ഉദുമയിൽ ചന്ദന മോഷണം മുന്‍ എംഎല്‍എയുടെ വീട്ടിൽ; രണ്ടുപേര്‍ പിടിയില്‍, രണ്ടുപേർക്ക് പോലീസ് തെരച്ചിൽ തുടങ്ങി

  • Post category:news
  • Reading time:1 min read
You are currently viewing ഉദുമയിൽ ചന്ദന മോഷണം മുന്‍ എംഎല്‍എയുടെ വീട്ടിൽ; രണ്ടുപേര്‍ പിടിയില്‍, രണ്ടുപേർക്ക് പോലീസ് തെരച്ചിൽ തുടങ്ങി

ഉദുമ / കാസര്‍കോട്: മുന്‍ ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമൻ്റെ വീട്ടു പറമ്പില്‍ നിന്നും ചന്ദന മരം മോഷ്ടിച്ച രണ്ടുപേര്‍ പിടിയില്‍. ചട്ടഞ്ചാല്‍ സ്വദേശി റശീദ്, കൊളവയല്‍ സ്വദേശി അബ്ദുള്ളയുമാണ് പിടിയിലായത്. മറ്റു രണ്ടുപേരെ പിടികൂടാൻ പോലീസ് അന്വേഷണം തുടങ്ങി. മോഷണം പോയ ചന്ദനത്തടി മോഷ്ടാക്കളുടെ വാടക വീട്ടില്‍ നിന്നും ബേക്കല്‍ പോലീസ് കണ്ടെടുത്തു. ജില്ലാ പൊലീസ് മേധാവി ഡോ.വൈഭവ് സക്‌സേന സ്ഥലം സന്ദര്‍ശിച്ചു.

പള്ളിക്കര പാക്കം ആലക്കോട്ടെ വീട്ടുമുറ്റത്ത് നിന്നാണ്‌ 30 വര്‍ഷം പ്രായമുള്ള ചന്ദനമരം നാലുപേര്‍ മുറിച്ചുകടത്തിയത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ 3.50 -നായിരുന്നു സംഭവം. ശക്തമായ മഴയായതിനാല്‍ മരം മുറിക്കുന്ന ശബ്ദം വീട്ടുകാര്‍ കേട്ടില്ല. രാവിലെയാണ്‌ മോഷണ വിവരം അറിഞ്ഞത്. ചന്ദനമരത്തിന്‌ ഏകദേശം ഒരുലക്ഷം രൂപ വിലവരുമെന്ന്‌ കെ.കുഞ്ഞിരാമന്‍ പറഞ്ഞു. ബേക്കല്‍ എസ്‌.ഐ എം.രജനീഷിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം.

വീട്ടിലുള്ള സി.സി.ടി.വിയില്‍ പതിഞ്ഞ മോഷണ സംഘത്തിൻ്റെ ദൃശ്യം കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. പുലര്‍ച്ചെ നാലുപേര്‍ വാളും കത്തിയും മറ്റ് ആയുധങ്ങളുമായി വീടിന് മുന്നിലൂടെ നടന്നുവരുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. നാലുവര്‍ഷം മുമ്പും വീട്ടുപറമ്പില്‍ നിന്ന്‌ ചന്ദനമരം നഷ്ടപ്പെട്ടിരുന്നു. അന്ന് പോലീസിനും വനംവകുപ്പിനും പരാതി നല്‍കിയിരുന്നു എങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

0Shares