അര്‍ബുദം നേരത്തേ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും; രോഗങ്ങള്‍ കണ്ടെത്തുന്നതിന് സ്‌ക്രീൻ ഫോര്‍ ലൈഫ് പ്രോഗ്രാം വിപുലീകരിക്കുകയാണ് ലക്ഷ്യം

  • Post category:Gulf / health / news
  • Reading time:2 mins read
You are currently viewing അര്‍ബുദം നേരത്തേ കണ്ടെത്താന്‍ നിര്‍മിത ബുദ്ധിയും; രോഗങ്ങള്‍ കണ്ടെത്തുന്നതിന് സ്‌ക്രീൻ ഫോര്‍ ലൈഫ് പ്രോഗ്രാം വിപുലീകരിക്കുകയാണ് ലക്ഷ്യം

ദോഹ: ദേശീയ കാൻസര്‍ സ്‌ക്രീനിങ് പ്രോഗ്രാമായ സ്‌ക്രീൻ ഫോര്‍ ലൈഫില്‍ നിര്‍മിത ബുദ്ധിയും (എ.ഐ) ടെലി റേഡിയോളജിയും ഉള്‍പ്പെടുത്താനുള്ള പദ്ധതിയുമായി ഖത്തര്‍ ആരോഗ്യ വകുപ്പ് അധികൃതര്‍. രാജ്യത്തിന് പുറത്തുനിന്നുള്ള റേഡിയോളജിസ്റ്റുകളുടെ വൈദഗ്ധ്യത്തിലൂടെ ചിത്രങ്ങളെ വ്യാഖ്യാനിക്കാൻ അനുവദിക്കുന്ന ടെലിറേഡിയോളജി അവതരിപ്പിച്ചുകൊണ്ട് സ്‌തന, കുടല്‍ കാൻസര്‍ സ്‌ക്രീനിങ് പ്രോഗ്രാം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിലാണ് ഇപ്പോള്‍ ശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ എര്‍ലി ഡിറ്റക്ഷൻ പ്രോഗ്രാമുകളുടെ അധ്യക്ഷയായ ഡോ. ശൈഖ അബൂ ശൈഖ വ്യക്തമാക്കി.

ദേശീയ കാൻസര്‍ സ്‌ക്രീനിങ് പ്രോഗ്രാം കൂടുതല്‍ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അവര്‍. സ്‌തന, കുടല്‍ കാൻസര്‍ പരിശോധനയില്‍ പങ്കെടുക്കുന്നവരുടെ ചിത്രങ്ങള്‍ക്ക് മുൻഗണന നല്‍കുന്നതിന് നിര്‍മിത ബുദ്ധിയെയും ഞങ്ങള്‍ ആശ്രയിക്കുന്നുണ്ടെന്നും സംശയിക്കപ്പെടുന്ന ചിത്രങ്ങള്‍ വായിക്കുന്നതിന് അത് സഹായിക്കുമെന്നും, അതോടൊപ്പം മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി മികച്ച രീതികള്‍ നടപ്പാക്കാൻ പരിശീലിപ്പിക്കുന്നതിലും ശ്രദ്ധയൂന്നുന്നതായും ഡോ. അബൂശൈഖ വിശദീകരിച്ചു.

രാജ്യത്ത് നിലവിലുള്ള ആദ്യകാല കാൻസര്‍ സ്‌ക്രീൻ സംരംഭങ്ങളുടെ വിജയത്തെ അടിസ്ഥാനമാക്കി, വിവിധതരം കാൻസര്‍ രോഗങ്ങള്‍ കണ്ടെത്തുന്നതിന് സ്‌ക്രീൻ ഫോര്‍ ലൈഫ് പ്രോഗ്രാം വിപുലീകരിക്കുകയാണ് അധികൃതരുടെ ലക്ഷ്യം.

അടുത്ത കാലത്തായി ലോകമെമ്പാടുമുള്ള കാൻസര്‍ സ്‌ക്രീനിങ്ങുകളില്‍ നിര്‍മിത ബുദ്ധി ഉപയോഗപ്പെടുത്തിയതിലൂടെ രോഗം നേരത്തേ കണ്ടെത്തുന്നതില്‍ വലിയ വിപ്ലവം സൃഷ്ടിച്ചിരുന്നു. എ.ഐ അല്‍ഗോരിതങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ മെഡിക്കല്‍ പ്രഫഷനലുകള്‍ക്ക് കാൻസര്‍ സ്‌ക്രീനിങ്ങുകളില്‍നിന്ന് ലഭിക്കുന്ന ഇമേജുകള്‍ കൂടുതല്‍ വിശകലനം ചെയ്യാനും കൃത്യത ഉറപ്പുവരുത്താനും സാധിക്കും.

ഇതിലൂടെ ഉടൻ ചികിത്സ ആവശ്യമുള്ള കേസുകള്‍ വേഗത്തില്‍ തിരിച്ചറിയാനും രോഗനിര്‍ണയവും ചികിത്സയും മറ്റ് ഇടപെടലുകളും വേഗത്തിലാക്കാനും ആരോഗ്യ പ്രവര്‍ത്തകരെ അനുവദിക്കുകയും ചെയ്യുന്നു.

അതേസമയം, സ്‌തന, കുടല്‍ കാൻസറുമായി ബന്ധപ്പെട്ട ബോധവത്കരണവും സ്‌ക്രീനിങ് സംരംഭങ്ങളും വിജയകരമായിരുന്നുവെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ടെന്ന് ഡോ. ശൈഖ അബൂ ശൈഖ പറഞ്ഞു.സ്‌ക്രീൻ ഫോര്‍ ലൈഫ് പൊതുജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ ജനപ്രിയമായിട്ടുണ്ട്. യോഗ്യരായ ജനസംഖ്യയുടെ 50 ശതമാനം ആളുകളെയും ഞങ്ങള്‍ പരിശോധനക്ക് വിധേയരാക്കിയിട്ടുണ്ട്.

ആളുകള്‍ ആനുകൂല്യങ്ങളെ കുറിച്ച്‌ ബോധവാന്മാരാണെന്നും സ്‌ക്രീനിങ്ങിനായി മുന്നോട്ടു വരുന്നത് നല്ല പ്രവണതയാണെന്നും അവര്‍ വ്യക്തമാക്കി. ശ്വാസകോശ അര്‍ബുദം, സെര്‍വിക്കല്‍ കാൻസര്‍, തൈറോയ്‌ഡ്‌ കാൻസര്‍ തുടങ്ങിയ മറ്റു തരത്തിലുള്ള കാൻസറുകളും സ്‌ക്രീനിങ് പ്രോഗ്രാമില്‍ ഉള്‍പ്പെടുന്നതിനുള്ള സാധ്യതാ പഠനങ്ങള്‍ നടന്നുവരുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

0Shares