
സാക്ഷി മാലിക്കും വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും അടക്കം പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു. ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ പ്രതിഷേധം പിന്‍വലിക്കാതെയാണ് ജോലി പുനരാരംഭിച്ചിരിക്കുന്നത്.
പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ താരങ്ങള്‍ നിഷേധിച്ചു.നീതി ലഭിക്കും വരെ സമരം തുടരുമെന്ന് ഒളിംപ്യന്‍ സാക്ഷി മാലിക്ക് പറഞ്ഞു. ‘പ്രക്ഷോഭം പിന്‍വലിച്ചിട്ടില്ല, പിന്‍വലിക്കുകയുമില്ല. നീതി ലഭിക്കും വരെ സമരം തുടരും. റെയില്‍വേയിലെ ജോലിയുമായി ബന്ധപ്പെട്ട് ചില ഉത്തരവാദിത്തങ്ങള്‍ പൂര്‍ത്തിയാക്കാനുള്ളതിനാലാണ് ഓഫീസിലെത്തിയത്. സമരത്തെ ദുര്‍ബലമാക്കാനാണ് ചില അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കപ്പെടുന്നത്,’ സാക്ഷി മാലിക്ക് പറഞ്ഞു.

സമരം പിന്‍വലിക്കുന്നെന്നത് കിംവദന്തി മാത്രമാണെന്ന് ബജ്രംഗ് പുനിയ പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ല. നീതി കിട്ടും വരെ സമരം തുടരുമെന്നും പുനിയ ട്വീറ്റ് ചെയ്തു. കേന്ദ്ര മന്ത്രി അമിത് ഷായുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമാണ് ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിരിക്കുന്നത്. സമരവും പിന്‍വലിച്ചെന്ന വാര്‍ത്തകള്‍ ഇതിനൊപ്പം പ്രചരിച്ചിരുന്നു.
