
കാഞ്ഞങ്ങാട്: മാതാവിൻ്റെ ‘ബാധ’ ഒഴിപ്പിക്കാനെന്ന പേരിൽ വീട്ടിലെത്തിയ മന്ത്രവാദി കോളേജ് വിദ്യാർത്ഥിനിയുമായി മുങ്ങിയ സംഭവത്തിൽ ഇരുവരെയും പോലീസ് പിടികൂടി. കർണ്ണാടകയിലെ വീരാജ്‌പേട്ടയിൽ നിന്നുമാണ് പോലീസ് പിടികൂടിയത്. വിദ്യാനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ അബ്ദുൽ റഷീദ് എന്ന മന്ത്രവാദിയായ 41 കാരനൊപ്പമാണ് കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി പോയത്. ഹൊസ്ദുർഗ് പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന 19 കാരി സെപ്റ്റംബർ 22 ന് കോളേജിലേക്കാണെന്നും പറഞ്ഞായിരുന്നു വീട്ടിൽ നിന്നും ഇറങ്ങിയത്. തുടർന്ന് കാണാതാവുകയായിരുന്നു.

പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് ഹൊസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഒരാഴ്ചയിലധികമായി ഇവർക്കായി ആന്ധ്രപ്രദേശ്, കർണ്ണാടക, തമിഴ്‌നാട്, വയനാട് എന്നിവിടങ്ങളിലായി തിരച്ചിൽ നടത്തിവരികയായിരുന്നു പോലീസ്. തുടർന്ന് സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് ഇവർക്ക് പിന്നാലെ എത്തിയാണ് പോലീസ് ഇരുവരെയും കസ്റ്റഡിയിൽ എടുത്ത് കാഞ്ഞങ്ങാട് എത്തിച്ചത്. അബ്ദുൽ റഷീദിനെ കാണാനില്ല എന്ന ഭാര്യയുടെ പരാതിയിൽ വിദ്യാനഗർ പോലീസും കേസെടുത്തിട്ടുണ്ട്. ഇരു കേസുകളിലെയും നടപടി ക്രമങ്ങൾക്ക് ശേഷം പ്രതിയെ മജിസ്‌ട്രേട്ടിന് മുമ്പാകെ ഹാജരാക്കും. പെൺകുട്ടിയെ ‘സ്‌നേഹിത’ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുള്ള അബ്ദുൽ റഷീദ് യുവതിയുടെ വീട്ടിൽ സന്ദർശനം നടത്തിയതാണ് ഇരു കുടുംബത്തിനും നാണക്കേടുണ്ടാക്കിയ ഈ സംഭവത്തിന് കാരണം.
