Trending News





കോയമ്പത്തൂര്‍: കോയമ്പത്തൂരില്‍ കോട്ടമേട് സംഗമേശ്വര്‍ ക്ഷേത്രത്തിന് സമീപം ഉണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തിൻ്റെ അന്വേഷണം കേരളത്തിലേക്ക്. ദീപാവലി ദിനത്തില്‍ കോയമ്പത്തൂരില്‍ വന്‍ സ്‌ഫോടനമായിരുന്നു ജമേഷ മുബിനും സംഘവും പദ്ധതിയിട്ടിരുന്നതെന്ന് എന്‍.ഐ.എ. ഇതിൻ്റെ ഗൂഢാലോടന നടന്നതാകട്ടെ കേരളത്തിലെ വിയ്യൂര്‍ ജയിലിലാണെന്നും വിവരം. വിയ്യൂര്‍ ജയിലിലുള്ള അസറുദ്ദീന്‍ എന്ന ആളുടെ അനുയായിയാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട ജമേഷ മുബിന്‍. അസറുദ്ദീനെ പല തവണ മുബിന്‍ സന്ദര്‍ശിച്ചതായി എന്‍.ഐ.എയ്ക്ക് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണ സംഘം കേരളത്തിലെത്തിയിട്ടുണ്ട്. പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തി.
Also Read
പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തിൻ്റെ പക ദീപാവലി നാളില്‍ തീര്‍ക്കാനുള്ള ആസൂത്രമാണ് നടന്നതെന്നാണ് പ്രാഥമിക നിഗമനം. പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച പക തീര്‍ക്കാന്‍ കോയമ്പത്തൂരില്‍ ആസൂത്രണം ചെയ്തത് വന്‍ സ്‌ഫോടനമായിരുന്നു. ഇതിന് വേണ്ടി കാറില്‍ വരവേ പൊലീസ് ചെക് പോസ്റ്റിലെ പരിശോധന കാരണം മുമ്പോട്ട് പോകാനായില്ല. ഇതുകാരണമാണ് സ്വയം ജമേഷ മുബിന്‍ പൊട്ടിത്തെറിച്ചത്. പദ്ധതിയിട്ടത് ശ്രീലങ്കയിലെ ‘ഈസ്റ്റര്‍’ ദുരന്തത്തിന് സമാനമായ ആക്രമണമായിരുന്നു. ദീപാവലിയെ കറുത്ത ദിനമാക്കുകയായിരുന്നു ലക്ഷ്യം.

ലങ്കന്‍ സ്‌ഫോടന സൂത്രധാരന്‍ സഹ്‌റാന്‍ ഹാഷ്മിയുടെ ഉറ്റ അനുയായിയും പദ്ധതിയില്‍ പങ്കാളിയാണെന്ന സൂചനയെ തുടര്‍ന്ന് കോയമ്പത്തൂരിലെ അന്വേഷണം വിയ്യൂര്‍ ജയിലിലേക്കും എത്തി കഴിഞ്ഞു. ഫിറോസ് ഇസ്മയില്‍, നവാസ് ഇസ്മയില്‍, മുഹമ്മദ് ധല്‍ഹ, മുഹമ്മദ് റിയാസ് എന്നിവരാണ് അറസ്റ്റിലായത്. ജി.എം നഗര്‍, ഉക്കടം സ്വദേശികളാണ് പിടിയിലായവര്‍. ഇവര്‍ സ്‌ഫോടനത്തില്‍ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലര്‍ത്തിയവരായിരുന്നു. സ്‌ഫോടക വസ്തുക്കള്‍ ശേഖരിച്ചതിലും സ്‌ഫോടനത്തിൻ്റെ ആസൂത്രണത്തിലും ഇവര്‍ക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
ശ്രീലങ്കയില്‍ നടന്ന ഈസ്റ്റര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസറുദ്ദീന്‍ അറസ്റ്റിലാവുന്നത്. സ്‌ഫോടനത്തിൻ്റെ സൂത്രധാരനായ സഹ്‌റാന്‍ ഹാഷിമുമായി അസറുദ്ദീന് ബന്ധമുണ്ടെന്ന് ആരോപിച്ചാണ് ഇയാളെ പിടികൂടിയത്. അസറുദ്ദീന്‍ അടക്കം മൂന്ന് പേരാണ് ശ്രീലങ്കന്‍ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് വിയ്യൂരിലെ അതിസുരക്ഷ ജയിലില്‍ കഴിയുന്നത്. കേസിൻ്റെ അന്വേഷണ ചുമതല തമിഴ്‌നാട് പൊലീസിലെ പ്രത്യേക സംഘത്തിനാണെങ്കിലും എന്‍.ഐ.എ ഔദ്യോഗികമായി കേസ് അന്വേഷണം ഏറ്റെടുക്കും
ഇതുകൂടാതെ കഴിഞ്ഞ ദിവസങ്ങളില്‍ മുബിനുമായി ബന്ധപ്പെട്ടവരെയും തിരിച്ചറിയാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. സംഭവത്തില്‍ എഴുപേരെ കസ്റ്റഡിയിലെടുത്തതായും സൂചനയുണ്ട്. സ്ഫോടനത്തില്‍ കൊലപ്പെട്ട എഞ്ചിനീയറിങ് ബിരുദധാരി മുബിനെ ഐ.എസ്.ഐ ബന്ധവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ ഇതിനുമുമ്പ് ചോദ്യം ചെയ്‌തിട്ടുള്ളതാണ്. തുടര്‍ന്ന് നടത്തിയ അന്വേഷണങ്ങളില്‍ അപകടം ചാവേര്‍ ആക്രമണമാണോ എന്ന് സംശയം ഉയരുകയായിരുനനു.

ഉക്കടത്ത് ടൗണ്‍ ഹാളിന് സമീപം ചാവേറാക്രമണത്തിന് ഉപയോഗിച്ചു എന്ന് സംശയിക്കുന്ന കാര്‍ ഒമ്പത് തവണ കൈമാറ്റം ചെയ്തതതാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. പൊള്ളാച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത മാരുതി 800 കാറാണ് സ്‌ഫോടനത്തിന് ഉപയോഗിച്ചത്. സ്‌ഫോടനം നടന്ന കാറിനകത്ത് നിന്ന് മാര്‍ബിള്‍ ചീളുകളും ആണികളും കണ്ടെത്തി. സ്‌ഫോടനത്തിൻ്റെ തീവ്രത കൂട്ടാനാകാം ഇവ നിറച്ചതെന്നാണ് സംശയിക്കുന്നത്. പാചകവാതക സിലിണ്ടറാണ് കാറിനകത്ത് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിക്കാത്ത നിലയില്‍ ഒരു പാചകവാതക സിലിണ്ടര്‍ കൂടി കാറിനകത്ത് കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിന് പിന്നാലെ തമിഴ്‌നാട് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. ആറ് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം. അതേസമയം സ്‌ഫോടനത്തിൻ്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട്ടില്‍ ജാഗ്രത കര്‍ശനമാക്കിയിരിക്കുകയാണ്. നഗരത്തിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെല്ലാം കര്‍ശ്ശന പരിശോധന നടത്തി വരികയാണ്. സ്‌ഫോടനം നടന്ന സ്ഥലത്തേക്ക് മാധ്യമ പ്രവര്‍ത്തകര്‍ക്കും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കോട്ടായി സംഗമേശ്വരര്‍ ക്ഷേത്രത്തിലേക്കുള്ള എല്ലാ റോഡുകളും സീല്‍ ചെയ്തിരിക്കുകയാണ്. പ്രദേശത്ത് വന്‍ പോലീസ് സന്നാഹം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

Sorry, there was a YouTube error.