Trending News





മലപ്പുറം: കരിപ്പൂര്‍ വിമാന താവളത്തിലൂടെ സ്വര്‍ണ്ണം കടത്തികൊണ്ട് വന്ന യുവതിയും ഈ സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എത്തിയ സംഘവും പോലീസ് പിടിയില്‍. സുല്‍ത്താന്‍ ബത്തേരി സ്വദേശിനി ഡീന (30), കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ് (24), കോഴികോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ് (36) എന്നിവരാണ് പിടിയിലായത്.
Also Read
ഡിസംബര്‍ 22നായിരുന്നു കേസിന് ആസ്പദമായ സംഭവം. രാവിലെ എട്ടരയ്ക്ക് ദുബായില്‍ നിന്നും ഡീന വിമാന താവളത്തിലെത്തി. ഇവരുടെ കൈവശം എട്ട് ലക്ഷം രൂപ വിലവരുന്ന 146 ഗ്രാം സ്വര്‍ണ്ണവും ഉണ്ടായിരുന്നു. വയനാട് സ്വദേശി സുബൈര്‍ എന്നയാള്‍ക്ക് വേണ്ടിയാണ് ഡീന സ്വര്‍ണ്ണം നിയമ വിരുദ്ധമായി കൊണ്ടുവന്നത്.

എന്നാല്‍ മുമ്പും സ്വര്‍ണ്ണം കടത്തിയിട്ടുള്ള ഡീന ഇത്തവണ സ്വര്‍ണ്ണം തട്ടുന്ന സംഘവുമായി ഒത്തുചേര്‍ന്ന് ഈ സ്വര്‍ണ്ണം തട്ടിയെടുത്ത് വീതം വെക്കാനായിരുന്നു പദ്ധതിയിട്ടത്. ഡീനയില്‍ നിന്നും സ്വര്‍ണ്ണം തട്ടിയെടുക്കാന്‍ എയര്‍പോര്‍ട്ടിൽ എത്തിയത് കോഴികോട് നല്ലളം സ്വദേശി മുഹമ്മദ് സഹദും, കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസുമാണ്.
ഒരേസമയം കസ്റ്റംസിനെ വെട്ടിച്ചും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിലെത്തിയ സംഘത്തെ കബളിപ്പിച്ചും കവര്‍ച്ചാ സംഘത്തോടൊപ്പം കാറില്‍ കയറി അതിവേഗം എയര്‍പോര്‍ട്ടിന് പുറത്തേക്ക് പോയ ഡീനയുടെ വാഹനത്തെ പോലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസ് നടത്തിയ നീക്കത്തിലൂടെയാണ് മൂന്ന് പ്രതികളെയും വാഹന സഹിതം വിമാന താവളത്തിൻ്റെ കവാടത്തിന് സമീപത്ത് പിടികൂടിയത്.
കസ്റ്റഡിയിലെടുത്ത ഡീനയേയും സംഘത്തേയും ഏറെ നേരത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ലഗ്ഗേജില്‍ ഒളിപ്പിച്ച സ്വര്‍ണ്ണം കണ്ടെടുക്കാനായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം തൊണ്ടി മുതല്‍ സഹിതം കോടതിയില്‍ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് മഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി റിമാന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റ് പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതാക്കിയിട്ടുണ്ട് എന്ന് പോലീസ് അറിയിച്ചു.
കഴിഞ്ഞ നാല് മാസത്തിനിടെ, കള്ളകടത്ത് സ്വര്‍ണ്ണം തട്ടാന്‍ കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയ മൂന്ന് കവര്‍ച്ചാ സംഘങ്ങളെയാണ് സ്വര്‍ണ്ണം സഹിതം ഇതിനോടകം പോലീസ് അറസ്റ്റ് ചെയ്തത്. ഇതുവരെ 87 സ്വര്‍ണക്കടത്ത് കേസുകളാണ് കരിപ്പൂരില്‍ പോലീസ് പിടികൂടിയത്.

Sorry, there was a YouTube error.