കുമ്പള അരിക്കാടിയിൽ സമരക്കാരെ നേരിടാൻ പോലീസ് ഒരുക്കിയത് വൻ സന്നാഹം; എം.എൽ.എ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി; സമരം ചെയ്തുതന്നെ ടോൾ പൂട്ടിക്കുമെന്ന് സമര സമിതിയും; കൂടുതൽ അറിയാം..

  • Post category:local news / news
  • Reading time:2 mins read
You are currently viewing കുമ്പള അരിക്കാടിയിൽ സമരക്കാരെ നേരിടാൻ പോലീസ് ഒരുക്കിയത് വൻ സന്നാഹം; എം.എൽ.എ അടക്കമുള്ളവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി; സമരം ചെയ്തുതന്നെ ടോൾ പൂട്ടിക്കുമെന്ന് സമര സമിതിയും; കൂടുതൽ അറിയാം..

കാസറഗോഡ്: കുമ്പള അരിക്കാടിയിൽ നിർമ്മിച്ച ടോൾ ബൂത്തിൽ യൂസർഫീ വാങ്ങാൻ തുടങ്ങിയ ഉദ്യോഗസ്ഥരുടെ നടപടിക്കെതിരെ നാട്ടുകാർ രംഗത്ത്. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫിൻ്റെ നേതൃത്വത്തിൽ വലിയ ജനകീയ പ്രക്ഷോഭമാണ് തികളാഴ്ച്ച രാവിലെ അരിക്കാടിയിൽ നടന്നത്. പല ഭാഗത്തുനിന്നുമായി രാഷ്ട്രീയം മറന്ന് യുവാക്കളുടെ വലിയ ജന സഞ്ചയം തന്നെ അരിക്കാടിയിലേക്ക് ഒഴുകിയെത്തി. റോഡിൽ ബാരിക്കേഡുകൾ ഒരുക്കി പോലീസ് സമരക്കാരെ നേരിട്ടു. ആക്ഷൻ കമ്മിറ്റി ഭാരവാഹികളുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകളാണ് സമരത്തിന് എത്തിയത്. എം.എൽ.എ അടക്കമുള്ള ജനപ്രതിനിധികളെയും ആക്ഷൻ കമ്മറ്റി ഭാരവാഹികളെയും പോലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്തു നീക്കി. ഇത് സംഘർഷത്തിന് കാരണമായി.

ദേശീയപാത ചട്ടങ്ങളും ഹൈകോടതിയുടെ പരിഗണനയിലുള്ള ഹർജിയും അവഗണിച്ചാണ് കുമ്പള ആരിക്കാടിയിൽ ദേശീയ പാത അതോറിറ്റി ടോൾ പിരിവ് നടത്തുന്നതിന് അനുമതി നൽകിയത്. ദേശീയ പാതയിൽ രണ്ട് ടോൾ പ്ലാസകൾ തമ്മിൽ കുറഞ്ഞത് 60 കിലോമീറ്റർ ദൂരപരിധി ഉണ്ടായിരിക്കണം എന്നാണ് ചട്ടം. ഇത് കാറ്റിൽ പറത്തിയാണ് തലപ്പാടിയിൽ നിന്നും വെറും 22 കിലോമീറ്റർ മാത്രം അകലെയുള്ള ആരിക്കാടിയിൽ ടോൾ പ്ലാസ സ്ഥാപിച്ചത്. ഇതിനെതിരെയാണ് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത്.

ടോൾ പിരിവിനെതിരെ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ഓഗസ്റ്റിൽ ഹൈകോടതിയിൽ ഹർജി നൽകിയിരുന്നു. ഈ കേസ് നിലവിൽ പരിഗണനയിലാണ്. കേസിൽ വിധി വരുന്നത് വരെ ടോൾ പിരിവ് ആരംഭിക്കില്ലെന്ന് ജില്ലാ കളക്ടറും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും നേരത്തെ സമരസമിതിക്ക് ഉറപ്പ് നൽകിയിരുന്നു. എന്നാൽ, ഈ ഉറപ്പുകൾ ലംഘിച്ചുകൊണ്ട് തിങ്കളാഴ്ച രാവിലെ മുന്നറിയിപ്പില്ലാതെ ടോൾ പിരിവ് ആരംഭിക്കുകയായിരുന്നു.

സമരക്കാരെ തടയാൻ ജില്ലാ പോലീസ് മേധാവി വിജയ് ഭാന്ത് റെഡ്ഡിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം തന്നെ അരിക്കാടിയിൽ എത്തി സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. നാല് ഡിവൈഎസ്പിമാരടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ അടങ്ങുന്ന വൻ പോലീസ് സംഘമാണ് സ്ഥലത്ത് ക്യാമ്പ് ചെയ്തത്. ടോളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാൻ ജില്ലാ പോലീസ് മേധാവിയെ കാണാൻ എം.എൽ.എ ശ്രമിച്ചെങ്കിലും പോലീസ് അനുമതി നിഷേധിച്ചു. ഇതോടെ വാക്കേറ്റം ഉണ്ടാവുകയും സംഘർഷം ഉടലെടുക്കുകയുമായിരുന്നു. തുടർന്നാണ് എം.എൽ.എ അടക്കമുള്ളവരെ പോലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കിയത്. സംഭവത്തിൽ പ്രതിഷേധിഷേധം കനക്കുകയാണ്. നിയമവിരുദ്ധ ടോൾ പിരിവിനെതിരെ സമരം ശക്തമാക്കുമെന്ന് ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു.

0Shares