എ.കെ.ജി സെൻ്റെര്‍ ആക്രമിച്ച പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി; ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി ഇല്ലേ എന്ന് പ്രതിപക്ഷം സഭയില്‍ ഒടുവില്‍ ഇറങ്ങിപ്പോക്ക്

  • Post category:Kerala / news / trending
  • Reading time:4 mins read
You are currently viewing എ.കെ.ജി സെൻ്റെര്‍ ആക്രമിച്ച പ്രതിയെ പിടിക്കുമെന്ന് മുഖ്യമന്ത്രി; ഉന്നയിച്ച പ്രശ്‌നത്തിന് മറുപടി ഇല്ലേ എന്ന് പ്രതിപക്ഷം സഭയില്‍ ഒടുവില്‍ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: എ.കെ.ജി സെൻ്റെര്‍ ആക്രമണത്തെ അപലപിക്കാന്‍ പ്രതിപക്ഷം തയ്യാറാകാത്തതില്‍ ആശ്ചര്യമെന്ന് മുഖ്യമന്ത്രി. നടന്നത് തെറ്റാണെന്ന് പറയാനുള്ള സൗമനസ്യം പോലും കാണിച്ചില്ല. പകരം, ഇ.പി.ജയരാജനാണ് ആക്രമണം നടത്തിയതെന്നാണ് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരന്‍ ആരോപിച്ചത്. ഇത്തരം മാനസികാവസ്ഥ എങ്ങനെ ഉണ്ടാകുന്നതാണെന്ന് അടിയന്തര പ്രമേയ ചര്‍ച്ചയുടെ മറുപടിക്കിടെ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ അടിയന്തര പ്രമേയം തള്ളിയതായി സ്പീക്കര്‍ എം.ബി.രാജേഷ് വ്യക്തമാക്കി. രണ്ടര മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്ക് ശേഷമാണ് വിഷയം തള്ളിയത്. ഉന്നയിച്ച വിഷയത്തിന് മുഖ്യമന്ത്രി മറുപടി പറഞ്ഞില്ലെന്നാരോപിച്ച്‌ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ആക്രമണത്തിന് പിന്നില്‍ ദുരൂഹതയുണ്ടെന്ന് പ്രതിപക്ഷം ആരോപിച്ചു.

എ.കെ.ജി സെൻ്റെറിന് നേരെ ഉണ്ടായ ആക്രമണത്തില്‍ ആഭ്യന്തര വകുപ്പിനേയും പൊലീസിനേയും കടന്നാക്രമിച്ച്‌ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ നിയമസഭയില്‍ ചര്‍ച്ചയ്ക്ക് പുതിയ തലം നല്‍കിയിരുന്നു. സ്‌ട്രൈക്കേഴ്‌സ് സംഘം കാവല്‍ നില്‍ക്കുന്ന സ്ഥലത്താണ് ആക്രമണം ഉണ്ടായത്. അത് എങ്ങനെ ഉണ്ടായി. അക്രമം നടക്കുന്നതിൻ്റെ തലേദിവസം വരെ ആ ഗെയ്റ്റിന് മുന്നില്‍ പട്രോളിങ് ജീപ്പ് ഉണ്ടായിരുന്നു. കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ ജീപ്പ് ആണിത്. എന്നാല്‍ അക്രമം നടന്ന അന്ന് ഈ ജീപ്പ് ഉണ്ടായില്ല. എന്തുകൊണ്ട് പട്രോളിങ് സംഘം അവിടെ ഉണ്ടായില്ല. ഇക്കാര്യം മുഖ്യമന്ത്രി പരിശോധിക്കണം. കണ്ടോണ്‍മെന്റ് പൊലീസ് സ്റ്റേഷനിലെ പട്രോളിങ് രജിസ്റ്റര്‍ പരിശോധിക്കണമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയവേ മുഖ്യമന്ത്രി കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനെ കടന്നാക്രമിക്കുന്ന തരത്തിലായിരുന്നു പരാമര്‍ശം. തെറ്റായ കാര്യങ്ങള്‍ സംഭവിച്ചാല്‍ സി.പി.എം അതിനെ ന്യായീകരിക്കില്ല. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചത് തെറ്റായ നടപടിയാണ്. അത് രഹസ്യമായി പറയുകയല്ല സി.പി.എം ചെയ്തത്. നടപടി എടുത്തു. സി.പി.എം തള്ളിപ്പറഞ്ഞു. അഖിലേന്ത്യാ തലത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും സര്‍ക്കാരിന് വേണ്ടി മുഖമന്ത്രിയും അത് ശരിയായില്ല എന്ന് പറഞ്ഞു. ഇതെന്തുകൊണ്ട് കോണ്‍ഗ്രസിന് കഴിയുന്നില്ല എന്ന് മുഖ്യമന്ത്രി ചോദിച്ചു.

ആക്രമണത്തെ തൊട്ടടുത്ത ദിവസം തന്നെ തള്ളിപ്പറഞ്ഞെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞെങ്കിലും കെ.പി.സി.സി പ്രസിഡണ്ടിനെയാണ് ഉദ്ദേശിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല സുധാകരനെ ന്യായീകരിച്ചെങ്കിലും സുധാകരനെ കുറിച്ച്‌ തന്നോട് പറയേണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സുധാകരൻ്റെ രീതികളിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നില്ല. സംഭവം ഉണ്ടായ ഉടന്‍ ഇ.പി സ്ഥലത്തെത്തിയത് അതിന് തൊട്ടുമുന്നിലെ ഫ്‌ളാറ്റില്‍ അദ്ദേഹം ഉണ്ടായിരുന്നത് കൊണ്ടാണ്. പി.കെ ശ്രീമതി എ.കെ.ജി സെൻ്റെറില്‍ ഉണ്ടായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബിൻ്റെ രീതിയെ കുറിച്ച്‌ തന്നോട് ചോദിക്കുന്നതിനേക്കാള്‍ കെ.പി.സി.സി പ്രസിഡണ്ടിനോട് ചോദിക്കുന്നതാണ് നല്ലത്. വേണ്ടി വന്നാല്‍ പൊലീസ് സ്റ്റേഷനില്‍ ബോംബ് ഉണ്ടാക്കും എന്ന് പറഞ്ഞത് പാര്‍ട്ടി സെക്രട്ടറി അല്ലേ എന്ന വി.ഡി.സതീശൻ്റെ ചോദ്യത്തിന്, വലിയ ശബ്ദമുണ്ടാക്കുന്ന ബോംബ് നാടന്‍ രീതിയില്‍ ഉണ്ടാക്കാനാകുമെന്ന് ദശാബ്ദങ്ങള്‍ക്ക് മുമ്പ് തെളിയിച്ചിട്ടുണ്ട് കെ.സുധാകരന്‍ എന്ന് മുഖ്യമന്ത്രി ആഞ്ഞടിച്ചു.

കണ്ണൂരിലെ പാര്‍ട്ടി ഓഫീസില്‍ കോണ്‍ഗ്രസ് ബോംബുണ്ടാക്കിയത് ഇന്ത്യാ ടുഡേ ചിത്രങ്ങള്‍ സഹിതം മുഖ്യമന്ത്രി വിശദീകരിക്കുകയും ചെയ്തു. എ.കെ.ജി സെൻ്റെറിന് നേരെയുണ്ടായത് പെട്ടന്നുണ്ടായ ആക്രമണമല്ല, ആസൂത്രിതമാണ്. സി.സി.ടി.വി ദൃശ്യങ്ങളില്‍ വാഹനം ആദ്യം വന്നുപോകുന്നത് കാണാം. തിരിച്ചെത്തിയാണ് ബോംബ് എറിഞ്ഞത്. പൊലീസുള്ള സ്ഥലം മനസ്സിലാക്കാനായിരുന്നു ആദ്യ വരവ്. ഇക്കാര്യത്തില്‍ പൊലീസിന് വീഴ്‌ച ഉണ്ടായോ എന്ന് പരിശോധിക്കും. സി.സി.ടി.വി പരിശോധനകളില്‍ വീഴ്‌ച സംഭവിച്ചിട്ടില്ല. ഏതെങ്കിലും ഒരാളെ പിടിക്കാനല്ല ഉദ്ദേശിക്കുന്നത്. വിശദമായ പരിശോധനയാണ് നടക്കുന്നത്. കൃത്യമായി തന്നെ പ്രതിയിലേക്ക് എത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിയെ സംഭവം ആസൂത്രണം ചെയ്തവര്‍ മറച്ചുപിടിക്കുകയാണ്. പക്ഷേ, പ്രതിയെ പിടികൂടുമെന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

എ.കെ.ജി സെൻ്റെറിൻ്റെ ഒരു ചില്ലെങ്കിലും എറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ് ഒരാള്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടു. അയാളെയാണ് പൊലീസ് ചോദ്യം ചെയ്തത്. അത് സ്വാഭാവിക നടപടി മാത്രമാണെന്നും പൊലീസിനെ ന്യായീകരിച്ച്‌ മുഖ്യമന്ത്രി പറഞ്ഞു. കോട്ടയം ഡി.സി.സി ഓഫീസ് ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്തു. കെ.പി.സി.സി ഓഫീസ് ആക്രമണത്തിലും കണ്ടോണ്‍മെന്റ് ഹൗസ് ആക്രമണത്തിലും കൃത്യമായി കേസ് എടുത്തു. എസ്.ഡി.പി.ഐക്കാര്‍ എ.കെ.ജി സെൻ്റെര്‍ സന്ദര്‍ശിച്ചു എന്ന വാര്‍ത്ത തെറ്റാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം വസ്തുതാപരം അല്ല. ജൂലൈ ഒന്നിന് എസ്.ഡി.പി.ഐ സംഘം വന്നെങ്കിലും കൂടിക്കാഴ്ചക്ക് താല്‍പര്യമില്ലെന്ന് വ്യക്തമാക്കി ഓഫീസ് ജീവനക്കാര്‍ തിരിച്ചയച്ചു. എസ്.ഡി.പി.ഐക്കാര്‍ ഫോട്ടോ എടുത്ത് പ്രചരിപ്പിക്കുക ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

തൻ്റെത് സുപരീക്ഷിത ജീവിതമാണെന്ന് മുഖ്യമന്ത്രി. അതുകൊണ്ട് എല്ലാം ചിരിച്ച്‌ കൊണ്ട് നേരിടും. മടിയില്‍ കനം ഇല്ലാത്തതുകൊണ്ട് മാത്രം അല്ല, ജീവിതത്തില്‍ ശുദ്ധിയുള്ള ആള്‍ക്ക് ആരുടെ മുന്നിലും തല കുനിക്കേണ്ടി വരില്ല. ജീവിതത്തില്‍ ശുദ്ധി പുലര്‍ത്താന്‍ ശ്രമിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. താല്‍ക്കാലിക ലാഭത്തിന് വേണ്ടി തെറ്റ് ചെയ്യരുത്. തൊട്ടതെല്ലാം പാളുന്നത് ആര്‍ക്കാണ് എന്ന് പ്രതിപക്ഷ നേതാവ് പരിശോധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വി.ഡി സതീശൻ്റെ ആരോപണങ്ങള്‍ ഇങ്ങനെ

എ.കെ.ജി സെൻ്റെറിന് ചുറ്റും ക്യാമറകള്‍. സമീപത്തുള്ള കടകളിലും വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും മറ്റുമായി 70ലേറെ ക്യാമറകള്‍. എന്നിട്ടും പ്രതി ഇതിലൊന്നും പെടുന്നില്ല. അതെന്തുകൊണ്ടാണ്. സക്കറിയായുടെ കഥ ഉദ്ധരിച്ച്‌ പറക്കും സ്ത്രീ വന്നിറങ്ങിയാണോ ആക്രമണം നടത്തിയതെന്ന് വി.ഡി സതീശന്‍ ചോദിച്ചു. പൊലീസ് പ്രതിയെ കണ്ടെത്തിയില്ല. എന്നാല്‍ അവിടെ എത്തിയ ഇ.പി ജയരാജന്‍ വന്നയുടന്‍ പറഞ്ഞു , കോണ്‍ഗ്രസാണ് ഇതിന് പിന്നിലെന്ന്. ഇത് കണ്ടപ്പോള്‍ തോന്നിയത് സംഭവം നടക്കുന്നതിന് അരമണിക്കൂര്‍ മുന്നേ ഇ.പി ജയരാജന്‍ പുറപ്പെട്ടോ എന്നാണെന്നും വി.ഡി സതീശന്‍ പരിഹസിച്ചു.

വിഷയം മാറ്റിക്കൊണ്ടുപോകാന്‍ ഭരണകക്ഷി ശ്രമിക്കുകയാണ്. പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരായ അക്രമം അവസാനിപ്പിക്കാന്‍ ആണ് അടിയന്തര പ്രമേയം കൊണ്ട് വന്നത്. സ്വന്തം പാര്‍ട്ടിയുടെ ഓഫീസ് ആക്രമണം ആഘോഷമാക്കുന്നത് എന്തിനെന്ന് എല്ലാവര്‍ക്കും മനസിലായി. പലതില്‍ നിന്നും ശ്രദ്ധ തിരിക്കാനാണ് ശ്രമം. കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരെ ബോംബേറ് ഉണ്ടായി, തീ വയ്‌പ്‌ ഉണ്ടായി , തൻ്റെ ഔദ്യോഗിക വസതിക്ക് അകത്ത് ആള്‍ കയറി വധിക്കുമെന്ന ഭീഷണി ഉയര്‍ത്തി. അവരെ ജീവനക്കാര്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. അവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. തനിക്ക് ഇതില്‍ പരാതി ഇല്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ പറഞ്ഞു. സര്‍ക്കാരിന് നേതൃത്വം കൊടുക്കുന്ന ഭരണ കക്ഷി പാര്‍ട്ടി തന്നെയാണ് അക്രമത്തിന് കുട പിടിക്കുന്നതെന്നും വി.ഡി സതീശന്‍ ആരോപിച്ചു.

എച്ച്‌.സലാം എം.എല്‍.എയുടെ കലാപാഹ്വാനം പൊലീസും സര്‍ക്കാരും കണ്ടില്ലേ, അതില്‍ കേസെടുത്തോ. എ.കെ.ജി സെൻ്റെറിലെ ഒരു ജനലെങ്കിലും കല്ലെറിഞ്ഞ് പൊട്ടിക്കുമെന്ന് പറഞ്ഞ ഒരു യുവാവിനെ പിടികൂടി. ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്ത് ചോദ്യം ചെയ്യല്‍ തുടങ്ങി. തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിച്ചോളു. അതില്‍ ഒരു തെറ്റും ഇല്ല. തെറ്റ് ചെയ്‌തെങ്കില്‍ പിന്നെന്തിനാണ് കേസ് പോലും ഒഴിവാക്കി അയാളെ വിട്ടയച്ചതെന്നും വി.ഡി സതീശന്‍ ചോദിച്ചു

കോടിയേരിയുടെ പ്രസംഗ വേദിയിലേക്ക് ബോംബ് എറിഞ്ഞ ആളെ കണ്ടെത്തിയോ, ടി.പിയെ വധിച്ചിട്ട് മാഷാ അള്ള എന്നെഴുതി വച്ച്‌ കുറ്റം മറ്റൊരാളുടെ മേല്‍ ചാരാന്‍ നോക്കിയവരല്ലേ നിങ്ങള്‍, ഇതിനൊക്കെ എന്ത് മറുപടിയാണുള്ളത്- വി.ഡി സതീശന്‍ ചോദിച്ചു. രാഹുല്‍ഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധി ഫോട്ടോ തകര്‍ത്ത സംഭവത്തില്‍ എസ്.എഫ്.ഐക്കാര്‍ കുറ്റക്കാരല്ലെന്ന് മുഖ്യമന്ത്രി ആദ്യം തന്നെ പറഞ്ഞു. പിന്നെ എങ്ങനെയാണ് പൊലീസ് മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കുകയെന്ന് വി.ഡി സതീശന്‍ ചോദിച്ചു.

0Shares