
നിയമസഭ തെരഞ്ഞെടുപ്പ് വാതിൽക്കൽ വന്നുനിൽക്കെ വോട്ട് പരമാവധി ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ പ്രമുഖ നേതാക്കൾ.പരമാവധി വോട്ടുകൾ പോക്കറ്റിലാക്കാൻ വമ്പൻ വാഗ്ദാനങ്ങളാണ് നേതാക്കൾ പ്രഖ്യാപിക്കുന്നത്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ബി.ജെ.പി സര്‍ക്കാര്‍ റദ്ദാക്കിയ മുസ്ലിംകള്ക്കുള്ള നാല് ശതമാനം ഒ.ബി.സി സംവരണം പുനഃസ്ഥാപിക്കുമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാര്‍ ഇന്ന് പ്രഖ്യാപിച്ചത്.
മാര്‍ച്ചില്‍ ബി.ജെ.പി സര്‍ക്കാര്‍ മുസ്ലീങ്ങളുടെ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നിലവിലുണ്ടായിരുന്ന നാല് ശതമാനം സംവരണം റദ്ദാക്കി വൊക്കാലിംഗകള്‍ക്കും ലിംഗായത്തുകള്‍ക്കും നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ സംവരണ പ്രശ്‌നത്തിന് പരിഹാരമുണ്ടാകുമെന്നും ന്യൂനപക്ഷ താല്‍പര്യം സംരക്ഷിക്കുമെന്നും ശിവകുമാര്‍ പറഞ്ഞു.

അതേസമയം നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 41 സ്ഥാനാര്‍ത്ഥികളുടെ രണ്ടാം പട്ടിക കോണ്‍ഗ്രസ് വ്യാഴാഴ്ച പുറത്തിറക്കിയിരുന്നു.മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും സംസ്ഥാന പാര്‍ട്ടി അദ്ധ്യക്ഷന്‍ ഡി. കെ ശിവകുമാറിന്റേയും പേരുകള്‍ ഉള്‍പ്പെടുന്ന 124 പേരടങ്ങുന്ന പട്ടിക കോണ്‍ഗ്രസ് മാര്‍ച്ച് 25നും പുറത്തുവിട്ടിരുന്നു.ഏപ്രിൽ 8ന് ബി.ജെ.പി സ്ഥാനാർഥികളെ പ്രഖ്യാപിക്കുമെന്നാണ് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മൈ അറിയിച്ചിരിക്കുന്നത്.
