Categories
Kerala news trending

കാറിടിച്ച് പരിക്കേറ്റ യുവാവിന് 1.12 കോടി രൂപ നഷ്ടപരിഹാരം; എതിര്‍കക്ഷിയായ നാഷണല്‍ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്

അലക്ഷ്യമായി എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു

കോഴിക്കോട്: ഇന്നോവ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവിന് 1.12 കോടി രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോഴിക്കോട് അഡീഷണൽ ജില്ലാ കോടതി. താമരശ്ശേരി തച്ചംപൊയില്‍ പുതിയാറമ്പത്ത് മുജീബ് റഹ്‌മാനാണ്(36) കോടതി നഷ്ടപരിഹാരം വിധിച്ചത്.

മുജീബിന് നഷ്ടപരിഹാരമായ 81,33,000 രൂപയും അതിന്‍റെ എട്ട് ശതമാനം പലിശയും കോടതി ചെലവുമടക്കം 1,12,38,453 രൂപ നല്‍കണമെന്നാണ് വിധി. എതിര്‍കക്ഷിയായ നാഷണല്‍ ഇൻഷുറൻസ് കമ്പനിയാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.

2019 നവംബർ ഒന്നിനാണ് കേസിന് ആസ്‌പദമായ സംഭവം ഉണ്ടായത്. രാത്രി 11.40 ഓടെ റോഡിന്‍റ വശത്ത് നിൽക്കുകയായിരുന്നു മുജീബ് റഹ്‌മാനെ അലക്ഷ്യമായി എത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഏറെക്കാലത്തെ വിദഗ്‌ധ ചികിത്സയ്ക്കൊടുവിൽ ആണ് ജീവൻ രക്ഷിക്കാനായത്. ഇപ്പോഴും എഴുന്നേൽക്കാനാകാത്ത അവസ്ഥയിലാണ് ഇലക്ട്രിക് ജോലിക്കാരനായ മുജീബ് റഹ്‌മാൻ.

കോഴിക്കോട് അഡീഷണൽ മോട്ടോർ ആക്സിഡന്‍റ് ക്ലെയിംസ് ട്രിബ്യൂണൽ ജഡ്‌ജ്‌ ആർ.മധുവാണ് മുജീബ് റഹ്‌മാന് അനുകൂലമായ വിധി പുറപ്പെടുവിച്ചത്. ഹർജിക്കാരന് വേണ്ടി അഭിഭാഷകരായ ബാബു.പി ബെനഡിക്ട്, പി.പി ലിനീഷ്, സബിൻ ബാബു എന്നിവർ ഹാജരായി.

0Shares

Leave a Reply

Your email address will not be published. Required fields are marked *

The Latest