അമ്മയെ വിഷം കൊടുത്ത് കൊന്ന മകള്‍ അറസ്‌റ്റിൽ; ഓൺലൈൻ റമ്മിയിലൂടെ കടബാധ്യത, വിഷ ചായ കഴിക്കാത്ത അച്ഛന്‍ രക്ഷപ്പെട്ടു, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയെന്ന് പോലിസിൽ കുറ്റസമ്മതം

  • Post category:Kerala / news
  • Reading time:2 mins read
You are currently viewing അമ്മയെ വിഷം കൊടുത്ത് കൊന്ന മകള്‍ അറസ്‌റ്റിൽ; ഓൺലൈൻ റമ്മിയിലൂടെ കടബാധ്യത,  വിഷ ചായ കഴിക്കാത്ത അച്ഛന്‍ രക്ഷപ്പെട്ടു, സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയെന്ന് പോലിസിൽ കുറ്റസമ്മതം

കുന്നംകുളം / തൃശ്ശൂർ: ചായയില്‍ എലിവിഷം കലര്‍ത്തി അമ്മയെ കൊലപ്പെടുത്തിയ മകൾ അറസ്‌റ്റിൽ. കീഴൂര്‍ ചൂഴിയാട്ടയില്‍ ചന്ദ്രൻ്റെ ഭാര്യ രുഗ്മിണി(58)യാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മകള്‍ ഇന്ദുലേഖയെ(39) പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോൾ കുറ്റം സമ്മതിച്ചു. ഇതോടെ ആണ് പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

കേസിൽ വഴിത്തിരിവായത് അറസ്റ്റിലായ മകൾ ഇന്ദുലേഖയുടെ ഫോണിലെ ഗൂഗിൾ സേർച്ച് ഹിസ്റ്ററി. എങ്ങനെ വിഷം കൊടുത്ത് കൊല്ലാമെന്ന് ഗൂഗിളിൽ ഇന്ദുലേഖ സെർച്ച് ചെയ്തതിൻ്റെ ഹിസ്റ്ററിയാണ് കേസിൽ വഴിത്തിരിവായത്. മാരകമായ വിഷം ഏത്? ഇത് ഉള്ളിൽ ചെന്നാൽ ലക്ഷണം ഏത്? ഇങ്ങനെയായിരുന്നു സെർച്ചുകൾ. ഇത് എന്തിനാണെന്ന ആവർത്തിച്ചുള്ള പോലീസിൻ്റെ ചോദ്യത്തിന് മുമ്പിൽ ഇന്ദുലേഖ പതറി.

അമ്മ രുഗ്മിണിക്ക് തുടർച്ചയായ ഛർദ്ദിയാണെന്നും മഞ്ഞപ്പിത്തമാണെന്നും പറഞ്ഞാണ് മകൾ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ ചെന്നപ്പോൾ വിഷം ഉള്ളിൽ ചെന്നിട്ടുള്ളതായി ഡോക്ടർ സംശയം പറഞ്ഞു. മൂന്നാം ദിവസം രുഗ്മിണി മരിച്ചു. പോസ്റ്റ്മോർട്ടത്തിൽ മരണകാരണം വിഷം ഉള്ളിൽ ചെന്നതാണെന്നു കണ്ടെത്തി. ആത്മഹത്യ ചെയ്യാൻ ഒരു കാരണവുമില്ല. അച്ഛനും ഇളയ മകൾക്കും സംശയം ബലപ്പെട്ടു. ഇന്ദുലേഖയുടെ മകൻ്റെ കീശയിൽ എലിവിഷം കണ്ടതായി അച്ഛൻ മൊഴി നൽകി. വിഷ പായ്ക്കറ്റ് കളയാൻ അമ്മ മകനെ ഏൽപിച്ചിരുന്നു. മകനാകട്ടെ ഇത് മുത്തച്ഛനോട് പറഞ്ഞു. ഇതോടെ പൊലീസിന് സംശയമേറി.

എട്ടു ലക്ഷം രൂപയുടെ ബാധ്യത തീർക്കാൻ ഇന്ദുലേഖ സ്വത്ത് ആവശ്യപ്പെട്ടു. കാലശേഷം സ്വത്തു നൽകാം എന്ന നിലപാടിലായിരുന്നു അമ്മ രുഗ്മിണി. എന്നാൽ സ്വത്തു നേരത്തെ ലഭിക്കുന്നതിനായി അമ്മയെ ഒഴിവാക്കാൻ ഇന്ദുലേഖ തീരുമാനിച്ചുവെന്നാണ് വിവരം. ഇന്ദുലേഖയെ കൊലക്കുറ്റം ചുമത്തിയാണ് പൊലീസ് അറസ്റ്റു ചെയ്തു.

എലി വിഷത്തിൻ്റെ ബാക്കി വീട്ടിൽ നിന്ന് കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇന്ദുലേഖയെ മെഡിക്കൽ സ്റ്റോറിൽ അടക്കം എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

പതിനാല് സെന്റ് ഭൂമിയും വീടും കൈവശപ്പെടുത്താനായിരുന്നു കൊലപാതകം. ഇവര്‍ അച്ഛനേയും കൊല്ലാന്‍ ശ്രമിച്ചതായി പോലീസ് വ്യക്തമാക്കി. കീടനാശിനി ചായയില്‍ കലര്‍ത്തി അച്ഛന് നല്‍കുകയായിരുന്നു. രുചിമാറ്റം തോന്നിയതിനാല്‍ അച്ഛന്‍ ചായ കുടിച്ചില്ല. പാറ്റയെ കൊല്ലാനുള്ള കീടനാശിനിയാണ് അച്ഛൻ്റെ ചായയില്‍ കലര്‍ത്തി നല്‍കിയത്.

സംഭവത്തെ കുറിച്ച്‌ പോലീസ് പറയുന്നത് ഇങ്ങനെ: വിദേശത്ത് ജോലി ചെയ്യുന്ന ഭര്‍ത്താവ് അറിയാതെ, ഇന്ദുലേഖ സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി വായ്പ്പ എടുത്തിരുന്നു.

ഓൺലൈൻ റമ്മിയിലൂടെ എട്ട് ലക്ഷത്തിലധികം രൂപയുടെ ബാധ്യത ഇന്ദുലേഖയ്‌ക്ക് ഉണ്ടായിരുന്നതായി സ്ഥിരീകരിക്കാത്ത വിവരമുണ്ട്. കഴിഞ്ഞ 18ന് ഭര്‍ത്താവ് അവധിക്ക് നാട്ടിലെത്തി. സ്വര്‍ണ്ണാഭരണങ്ങള്‍ എവിടെയാണെന്ന് ഭര്‍ത്താവ് തിരക്കുമെന്ന് ഇന്ദുലേഖ ഭയപ്പെട്ടു. ഇതോടെയാണ് അച്ഛൻ്റെയും അമ്മയുടേയും പേരിലുള്ള വീടും സ്ഥലവും തട്ടിയെടുത്ത് ബാധ്യത തീര്‍ക്കാന്‍ ഇവര്‍ പദ്ധതി ഇട്ടത്. ഉത്സവപ്പറമ്പുകളില്‍ ബലൂണ്‍ കച്ചവടം നടത്തുന്നയാളാണ് പ്രതിയുടെ അച്ഛനായ ചന്ദ്രൻ.

വിഷം ഉള്ളില്‍ ചെന്നതോടെ അവശനിലയിലായ രുഗ്മിണിയെ താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശൂരിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. ഇന്ദുലേഖ കൂടി ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്.

വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. തുടര്‍ന്ന് വീട്ടുകാരെ ചോദ്യം ചെയ്തപ്പോള്‍ ഇന്ദുലേഖയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത കണ്ടെത്തി.

ഇന്ദുലേഖ അമ്മയെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്ന് ചന്ദ്രനും പോലീസിന് മൊഴി നല്‍കി. ഇന്ദുലേഖയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ വിഷം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഫോണില്‍ തിരഞ്ഞിട്ടുണ്ടെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

0Shares