Trending News





തിരുവനന്തപുരം: ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കളെ തേടിപ്പിടിച്ച് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ സമ്മാനം അടിച്ചതായി തെറ്റിദ്ധരിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയെടുത്ത സംഘത്തിലെ പ്രധാനിയായ പശ്ചിമബംഗാള്‍ സ്വദേശിയെ തിരുവനന്തപുരം റൂറല്‍ പൊലീസ് സൈബര്‍ വിഭാഗത്തിൻ്റെ സഹായത്തോടെ അറസ്റ്റുചെയ്തു. ബിക്കി ദാസാണ്(22) പിടിയിലായത്.
Also Read
നാപ്‌ടോള്‍, സ്‌നാപ്‌ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ നിന്ന് സാധനം വാങ്ങുന്ന ഉപഭോക്താക്കളുടെ പേരും വിലാസവും പാഴ്‌സല്‍ സര്‍വീസ് കമ്പനികളില്‍ നിന്ന് ശേഖരിച്ച് ആ വിലാസം ദുരുപയോഗം ചെയ്ത് ഉപഭോക്താക്കള്‍ക്ക് സ്‌ക്രാച്ച് ആന്‍ഡ് വിന്‍ കാര്‍ഡ് രജിസ്‌ട്രേഡ് പോസ്റ്റില്‍ അയച്ചാണ് തട്ടിപ്പിൻ്റെ തുടക്കം. കാര്‍ഡ് സ്‌ക്രാച്ച് ചെയ്യുമ്പോള്‍ ഉപഭോക്താവിന് സമ്മാനമായി കാര്‍, വന്‍ തുകകള്‍ എന്നിവ ലഭിച്ചെന്ന് ധരിപ്പിക്കുകയും സമ്മാനം ലഭിക്കുന്നതിനായി കാര്‍ഡിലുള്ള ഫോണ്‍ നമ്പറില്‍ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്യും.
ഫോണില്‍ ബന്ധപ്പെടുന്ന ഉപഭോക്താവിന് സമ്മാനം ലഭിക്കുന്നതിന് സര്‍വീസ് ടാസ്, രജിസ്‌ട്രേഷന്‍ ചാര്‍ജ്, ഗിഫ്റ്റ് ചാര്‍ജ്, ജി.എസ്.ടി, ഇന്‍ഷ്വറന്‍സ് തുടങ്ങി വിവിധ ചാര്‍ജുകള്‍ അടയ്ക്കണമെന്ന് ധരിപ്പിച്ച് ആള്‍ക്കാരില്‍ നിന്ന് ഓണ്‍ലൈനിലൂടെ പണം തട്ടിയെടുക്കുന്നതായിരുന്നു ഇവരുടെ രീതി.

നാപ്‌ടോള്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ പേരില്‍ മുരുക്കുംപുഴ സ്വദേശിനിക്ക് ഹ്യുണ്ടായി കാര്‍ ലഭിച്ചതായി വിശ്വസിപ്പിച്ച് കാറിന് തുല്യമായ തുക ലഭിക്കുന്നതിനെന്ന വ്യാജേന പല തവണയായി 7.45 ലക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്. സമാന രീതിയില്‍ തട്ടിപ്പ് നടത്തിയതിന് ഇയാള്‍ക്കെതിരെ കര്‍ണാടക, ബംഗാള്‍ സംസ്ഥാനങ്ങളിലെ പൊലീസ് സ്റ്റേഷനുകളിലും കേസുകളുണ്ട്. വ്യാജ തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ചെടുത്ത ഫോണ്‍ നമ്പരുകളും ബാങ്ക് അക്കൗണ്ടുകളുമാണ് തട്ടിപ്പിനായി ഉപയോഗിച്ചത്. ബിക്കിദാസ് ഉപയോഗിച്ച ഫോണിൻ്റെ ഐ.എം.ഇ.ഐ നമ്പര്‍ കേന്ദ്രീകരിച്ച് രണ്ട് മാസത്തോളം നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ഇയാളെ കണ്ടെത്താനായത്.
റൂറല്‍ ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ, ഡി.വൈ.എസ്.പി വിജുകുമാര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ സൈബര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടറായ രതീഷ് ജി.എസ്, എസ്.ഐ സതീഷ് ശേഖര്‍, പൊലീസുകാരായ വിമല്‍കുമാര്‍, ശ്യാം കുമാര്‍, അദീന്‍ അശോക് എന്നിവരടങ്ങുന്ന സംഘം ബംഗാളിലെ ന്യൂടൗണില്‍ നിന്നാണ് ബിക്കിദാസിനെ അറസ്റ്റുചെയ്തത്. പ്രതിയെ റിമാന്‍ണ്ട് ചെയ്തു. തട്ടിപ്പ് സംഘത്തിലെ കൂടുതല്‍ പേര്‍ക്കെതിരെ അന്വേഷണം ഊര്‍ജിതമാക്കിയതായി റൂറല്‍ പൊലീസ് അറിയിച്ചു.

Sorry, there was a YouTube error.