കുറ്റിക്കോല്‍: നാടിന്റെ സാംസ്കാരിക തനിമയുള്ള കലാരൂപമാണ് പൂരക്കളിയെന്ന് ഉദുമ എം.എല്‍.എ കെ. കുഞ്ഞിരാമന് പറഞ്ഞു. കേരള പൂരക്കളി അക്കാദമി കേരളസര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ സഹകരണത്തോടെ കുറ്റിക്കോല്‍ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച പൂരക്കളി മഹോത്സവം സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എം.എല്‍.എ. പൂരക്കളി ക്ഷേത്രാചാരങ്ങളുടെ ഗണത്തിലായിരുന്നു ഏറെക്കാലം നിലകൊണ്ടത്. എന്നാല്‍ അടുത്ത കാലത്ത് പൂരക്കളി ക്ഷേത്രമതില്ക്കെട്ടുകള്ക്ക് പുറത്തേക്ക് എത്തുകയും ജനകീയപ്രചാരണം നേടുകയും ചെയ്തു. പൂരക്കളി പണിക്കന്മാരെയും മെയ്വഴക്കമുള്ള കളിക്കാരെയും സമൂഹത്തില്‍ വരും നാളുകളില്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. അടുത്തിടെയായി ഏറെ പരിശ്രമിച്ച് സര്‍ക്കാര്‍ അംഗീകാരത്തോടെ നമുക്ക് പൂരക്കളിക്ക് മാത്രമായി ഒരു അക്കാദമി ഉണ്ടാക്കാന്‍ കഴിഞ്ഞത് വലിയ ഭാഗ്യമാണ്. നാട്ടിലെ എല്ലാ ക്ഷേത്രങ്ങളുടെയും പിന്തുണയും സഹായങ്ങളും ജനകീയ ക്ഷേത്രകലയായ പൂരക്കളിക്ക് ആവശ്യമാണെന്നും കെ.കുഞ്ഞിരാമന് എം.എല്‍.എ കൂട്ടിച്ചേര്‍ത്തു.

ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.രാമചന്ദ്രന് അധ്യക്ഷനായി. കേരള പൂരക്കളി അക്കാദമി ചെയര്മാന് ഡോ.സി.എച്ച് സുരേന്ദ്രന് നമ്പ്യാര്‍, അംഗം ഡോ. സി.കെ.നാരായണ പണിക്കര്‍, സെക്രട്ടറി കെ.വി മോഹനന്, എന്‍.ടി ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി രാഗിണി, ടി.ചോയമ്പു, എന്‍.കൃഷ്ണന്, മോഹനന് മെചേരി, എ.വി ശശി, എം.അനന്തന് മുന്നാട്, കെ.ബലരാമന് നമ്പ്യാര്‍, എം.ബാബു, ജനാര്ദ്ദനന്, ടി.മാലിങ്കന് മുന്നാട്, സരോജിനി.ടി, പി.രാമന്, എന്‍.ടി ചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു. ക്ഷേത്രം പ്രസിഡന്റ് കെ.ടി മധുസൂദനന് സ്വാഗതവും, സെക്രെട്ടറി പി.ടി ശ്രീധരന് നന്ദിയും പറഞ്ഞു.
തുടര്‍ന്ന് മറത്തുകളിയും പൂരക്കളിയും അരങ്ങേറി. കാഞ്ഞങ്ങാട് പി. ദാമോദര പണിക്കര്‍ കാടാംകോട് കുഞ്ഞികൃഷ്ണന് പണിക്കര്എന്നിവരാണ് മറത്തുകളി അവതരിപ്പിച്ചത്. ഉദിനൂര്‍, തടിയന്‍കൊവ്വല്‍ മുണ്ട്യ പൂരക്കളി സംഘവും പയ്യന്നൂര്‍ തെരു ആഷ്ടംചാല് ഭഗവതി ഭഗവതി ക്ഷേത്രം പൂരക്കളിസംഘവുമാണ് പ്രദര്ശനപൂരക്കളി അവതരിപ്പിച്ചത്.

