
കാസർകോട്: ഡിജിറ്റൽ ലാൻഡ് സർവെയിൽ നൂറു ശതമാനം ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനും പരാതിരഹിതമായ റെക്കോർഡ് തയ്യാറാക്കുന്നതിനും ജില്ലാ കളക്ടർ കെ. ഇമ്പശേഖർ നേരിട്ട് നേതൃത്വം നൽകുന്നു. ഇതിൻ്റെ ഭാഗമായി സർവെ-റവന്യു ഉദ്യോഗസ്ഥരും ജനപ്രതിനിധികളും വില്ലേജുകളിലേക്ക് നേരിട്ട് എത്തുന്നു. “എൻ്റെ ഭൂമി ഞാൻ ഉറപ്പാക്കി” എന്ന ക്യാമ്പയിനിൻ്റെ ഭാഗമായിട്ടാണ് ഇത് സംഘടിപ്പിക്കുന്നത്. ഡിജിറ്റൽ സർവെ പൂർത്തീകരിച്ച് റവന്യു വകുപ്പിന് കൈമാറ്റം ചെയ്യുന്ന വില്ലേജുകളിൽ പിന്നീട് ഡിജിറ്റൽ സർവെ റെക്കോർഡ് ആസ്പദമാക്കി മാത്രമായിരിക്കും നടപടികൾ. സർവെ-റവന്യു, രജിസ്ട്രേഷൻ വകുപ്പുകളുടെ സേവനം, ഭൂമിയുടെ ക്രയവിക്രയങ്ങൾ, വായ്പ നികുതിയടവ് പോലുള്ളവ ഡിജിറ്റൽ സർവേ റെക്കാർഡ് അടിസ്ഥാനമാക്കി മാത്രമേ ലഭ്യമാവുകയുള്ളൂ എന്ന അധികൃതർ അറിയിച്ചു.
കാസർകോട് ജില്ലയിലെ ആദ്യഘട്ടമായി ഡിജിറ്റൽ സർവ്വേ നടത്തിയ പതിനെട്ട് വില്ലേജുകളിലും ജനങ്ങൾക്ക് സർവെ റെക്കോർഡ് പരിശോധിക്കുവാനും പരാതി സമർപ്പിക്കുവാനുമുള്ള അവസരമാണ് ഇതുവഴി ജില്ലാ ഭരണ സംവിധാനം ഒരുക്കുന്നത്. ഇത് സംസ്ഥാനത് ആദ്യമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കുന്ന ജനകീയ ക്യാമ്പയിനാണ്. ഒക്ടോബർ ഏഴിന് തിങ്കളാഴ്ച വൈകുന്നേരം 5.30 ന് തളങ്കര ഗവ. മുസ്ലീം വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്ക്കൂളിൽ ക്യാമ്പയിൻ ആരംഭിക്കുമെന്ന് ജില്ലാ കളക്ടർ കെ. ഇമ്പശേഖർ പറഞ്ഞു. ഡിജിറ്റൽ ലാൻഡ് സർവ്വേ സംബന്ധിച്ച തളങ്കര വില്ലേജിലെ പരാതികൾ പൊതുജനങ്ങൾക്ക് ഈ ക്യാമ്പിൽ അറിയിക്കാം എന്നും കളക്ടർ അറിയിച്ചു.
