റെയ്ഡ് നടത്തിയത്.
വിദേശ ധന വിനിമയ നിയമം അനുസരിച്ചായിരുന്നു പരിശോധന. വിദേശ ഫണ്ട് സ്വീകരിച്ചത് സംബന്ധിച്ചുള്ള പരിശോധനകളാണ് നടന്നത്. ഭവാനി നഗറിലുള്ള ഓഫീസ് സമുച്ചയത്തിലായിരുന്നു റെയ്ഡ്. നിരവധി ഡിജിറ്റൽ രേഖകൾ അടക്കം പിടിച്ചെടുത്തെന്ന് ഇഡി വ്യക്തമാക്കി.

2011 മുതൽ 2023 വരെയുള്ള കാലയളവിൽ കമ്പനിക്ക് 28,000 കോടി രൂപയുടെ നേരിട്ടുള്ള വിദേശ നിക്ഷേപം കമ്പനിക്ക് ലഭിച്ചിട്ടുണ്ട്. ഇതേ കാലയളവിൽ വിവിധ വിദേശ സ്ഥാപനങ്ങളിലേക്ക് ഏകദേശം 9,754 കോടി രൂപ കമ്പനി അയച്ചിട്ടുണ്ടെന്നും ഇഡി പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു.
