
തിരുവനന്തപുരം: സ്‌പീക്കർ എ.എൻ ഷംസീറിന്‍റെ ഗണപതി പരാമർശത്തിനെതിരെ തലസ്ഥാനത്ത് എൻ.എസ്.എസ് നേതൃത്വത്തിൽ നടന്ന നാമജപ യാത്രയ്ക്കെതിരെ പൊലീസ് കേസ് എടുത്തു. കണ്ടാൽ അറിയാവുന്ന ആയിരത്തോളം പേർക്കെതിരെയാണ് കേസ്. കന്‍റോൺമെണ്ട്, ഫോർട്ട് പോലീസ് സ്റ്റേഷനുകളിലാണ് കേസ് രജിസ്റ്റർ ചെയ്‌തിരിക്കുന്നത്. എൻ.എസ്.എസ് വൈസ്. പ്രസിഡണ്ട് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിയാണ് കേസ് എടുത്തിരിക്കുന്നത്.

പൊലീസ് നിർദ്ദേശം ലംഘിച്ച് അന്യായമായി സംഘം ചേർന്നു, മൈക്ക് സെറ്റ് പ്രവര്‍ത്തിപ്പിച്ചു, കാല്‍നട യാത്രക്കാര്‍ക്കും, വാഹന ഗതാഗതത്തിനും തടസമുണ്ടാക്കിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. അതേസമയം കേസ് നിയമപരമായി നേരിടുമെന്ന് സംഗീത് കുമാർ മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം നഗരത്തിൽ നടത്തിയ നാമജപ യാത്രയിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. പാളയം ഗണപതി ക്ഷേത്രത്തില്‍ നിന്ന് ബുധനാഴ്‌ച വൈകിട്ട് അഞ്ചരയോടെ തുടങ്ങിയ നാമജപ യാത്ര ഏഴ് മണിയോടെ പഴവങ്ങാടി ഗണപതി ക്ഷേത്രത്തിന് മുന്നില്‍ സമാപിച്ചു.
ഇപ്പോഴത്തെ വിഷയത്തിൽ സി.പി.എമ്മും ഷംസീറും മാപ്പ് പറയണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെട്ടു. സര്‍ക്കാര്‍ നടപടി എടുത്തില്ലെങ്കില്‍ വരും ദിവസങ്ങളില്‍ രണ്ടാംഘട്ട സമരങ്ങള്‍ നടത്തുമെന്നും മറ്റ് ഹൈന്ദവ സംഘടനകളെ കൂട്ടിയുള്ള പ്രതിഷേധവുമായി മുന്നോട്ടുപോകുമെന്നും എൻ.എസ്.എസ് അറിയിച്ചു.
