
കോട്ടയം: തിരുവാതുക്കൽ ഇരട്ടക്കൊലപാതകത്തിൽ പ്രതിയെ പിടികൂടി. തൃശ്ശൂർ മാളക്കടുത്ത് ആലത്തൂരിൽ നിന്നാണ് പ്രതി അമിതിനെ ഇന്ന് രാവിലെ പോലീസ് പിടികൂടിയത്. മാളയ്ക്ക് സമീപമുള്ള ഒരു കോഴി ഫാമിൽ നിന്നാണ് അസം സ്വദേശിയായ അമിത് ഉറാങ് പിടിയിലായത്. അസം സ്വദേശികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലത്ത് നിന്നാണ് പ്രതിയെ പിടികൂടിയതെന്ന് പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട വിജയകുമാറിൻ്റെ വീട്ടിലെ മുൻ തൊഴിലാളിയാണ് അമിത്. കുടുംബത്തോടുള്ള മുൻ വൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ അമിതിനെ സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. വിജയകുമാറിൻ്റെ വീടിന് സമീപത്തെ തോട്ടിൽ നിന്നും വീട്ടിലെ സി.സി.ടി.വിയുടെ ഹാർഡ് ഡിസ്ക് പോലീസ് കണ്ടെത്തി. ഹാർഡ് ഡിസ്ക് തൊട്ടടുത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞതായി പ്രതി അമിത് മൊഴി നൽകിയിരുന്നു. വിരലടയാള വിദഗ്ധരുടെ വിശദമായ പരിശോധനയിൽ വീട്ടിൽ നിന്നും ലഭിച്ച വിരലടയാളം അമിത്തിൻ്റെതാനെന്ന് പോലീസ് സ്ഥിരീകരിച്ചിരുന്നു.
വിജയകുമാറിനെയും ഭാര്യ മീരയെയും കൊല്ലാൻ ഉപയോഗിച്ച കോടാലിയിലെ ഫിംഗർ പ്രിന്റ് അമിതിന്റേത് തന്നെയാണെന്ന് തെളിഞ്ഞിരുന്നു. അമിത് മോഷണ കേസിൽ അറസ്റ്റിലായപ്പോൾ ശേഖരിച്ച ഫിംഗർ പ്രിന്റ്റും കോടലിയിലെ ഫിംഗർ പ്രിന്റ് മാച്ച് ചെയ്തു. വീടിൻ്റെ കതകിലും വീടിനുള്ളിലും അടക്കം വിവിധ സ്ഥലങ്ങളിൽ ഫിംഗർ പ്രിന്റ് പതിഞ്ഞിട്ടുണ്ട്. ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണെന്നാണ് വിലയിരുത്തല്‍. കൊലപാതകം നടത്താൻ അമിത് ദിവസങ്ങൾ ആസൂത്രണം നടത്തിയെന്നാണ് പോലീസിന്‍റെ കണ്ടെത്തല്‍. ഇക്കഴിഞ്ഞ ശനിയാഴ്ച മുതൽ അമിത് താമസിച്ചത് നഗരത്തിലെ ഒരു ലോഡ്ജിലാണ്. ഇതിനിടയിൽ പല തവണ വിജയകുമാറിൻ്റെ വീടിൻ്റെ പരിസരത്തെത്തി കാര്യങ്ങൾ നിരീക്ഷിച്ചു. തിങ്കളാഴ്ച രാവിലെ ലോഡ്ജിൽ നിന്ന് റൂം വെക്കറ്റ് ചെയ്തു. വൈകിട്ട് കോട്ടയം റെയിൽവേ സ്റ്റേഷനിലെത്തി പ്ലാറ്റഫോം ടിക്കറ്റ് എടുത്ത് അകത്തു കയറി. രാത്രിയോടെയാണ് കൊലപാതകം നടത്താൻ പോയത്. ലോഡ്ജിൽ നിന്ന് അമിത് പുറത്തേക്ക് വരുന്നതും റെയിൽവെ സ്റ്റേഷനിൽ പോകുന്നതിൻ്റെയും സി.സി.ടി.വി ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്.
