
കാസർകോട്: ലോക സൈക്കിൾ ദിനത്തിൻ്റെ ഭാഗമായി കുട്ടികളിൽ ആരോഗ്യശീലം വളർത്തുന്നതിന് വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികൾ സൈക്കിൾ റാലി സംഘടിപ്പിച്ചു. ‘ഞാൻ നിശബ്ദ രക്ഷകൻ, പുകയും ശബ്ദവുമേകാത്ത സുഹൃത്ത്, വിഷരഹിത സഞ്ചാരം, ശബ്ദരഹിത സഞ്ചാരം, ഞാൻ ആരോഗ്യമേകുന്ന കൂട്ടുകാരൻ’ തുടങ്ങിയ നിരവധി മുദ്രാവാക്യങ്ങൾ എഴുതിയ പ്ലക്കാർഡുകൾ കൈയിലേന്തി കാഡറ്റുകൾ വിവിധയിടങ്ങളിൽ റാലിയിൽ അണിനിരന്നു.

നായന്മാർമൂല തൻബിഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്‌കൂൾ സ്റ്റുഡന്റ് പോലീസ് കാഡറ്റുകൾ നടത്തിയ ബോധവത്കരണ സൈക്കിൾ റാലി വിദ്യാനഗർ എസ്.ഐ അബ്ദുൾ റസാഖ്, സ്കൂൾ പ്രഥമാധ്യാപകൻ പി.നാരായണൻ എന്നിവർ ഫ്ളാഗ് ഓഫ് ചെയ്തു. ചൈൽഡ് ഫ്രണ്ട്‌ലി പോലീസ്, ജനമൈത്രി പോലീസ് എന്നിവയുടെ സഹകരണത്തോടെയാണ് റാലി നടന്നത്. സ്‌കൂളിൽ നിന്നാരംഭിച്ച റാലി ബി.സി റോഡ്, വിദ്യാനഗർ, മുനിസിപ്പൽ സ്റ്റേഡിയം, പടുവടുക്കം, കളക്ടറേറ്റ് പരിസരം എന്നിവിടങ്ങളിൽ സഞ്ചരിച്ച് സ്കൂളിൽ സമാപിച്ചു.

തച്ചങ്ങാട് ഗവ. ഹൈസ്കൂളിൽ ബേക്കൽ ജനമൈത്രി പോലീസിൻ്റെ സഹകരണത്തോടെ കുട്ടിപ്പോലീസുകാർ സൈക്കിൾ റാലി നടത്തി. ബേക്കൽ ഇൻസ്പെക്ടർ യു.പി വിപിൻ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. പ്രഥമാധ്യാപകൻ പി.കെ. സുരേശൻ, എ.വിജയകുമാർ, സുനിൽ കുമാർ കോറോത്ത്, പ്രണാബ് കുമാർ, എ.പി സുജിത, പി.സജിത എന്നിവർ സംസാരിച്ചു. സ്‌കൂളിൽ നിന്ന് ആരംഭിച്ച റാലി തച്ചങ്ങാട് ടൗൺ, മൗവ്വൽ ജങ്ഷൻ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് സ്‌കൂളിൽ അവസാനിച്ചു. പോലീസ് ഉദ്യോഗസ്ഥർ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരും പങ്കാളികളായി.
