
കാസറഗോഡ്: ബദിയടുക്ക പോലീസ് സ്റ്റേഷൻ പരിധിയിലെ ലഹരി വേട്ടയിൽ ഒരാൾ കൂടി അറസ്റ്റിൽ. ബദിയടുക്ക മൂക്കംപാറയിലെ അലക്സ് ചാക്കോ എന്ന യുവാവിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാവിലെ നാരംപാടിക്കടുത്ത് പിലായിന്റടിയിലെ ഒരു വീട്ടിൽ നിന്നുമാണ് 107.090 ഗ്രാം എം.ഡി.എം.എയുമായി മുഹമ്മദ് റഫീഖ് എന്ന 23 കാരൻ പിടിയിലായത്. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മയക്കുമരുന്ന് കച്ചവടത്തിലെ പ്രധാന കണ്ണിയായ അലക്സ് ചാക്കോ വലയിലാകുന്നത്. ബംഗളുരുവിൽ നിന്നും വിൽപ്പനക്കായി എത്തിച്ചതായിരുന്നു മയക്കുമരുന്നെന്നാണ് വിവരം. മുഹമ്മദ് റഫീഖ് വിൽപ്പനക്കാരൻ മാത്രമാണെന്നും പിന്നിൽ പ്രവർത്തിക്കുന്നത് അലക്സ് ചാക്കോയാണെന്നും വ്യക്തമായി. ഇതോടെയാണ് അലക്സ് ചാക്കോയുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അന്വേഷണം തുടരുകയാണ്. ഇതിന് പിന്നിലെ സംഘത്തെയും പിടികൂടാനാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.

ജില്ലാ പോലീസ് മേധാവി ബി.വി വിജയ ഭരത് റെഡ്‌ഡി ഐ.പി.എസ് ൻ്റെ നിർദ്ദേശ പ്രകാരം വിദ്യാനഗർ ഇൻസ്‌പെക്ടർ വിപിൻ യു.പിയുടെ മേൽനോട്ടത്തിൽ ബദിയടുക്ക പോലീസ് സ്റ്റേഷനിൽ അറ്റാച്ച് ഡ്യൂട്ടി ചെയ്യുന്ന വിദ്യാനഗർ എസ്.ഐ പ്രതീഷ് കുമാർ എം.പി, ബദിയടുക്ക പോലീസ് സ്റ്റേഷൻ പ്രൊബേഷനറി എസ്.ഐ രൂപേഷ്, ഗ്രേഡ് എസ്.ഐ രാധാകൃഷ്ണൻ, CPO മാരായ നിജിൻ കുമാർ, രജീഷ് കാട്ടാമ്പള്ളി, ഹരിപ്രസാദ്, വനിതാ CPO അനിത എന്നിവർ ചേർന്നാണ് കഴിഞ്ഞ ദിവസം ലഹരി വേട്ട നടത്തിയത്. വീട് പരിശോധിച്ചപ്പോൾ കട്ടിലിലെ കിടയ്ക്കയ്ക്ക് അടിയിലായി സൂക്ഷിച്ച നിലയിലായിരുന്നു മയക്കുമരുന്ന്. എം.ഡി.എം.എ ഉൾപ്പെടെ പ്രതി മുഹമ്മദ് റഫീഖിനെ കയ്യോടെ പിടികൂടി. ഗസറ്റഡ് ഓഫീസർ കാസറഗോഡ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ അരുണിൻ്റെ സാന്നിധ്യത്തിലായിരുന്നു പ്രതിയുടെ ദേഹ പരിശോധനയും മറ്റ് നടപടി ക്രമണങ്ങളും പൂർത്തീകരിച്ചത്. ഇതിന് പിന്നാലെയാണ് അലക്സ് ചാക്കോ വലയിലാകുന്നത്.
