വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം ഇന്ത്യ നിക്ഷേപ സുരക്ഷിതം അല്ലെന്ന്; ഇന്ത്യൻ ഭരണ സ്ഥാനത്തുള്ളവർക്ക് മാഗ്നിറ്റ്സ്കി നിയമം നടപ്പാക്കാൻ ആവശ്യപ്പെട്ടു, പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണം എന്ന് കേന്ദ്ര സര്‍ക്കാര്‍

You are currently viewing വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം ഇന്ത്യ നിക്ഷേപ സുരക്ഷിതം അല്ലെന്ന്; ഇന്ത്യൻ ഭരണ സ്ഥാനത്തുള്ളവർക്ക് മാഗ്നിറ്റ്സ്കി നിയമം നടപ്പാക്കാൻ  ആവശ്യപ്പെട്ടു, പരമാധികാരത്തിന് നേരെയുള്ള കടന്നാക്രമണം എന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ധനമന്ത്രി നിര്‍മല സീതാരാമൻ്റെ അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ യു.എസിലെ പ്രമുഖ പത്രമായ വാള്‍സ്ട്രീറ്റ് ജേണലില്‍ വന്ന പരസ്യത്തിനെതിരെ കേന്ദ്ര സര്‍ക്കാര്‍. കഴിഞ്ഞ ആഴ്‌ച ലോകബാങ്ക്- ഐ.എം.എഫ് യോഗങ്ങളില്‍ പങ്കെടുക്കാന്‍ നിര്‍മല സീതാരാമന്‍ യു.എസില്‍ എത്തിയപ്പോഴാണ് ‘ഇന്ത്യ നിക്ഷേപത്തിന് സുരക്ഷിതമല്ല’ എന്ന രീതിയില്‍ ഒരു മുഴുപ്പേജ് പരസ്യം പ്രത്യക്ഷപ്പെട്ടത്.

നിര്‍മല സീതാരാമനും സുപ്രീം കോടതിയിലെ രണ്ട് ജഡ്ജിമാരും അന്വേഷണ ഏജന്‍സികളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 11 പേര്‍ക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏര്‍പ്പെടുത്തണമെന്നും പരസ്യത്തില്‍ ആവശ്യപ്പെട്ടു. എന്നാല്‍, പരസ്യം ഇന്ത്യയുടെ പരമാധികാരത്തിന് മേലുള്ള കടന്നാക്രമണമാണെന്ന് ചൂണ്ടിക്കാട്ടിയ കേന്ദ്ര സര്‍ക്കാര്‍ അതിനെ അപലപിക്കുകയും ചെയ്തു.

നിര്‍മല സീതാരാമന്‍ ഉള്‍പ്പെടുന്ന മോദി സര്‍ക്കാര്‍, ഗവണ്‍മെണ്ട് സംവിധാനങ്ങളെ ഉപയോഗിച്ച്‌ രാഷ്ട്രീയ, ബിസിനസ് എതിരാളികളെ അടിച്ചമര്‍ത്തുകയും നിയമവാഴ്‌ച തകര്‍ക്കുകയും​ ചെയ്യുന്നത് ഇന്ത്യയെ നിക്ഷേപകര്‍ക്ക് സുരക്ഷിതമല്ലാത്ത ഇടമാക്കി ഇരിക്കുകയാണെന്ന് പരസ്യം ആരോപിച്ചു. “നിങ്ങള്‍ ഇന്ത്യയിലെ ഒരു നിക്ഷേപകനാണെങ്കില്‍, അടുത്തത് നിങ്ങളുടെ ഊഴമായിരിക്കാം. മോദി സര്‍ക്കാരിന് കീഴില്‍, നിയമവാഴ്‌ചയുടെ തകര്‍ച്ച ഇന്ത്യയെ നിക്ഷേപ സൗഹൃദമല്ലാത്ത സ്ഥലമാക്കി മാറ്റി,” പരസ്യത്തില്‍ പറയുന്നു.

സീതാരാമനെ കൂടാതെ, സുപ്രീം കോടതി ജഡ്ജിമാരായ വി.രാമ സുബ്രഹ്മണ്യന്‍, ഹേമന്ത് ഗുപ്ത, എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റിലെ അസി. ഡയറക്ടര്‍ ആര്‍.രാജേഷ്, ആന്‍ട്രിക്സ് കോര്‍പറേഷന്‍ ചെയര്‍മാന്‍ (ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച്‌ ഓര്‍ഗനൈസേഷൻ്റെ ബിസിനസ് വിഭാഗം) രാകേഷ് ശശിഭൂഷണ്‍, അഴിമതി നിരോധന നിയമം പ്രത്യേക ജഡ്ജ് ചന്ദ്രശേഖര്‍, അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ എന്‍.വെങ്കിട്ടരാമന്‍, സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത, ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് (സി.ബി.ഐ) ആശിഷ് പരീഖ്, എന്‍ഫോഴ്സ്മെണ്ട് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.സാദിഖ് മുഹമ്മദ് നൈജ്നാര്‍, എന്‍ഫോഴ്സ്മെണ്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര എന്നിവാണ് പരസ്യത്തില്‍ പരാമര്‍ശിക്കപ്പെട്ടവര്‍.

ഗ്ലോബല്‍ മാഗ്നിറ്റ്‌സ്‌കി ഹ്യൂമന്‍ റൈറ്റ്‌സ് അക്കൗണ്ടബിലിറ്റി ആക്‌ട് പ്രകാരം ഇവര്‍ക്കെതിരെ സാമ്പത്തിക, വിസ ഉപരോധം ഏര്‍പ്പെടുത്താന്‍ ഞങ്ങള്‍ യു.എസ് സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പരസ്യത്തില്‍ പറയുന്നു. ധനമന്ത്രി സീതാരാമന്‍ ഉള്‍പ്പെടെ 11 ഇന്ത്യന്‍ ഉദ്യോഗസ്ഥരെ ‘മോദിയുടെ മാഗ്നിറ്റ്‌സ്‌കി 11’ എന്നാണ് പരസ്യം വിശേഷിപ്പിക്കുന്നത്. മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ വിദേശ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ യു.എസിലേക്കുള്ള പ്രവേശനം നിരോധിക്കാനും അവരുടെ സ്വത്തുക്കള്‍ മരവിപ്പിക്കാനും അധികാരം നല്‍കുന്നതാണ് മാഗ്നിറ്റ്സ്കി നിയമം.

ഇന്ത്യന്‍ വ്യവസായിയായ രാമചന്ദ്രന്‍ വിശ്വനാഥനും സുഹൃത്തുക്കളും ചേര്‍ന്ന് യു.എസ് ആസ്ഥാനമായി സ്ഥാപിച്ച ഫ്രോണ്ടിയേഴ്‌സ് ഓഫ് ഫ്രീഡം ഫൗണ്ടേഷനാണ് പരസ്യത്തിന് പിന്നിലെന്ന് കരുതുന്നു. പരസ്യത്തിൻ്റെ ചുവടെയുള്ള ക്യു.ആര്‍ കോഡ് ഇതിൻ്റെ വെബ്‌സൈറ്റിലേക്കാണ് നയിക്കുന്നത്. ദേവാസ് മള്‍ട്ടി മീഡിയ മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറാണ് വിശ്വനാഥന്‍.

2005ല്‍ ദേവാസും ബഹിരാകാശ വകുപ്പിൻ്റെ ബിസിനസ് വിഭാഗമായ ആന്‍ട്രിക്‌സും തമ്മിലുള്ള ഇടപാടില്‍ വിശ്വനാഥനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ തമ്മിലുള്ള തര്‍ക്കം ഇന്ത്യന്‍ സര്‍ക്കാര്‍ കരാര്‍ റദ്ദാക്കുന്നതിലേക്ക് നയിക്കുകയും ഇത് ദേവാസും ആന്‍ട്രിക്‌സും തമ്മിലുള്ള നിയമ പോരാട്ടത്തില്‍ കലാശിക്കുകയും ചെയ്തു. ആന്‍ട്രിക്‌സുമായുള്ള ഇടപാടില്‍ ദേവാസ് ക്രമക്കേട് നടത്തിയെന്ന് ഈ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി വിധിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഫ്രോണ്ടിയേഴ്‌സ്‌ ഓഫ് ഫ്രീഡം ഇൻ്റെര്‍നാഷനലിൻ്റെ സഹായത്തോടെ ദേവാസ് യു.എസ് കോടതിയെ സമീപിക്കുകയും യു.എസിലെ ആന്‍ട്രിക്സിൻ്റെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളും പണവും കണ്ടുകെട്ടാന്‍ ദേവാസിന് കോടതി അനുമതി നല്‍കുകയും ചെയ്തു.

ദേവാസിനെതിരായ സർക്കാരിൻ്റെ എതിർ നടപടികൾ അടുത്തിടെയാണ് ഉണ്ടായത്. ഈ വർഷം ഓഗസ്റ്റിൽ, ഇൻ്റെർനാഷണൽ ചേംബർ ഓഫ് കൊമേഴ്‌സ് 2015-ൽ പാസാക്കിയ ദേവാസ് മൾട്ടിമീഡിയയ്ക്ക് അനുകൂലമായ 1.3 ബില്യൺ ഡോളറിൻ്റെ (പലിശ ഉൾപ്പെടെ) ആർബിട്രേഷൻ വിധി ഡൽഹി ഹൈക്കോടതി മാറ്റിവച്ചു. അഴിമതി ആരോപണത്തിൽ വിശ്വനാഥനെ സർക്കാർ അറസ്റ്റ് ചെയ്യാനും മൗറീഷ്യസിലെ ദേവാസ് അക്കൗണ്ടുകൾ മരവിപ്പിക്കാനും മ്യൂച്വൽ ലീഗൽ അസിസ്റ്റൻസ് ട്രീറ്റി (എം.എൽ.എ.ടി) ഉപയോഗിക്കുകയും യു.എസിൽ നിന്ന് കൈമാറാൻ ഇൻ്റെർപോളിൻ്റെ റെഡ് കോർണർ നോട്ടീസ് അഭ്യർത്ഥിക്കുകയും ചെയ്‌തിരുന്നു.

അതേസമയം, ഇന്ത്യയും യു.എസും തമ്മിലുള്ള ക്രിമിനല്‍ വിഷയങ്ങളിലെ പരസ്പര നിയമ സഹായ ഉടമ്പടി ഉപയോഗിച്ച്‌ വിശ്വനാഥനെ അറസ്റ്റ് ചെയ്ത് നാടുകടത്താനുള്ള ശ്രമത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍. വിശ്വനാഥനെ കൈമാറാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങളാണ് വാള്‍സ്ട്രീറ്റ് ജേണലില്‍ പരസ്യം നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ഇത് മോദി സർക്കാരിനെതിരെ മാത്രമുള്ള പ്രചാരണമല്ല. ഇത് ജുഡീഷ്യറിക്ക് എതിരായ പ്രചാരണമാണ്. ഇത് ഇന്ത്യയുടെ പരമാധികാരത്തിന് എതിരായ ക്യാമ്പയ്‌നാണ്,” ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലെ മുതിർന്ന ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്ത ഒരു കൂട്ടം ട്വീറ്റുകളിൽ പറഞ്ഞു, “വഞ്ചകർ അമേരിക്കൻ മാധ്യമങ്ങളെ ലജ്ജാകരമായ ആയുധമാക്കൽ” അനുവദിച്ചതിന് വാൾസ്ട്രീറ്റ് ജേണലിനെ വിമർശിക്കുകയും ചെയ്തു. അഴിമതി ആരോപണ വിധേയനായ “പ്രഖ്യാപിത സാമ്പത്തിക കുറ്റവാളിയായ” വിശ്വനാഥൻ്റെ പേരിലാണ് പരസ്യം എടുത്തിരിക്കുന്നതെന്നും ഗുപ്ത പറഞ്ഞു.

0Shares