
പാലക്കാട്: പഴയ കോൺഗ്രീറ്റ് വീട് തകർന്ന് വീണ് കളിച്ചുകൊണ്ടിരുന്ന 2 കുട്ടികൾക്ക് ദാരുണാന്ത്യം. പാലക്കാട് അട്ടപ്പാടി കരുവാര ഊരിലാണ് ദാരുണമായ സംഭവം നടന്നത്. സഹോദരങ്ങളായ ആദി (7), അജ്നേഷ് (4) എന്നിവരാണ് മരിച്ചത്. ബന്ധുവായ അഭിനയ(6) എന്ന കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്. രണ്ട് കുട്ടികൾ അപകടം കൂടാതെ രക്ഷപെട്ടു. മുക്കാലിയിൽ നിന്നും നാല് കിലോമീറ്റർ വനത്തിനത്തിനുള്ളിലെ ഊരിലാണ് അപകടം. വനം വകുപ്പിൻ്റെ ജീപ്പിലാണ് അപകടത്തില്‍പെട്ട കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. ആൾതാമസമില്ലാത്ത കോൺഗ്രീറ്റ് വീടായിരുന്നു തകർന്നത്. കുട്ടികൾ ഇവിടെ കളിക്കാൻ പോയപ്പോഴാണ് അപകടം സംഭവിച്ചതെന്നും അപകടം നടന്ന വീടിന്‍റെ തൊട്ടടുത്താണ് കുട്ടികളുടെ വീടെന്നും പറയുന്നു. 8 വർഷമായി വീട് ഉപയോഗ ശൂന്യമായി കിടക്കുകയായിരുന്നു. വീടിന്‍റെ സൺഷേഡിൽ കയറി കളിക്കുകയായിരുന്നു കുട്ടികൾ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. വർഷങ്ങൾക്ക് മുമ്പ് നിർമ്മാണം തുടങ്ങി പണി പൂർത്തിയാവാത്ത മേൽക്കൂരയില്ലാത്ത വീടായിരുന്നു ഇതെന്നും മഴയും വെയിലും കൊണ്ട് വീട് അപകടാവസ്ഥയിലായിരുന്നു എന്നുമാണ് വിവരം.
