
ജമ്മുകശ്മീരിലെ അമര്‍നാഥ്ഗുഹാ ക്ഷേത്രത്തിന് സമീപമുണ്ടായ മേഘ വിസ്‌ഫോടനത്തില്‍ ഇതിനോടകം 17 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. എണ്ണം ഉയരുമോ എന്ന കാര്യത്തില്‍ നിലവില്‍ ആശങ്കയുണ്ട്. കാണാതായ 40 ഓളം പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനം നടക്കുമ്പോഴായിരുന്നു മേഘ വിസ്‌ഫോടനവും പിന്നാലെ പ്രളയവും ഉണ്ടായത്.
മേഘ വിസ്‌ഫോടനത്തില്‍ മൂന്ന് ഭക്ഷണശാലകളും 25 ടെണ്ടുകളും പ്രളയത്തില്‍ തകര്‍ന്നതാണ് ദുരന്തത്തിൻ്റെ വ്യാപ്തി കൂട്ടിയത്. കുടുങ്ങി കിടക്കുന്നവര്‍ക്കായി സൈന്യത്തിൻ്റെയും അര്‍ധ സൈനിക വിഭാഗങ്ങളുടെയും ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തില്‍ മേഖലയില്‍ രക്ഷാപ്രവര്‍ത്തനം നടക്കുകയാണ്. സൈന്യത്തിൻ്റെ ഹെലികോപ്‌ടറുകളും രക്ഷാ ദൗത്യത്തിനായി നിയോഗിച്ചിട്ടുണ്ട്.

അമര്‍നാഥ് യാത്രികരുടെ മരണത്തിനിടയാക്കിയ മഴ മേഘ വിസ്ഫോടനം മൂലമുണ്ടായതല്ലെന്നും പ്രാദേശികമായി പെയ്ത അതിശക്തമായ മഴയാണ് അപകടത്തിനിടവെച്ചതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വെള്ളിയാഴ്ച വൈകീട്ട് 4.30നും 6.30നും ഇടയില്‍ 31മില്ലീമീറ്റര്‍ മഴയാണ് അമര്‍നാഥില്‍ പെയ്തത്. അത് മേഘ വിസ്‌ഫോടനത്തില്‍ ഉണ്ടാകുന്ന മഴയേക്കാള്‍ വളരെ കുറവാണ്. ഒരു കാലാവസ്ഥാ മേഖലയില്‍ ഒരു മണിക്കൂറിനുള്ളില്‍ 100മില്ലി ലിറ്റര്‍ മഴപെയ്താല്‍ മാത്രമേ അത് മേഘ വിസ്ഫോടനമായി പരിഗണിക്കൂ.
അമര്‍നാഥ് ക്ഷേത്രത്തിന് സമീപത്തുള്ള മലനിരകളില്‍ ഉണ്ടായ അതിശക്തമായ മഴയാണ് മലവെള്ളപ്പാച്ചിലിന് ഇടയാക്കിയതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഡയറക്ര്‍ മൃത്യുഞജയ് മൊഹപത്ര പറഞ്ഞു.
അമര്‍നാഥ് ഗുഹാക്ഷേത്രത്തിനടുത്ത് കാലാവസ്ഥാ വകുപ്പിന്റെ ഓട്ടോമാറ്റിക് കാലാവസ്ഥാ നിരീക്ഷണ സംവിധാനമുണ്ട്. അതുവഴി യാത്രികര്‍ക്ക് വിവരങ്ങള്‍ കൈമാറാനാകും. എന്നാല്‍ ക്ഷേത്രത്തിന് സമീപത്തെ മല നിരകളില്‍ കാലാവസ്ഥാ വകുപ്പിന് സംവിധാനങ്ങളില്ല. ഇതാണ് അവിടുത്തെ കാലാവസ്ഥ തിരിച്ചറിയാന്‍ സാധിക്കാതെ പോയത്.
എന്താണ് മേഘസ്‌ഫോടനം?
വളരെ കുറഞ്ഞ സമയത്തിനകം ഒരു പ്രദേശത്തുണ്ടാകുന്ന അതിശക്തമായ പേമാരിയെയാണ് മേഘവിസ്‌ഫോടനം (Cloud burst) എന്ന് ഒറ്റവാക്കില്‍ നിര്‍വചിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് തന്നെ വലിയ മഴയുണ്ടാകുന്നതു കൊണ്ടുതന്നെ, മേഘസ്‌ഫോടനം ഉണ്ടാകുന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു. കാറ്റും ഇടിയും മിന്നലും കൂടിയാകുന്നതോടെ ആ പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ പ്രളയത്തിലാകുകയും വലിയ നാശനഷ്ടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നു.
മേഘ സ്‌ഫോടനത്തിന് കാരണമെന്ത്?
മേഘങ്ങളില്‍ തന്നെ വലിപ്പ- ചെറുപ്പമുള്ളവയുണ്ട്. മേഘങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും വലിപ്പമേറിയ ഇനമായ കുമുലോ നിംബസ് എന്ന മഴമേഘങ്ങളാണ്, അക്ഷരാര്‍ത്ഥത്തില്‍ മേഘ സ്‌ഫോടനം ഉണ്ടാക്കുന്നത്. എന്നാല്‍, എല്ലാ കുമുലോ നിംബസ് മേഘങ്ങളും മേഘ സ്‌ഫോടനം ഉണ്ടാക്കുന്നില്ല. മേഘ സ്‌ഫോടനത്തിന് കാരണമാകുന്ന മേഘങ്ങള്‍ക്ക് ചില പ്രത്യേകതകള്‍ ഉണ്ടായിരിക്കും.

ഈര്‍പ്പം നിറഞ്ഞ ഒരു വായുപ്രവാഹം ഭൗമോ ഉപരിതലത്തില്‍ നിന്ന് അന്തരീക്ഷത്തിൻ്റെ മുകള്‍ തട്ടിലേക്ക് ഉയരുകയും ഘനീഭവിക്കുകയും ചെയ്യുമ്പോഴാണ്, മേഘങ്ങള്‍ രൂപപ്പെടുന്നത്. അവയില്‍ തന്നെ സവിശേഷ സ്വഭാവമുള്ള കുമുലോ നിംബസ് മേഘങ്ങള്‍ രൂപപ്പെടുമ്പോള്‍, അന്തരീക്ഷത്തിൻ്റെ താഴേത്തട്ടില്‍ നിന്നാരംഭിച്ച് 15 കിലോമീറ്റര്‍ ഉയരത്തില്‍ വരെ അവയെത്തുന്നു.
ഇങ്ങനെയുണ്ടാകുന്ന കൂറ്റന്‍ കുമുലോ നിംബസ് മേഘങ്ങളാണ് മേഘ സ്‌ഫോടനത്തിനു കാരണം. ഇവയ്ക്കുള്ളില്‍, ശക്തിയേറിയ ഒരു വായുപ്രവാഹം ചാംക്രമണ രീതിയില്‍ രൂപപ്പെടുന്നു. ഇത് മേഘത്തിൻ്റെ നടുഭാഗത്തുകൂടി മുകളിലേക്കുയരുന്നു. ഈ പ്രക്രിയയുടെ ഭാഗമായി മേഘങ്ങളുടെ താഴെത്തട്ടില്‍ ജലകണങ്ങളും മുകളറ്റത്ത് ഐസ് ക്രിസ്റ്റലുകളും ഉണ്ടാകുന്നു. അന്തരീക്ഷത്തിൻ്റെ മുകള്‍ത്തട്ടിലേക്ക് വേഗത്തില്‍ എത്തുന്ന കുമുലോ നിംബസ് മേഘങ്ങള്‍ ഇവ രൂപപ്പെടുന്ന സ്ഥലത്തെ പ്രത്യേകതകള്‍ കാരണം പതിവിലും ഉയര്‍ന്ന അളവില്‍ അന്തരീക്ഷ ഈര്‍പ്പം വഹിച്ചേക്കാം.

ഭൗമാ അന്തരീക്ഷത്തിൻ്റെ പത്തു കിലോമീറ്ററിലും മുകളിലത്തെ താപനില -40 മുതല്‍ -60 വരെ ഡിഗ്രി സെല്‍ഷ്യസ് ആണ്. ഇതുകാരണം ഈര്‍പ്പം, സ്വാഭാവികമായും മഞ്ഞുകണങ്ങളായി മാറുന്നു. ഈ കാറ്റിൻ്റെ മുകളിലേക്കുള്ള പ്രവാഹം കുറച്ച് ശമിക്കുന്നതോടു കൂടി മഞ്ഞുകണങ്ങള്‍ ഭൂഗുരുത്വാ ആകര്‍ഷണത്തില്‍ പെട്ട് താഴേക്ക് പതിക്കുന്നു.
വലിയ മഞ്ഞുകണങ്ങള്‍, കൂടുതല്‍ ചെറിയ കണങ്ങളാകുന്നു. ഭൂമിയുടെ ഉപരിതലത്തിനടുത്ത് എത്തുമ്പോള്‍ അന്തരീക്ഷ താപനില ഉയര്‍ന്നതായതിനാല്‍ മഞ്ഞുകണങ്ങള്‍ ജലത്തുള്ളികളായി മാറുന്നു. ഇത് ശക്തമായ പേമാരിയായി ഭൂമിയില്‍ പതിക്കുകയാണ് ചെയ്യുന്നതെന്നാണ് ശാസ്തജ്ഞർ കണ്ടെത്തിയ വസ്തുതകൾ.
