പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു, കുഴിയിൽ മുളക് പൊടി വിതറി; ഇടുക്കിയിൽ അയൽവാസിയുടെ വീട്ടിൽ സിന്ധുവിന്‍റെ മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ

  • Post category:news
  • Reading time:1 min read
You are currently viewing പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞു, കുഴിയിൽ മുളക് പൊടി വിതറി; ഇടുക്കിയിൽ അയൽവാസിയുടെ വീട്ടിൽ  സിന്ധുവിന്‍റെ മൃതദേഹം ഒളിപ്പിക്കാൻ ചെയ്തത് വൻ ശ്രമങ്ങൾ

ഇടുക്കി ജില്ലയിലെ പണിക്കൻകുടിയിൽ അയൽവാസിയുടെ വീട്ടിൽ കുഴിച്ചിട്ട വീട്ടമ്മയുടെ മൃതദേഹം ഇന്ന് രാവിലെ പുറത്തെടുത്തു. മൃതദേഹം കാണാതായ സിന്ധുവിന്റേത് തന്നെയാണെന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റിക് കൊണ്ട് പൊതിഞ്ഞ ശേഷമാണ് അയൽവാസി ബിനോയ് സിന്ധുവിന്‍റെ മൃതദേഹം കുഴിച്ചിട്ടത്. മൃതദേഹത്തിൽ നിന്നും വസ്ത്രം പൂർണമായും മാറ്റിയിരുന്നു.

അന്വേഷണമുണ്ടായാൽ പോലീസ് നായ മണം പിടിച്ചെത്താതിരിക്കാൻ കുഴിയിലാകെ മുളക് പൊടി വിതറി. ഇൻക്വസ്റ്റ് പൂർത്തിയായ ശേഷം പോസ്റ്റുമോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. അതിനിടെ സിന്ധുവിനെ ബിനോയ് കൊല്ലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന തരത്തിലുള്ള മകന്‍റെ മൊഴിയുണ്ടായിട്ടും പൊലീസ് അത് ഗൗരവമായെടുത്തില്ലെന്ന് ബന്ധുക്കൾ ആരോപിച്ചു.

മൃതദേഹം കണ്ടെത്തിയ അടുക്കളയിലെ തറയിലെ മണ്ണ് മാറ്റിയെന്ന് മൊഴിയുണ്ടായിട്ടും പോലീസ് അന്വേഷിച്ചില്ല. ആഗസ്റ്റ് 16ന് മാത്രമാണ് ബിനോയ് ഒളിവിൽ പോയതെന്നും ബന്ധുക്കൾ പറഞ്ഞു. ഇന്നലെയാണ് മൂന്നാഴ്ച മുമ്പ് കാണാതായ വീട്ടമ്മ സിന്ധുവിന്‍റെ മൃതദേഹം അയൽവാസിയുടെ അടുക്കളയിൽ കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്.

ഭർത്താവുമായി പിണങ്ങി കാമാക്ഷി സ്വദേശിയായ സിന്ധു കഴിഞ്ഞ ആറ് കൊല്ലമായി പണിക്കൻകുടിയിൽ വാടയ്ക്ക് താമസിക്കുകയായിരുന്നു. ഈ വീടെടുത്ത് നൽകിയത് ബിനോയ് ആയിരുന്നു. ഇരുവരും അടുപ്പത്തിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. കഴിഞ്ഞ 12ന് ചികിത്സയിൽ കഴിയുന്ന ഭർത്താവിനെ കാണാൻ പോയെന്ന പേരിൽ സിന്ധുവും ബിനോയും തമ്മിൽ തർക്കമുണ്ടായെന്നും അന്ന് മുതൽ അമ്മയെ കാണാനില്ലെന്നുമായിരുന്നു ഇളയ മകൻ പോലീസിന് നൽകിയ മൊഴി.

ഇതിന്‍റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തി. ഡോഗ് സ്‌കോഡടക്കം സ്ഥലത്തെത്തി പല കുറി പരിശോധിച്ചെങ്കിലും തുമ്പൊന്നും കിട്ടിയില്ല. പിന്നീട് സിന്ധുവിന്‍റെ ബന്ധുക്കളായ ചെറുപ്പക്കാർ ബിനോയിയുടെ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്.

0Shares