Categories
local news news

പടക്കെത്തി ഭഗവതിയുടെ രൂപം നിർമ്മിച്ച് തൻ്റെ ഇഷ്ട ദേവതയ്ക്ക് മുന്നിൽ സമർപ്പിച്ച് കൊളത്തൂരിലെ പവിത്രൻ

കാഞ്ഞങ്ങാട്: പാഴ് വസ്തുക്കൾ, മറ്റ് ഫാൻസി സാധനങ്ങൾ എന്നിവ ഉപയോഗിച്ച് തെയ്യ രൂപങ്ങളും മറ്റ് അലങ്കാര വസ്തുക്കളും നിർമ്മിക്കുന്നതിൽ കൊളത്തൂരിലെ പവിത്രനുള്ള കഴിവ് മിഴിവുറ്റതാണ്. ഇങ്ങനെ വിവിധ വസ്തുക്കൾ ഉപയോഗിച്ച് നിരവധി തെയ്യ രൂപങ്ങളും മറ്റേ കലാരൂപങ്ങളും നിർമ്മിച്ചിട്ടുണ്ട് പവിത്രൻ. പ്ലസ് ടു വരെ വിദ്യാഭ്യാസമുള്ള പവിത്രൻ വുഡ് കാർവിങ്ങ്, മെക്കാനിക്കൽ മേഖലയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഇങ്ങനെ ജോലി ചെയ്യുമ്പോഴും ഇടവേളകളിൽ ലഭിക്കുന്ന സമയത്താണ് ഇങ്ങനെയുള്ള കലാരൂപങ്ങളും തെയ്യങ്ങളും നിർമ്മിക്കുന്നത്. തൻ്റെ ജോലിയിൽ നിന്നുള്ള വരുമാനത്തിൽ നിന്നുമുള്ള തുകയിൽ നിന്നാണ് ഇത്തരം കലാരൂപങ്ങളും തെയ്യ നിർമ്മിതികളും രൂപപ്പെടുത്തിയെടുക്കുന്നതിനായ തുക പവിത്രൻ കണ്ടെത്തുന്നത്. തൻ്റെ തറവാടായ നാലപ്പാടം കുന്നത്ത് തറവാടിൽ നടന്ന കളിയാട്ട മഹോത്സവത്തിൽ ധർമ്മ ദൈവമായ പടക്കെത്തി ഭഗവതി തെയ്യം തറവാട് തിരുസന്നിധിയിൽ എത്തിയ ഭക്തർക്ക് ദർശനം നൽകുന്ന വേളയിലാണ് പവിത്രൻ താൻ നിർമ്മിച്ച പടക്കെത്തി ഭഗവതിയുടെ മുഴുകായ തെയ്യ രൂപം തൻ്റെ ഇഷ്ട ദേവതയ്ക്ക് മുന്നിൽ സമർപ്പിച്ചത്. കളിയാട്ടത്തിന് എത്തിയ മുഴുവൻ ആളുകൾക്കും ഇത് നവ്യാനുഭവമായ കാഴ്ചയായി മാറുകയും ഏവരും പവിത്രനെ പ്രശംസിക്കുകയും ചെയ്തു.

കൊളത്തൂരിലെ മാധവൻ്റെയും ഓമനയുടെയും മകനായ പവിത്രൻ പയ്യന്നൂരിലെയും കാസർകോട്ടെയും സ്ഥാപനങ്ങളിൽ നിന്നാണ്ദേവരൂപങ്ങളും മറ്റ് അലങ്കാര രൂപങ്ങളും ഉണ്ടാക്കുന്നതിന് ആവശ്യമായ സാധനങ്ങൾ വാങ്ങിക്കുന്നത്. ആദ്യമായാണ് താൻ നിർമ്മിച്ച ദേവ രൂപം ഒരു ദേവതയ്ക്ക് മുന്നിൽ സമർപ്പിക്കുന്നത് എന്നും ഇതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിൽ നിന്ന് ലഭിക്കുന്ന അഭിനന്ദനങ്ങള്‍ ഉൾക്കൊണ്ട് പുതിയ വഴികളിലേക്ക് കടക്കാൻ തയ്യാറാകുമെന്നും പവിത്രൻ പറഞ്ഞു.

0Shares

Leave a Reply

Your email address will not be published. Required fields are marked *