Categories
news

പണി അന്തിമഘട്ടത്തിൽ; ജെ.സി.ബി പോലുള്ള ഭാരമേറിയ വാഹനത്തിനും കടന്നുപോകാനാകും; വിശാലമായ അതിനൂതന പാലം സർക്കാർ നിർമ്മിക്കുന്നത് വരെ നിലനിർത്തും; വയനാട് മുണ്ടക്കൈയിൽ സൈന്യം പണിയുന്ന ബെയ്‌ലി പാലവും വിശേഷവും..

വയനാട്: ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ പ്രദേശത്ത് ഒലിച്ചുപോയ പാലത്തിന് പകരം സൈന്യം പണിയുന്ന അടിയന്തിര പാലത്തിന്റെ പണി ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. പാലത്തിലൂടെ യാത്ര സജ്ജമായാൽ കൂടുതൽ യന്ത്രങ്ങളും ഉപകരണങ്ങളും മറുവശത്ത് എത്തിക്കാനാകും. രക്ഷാപ്രവർത്തനത്തിനും, നാട്ടുകാർക്കും സർക്കാരിനും ഇത് വളരെ ഉപകാരപ്രദമാവുമെന്നാണ് സൈന്യം പറയുന്നത്. സർക്കാർ ഇവിടെ അതിനൂതനമായ വിശാലമായ പാലം പണിയുന്നത് വരെ ഈ പാലം നിലനിർത്തും.

ബെയ്‌ലി പാലം കരസേനയുടെ അംഗങ്ങളാണ് നിര്‍മ്മിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ മുണ്ടക്കൈ ഭാഗത്തുള്ള കരയിൽ പാലം ബന്ധിപ്പിക്കാനാകുമെന്നാണ് കരുതുന്നത്. ഉച്ചയ്ക്ക് ശേഷം പണി പൂർത്തീകരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പണി പൂർത്തീകരിച്ചാൽ ജെ.സി.ബി അടക്കമുള്ള വാഹനങ്ങൾ ബെയിലി പാലത്തിലൂടെ കടന്നുപോകാനാകും. നിലവിൽ നടന്നുപോകാനുള്ള പാലം സൈന്യം ഇന്നലെത്തന്നെ നിർമിച്ചു നൽകിയിട്ടുണ്ട്. ഈ പാലത്തിലൂടെയാണ് നിലവിൽ രക്ഷാപ്രവർത്തകർ കടന്നു പോകുന്നത്.

കണ്ണൂർ പ്രതിരോധ സുരക്ഷാസേനയിലെ (ഡിഎസ്സി) ക്യാപ്റ്റൻ പുരൻ സിങ് നഥാവത് ആണ് ബെയ്‍ലി പാലത്തിന്‍റെ നിര്‍മ്മാണ പ്രവർത്തനം ഏകോപിപ്പിക്കുന്നത്. 17 ട്രക്കുകളിലായാണ് പാലം നിർമ്മാണത്തിനുള്ള സാമഗ്രികൾ വയനാട്ടിലേക്ക് എത്തിച്ചത്. ബ്രിട്ടീഷുകാരന്‍റെ കണ്ടുപിടുത്തമായ ഈ പാലം ലോക വ്യാപകമായി ദുരിതബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങളിൽ ഇത് ഉപയോഗിക്കുന്നു. 1942 -ൽ രണ്ടാം ലോകമഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാരനായ ഡൊണാൾഡ് ബെയ്‍ലിയാണ് ആദ്യമായി ഇത്തരമൊരു പാലം ഉണ്ടാക്കിയത്.

ബെയ്‍ലി പാലം ഇന്ത്യയിൽ: ആദ്യമായി സൈനികാവശ്യത്തിനായി ഇത്തരം പാലം നിർമ്മിച്ചത് കശ്മീരിലാണ്. ലഡാക്കിലെ ദ്രാസ് നദിക്കും സുറു നദിക്കുമിടയിലായിരുന്നു ആ പാലം നിര്‍മ്മാണം. അതിന് 30 മീറ്റർ (98 അടി) നീളമുണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും 5,602 മീറ്റർ ഉയരത്തിലാണ് ആ പാലം സ്ഥിതി ചെയ്യുന്നത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ പമ്പാ നദിക്ക് കുറുകെ പാലം തകർന്നപ്പോഴാണ് അതിന് പകരം 1996 നവംബർ എട്ടിന് ആദ്യമായി കേരളത്തിൽ ബെയ്ലി പാലം സൈന്യം നിർമ്മിച്ചത്. ഇവ നല്ല ഉറപ്പുള്ളതാണ്. ടണ്‍ കണക്കിന് ഭരമുള്ള വലിയ യുദ്ധ ടാങ്കുകളെ വരെ ഇതിലൂടെ കൊണ്ടുപോകാനാകുന്നു. അതിനാൽ ദുരന്തമുഖത്ത് ഇതിന് വലിയ പ്രാധാന്യമുണ്ട്. ഭാരം താങ്ങാനുള്ള ശേഷി അനുസരിച്ച് ക്ലാസ് 40 ടൺ, ക്ലാസ് 70 ടൺ വിഭാഗങ്ങളിലുള്ള പാലങ്ങളാണ് സാധാരണ നിർമ്മിക്കുന്നത്.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest