
പീതാംബരന്‍ കുറ്റിക്കോല്‍
കുറ്റിക്കോല്‍: ചില സൗഹൃദബന്ധങ്ങള്‍ ഓര്‍മകള്‍ പോലെയാണ്… ഇരമ്പിപെയ്യുന്ന മഴയിലൊലിച്ചു പോവുകയോ, കൊടുങ്കാറ്റില്‍ ദൂരേയ്ക്ക് പറക്കുകയോ ഇല്ല… എത്ര തേച്ചാലും മായ്ച്ചാലും മനസിനോട് ഒട്ടിച്ചേര്‍ന്നു കിടക്കും… ഒരു ഗദ്ഗദം പോലെ… ജോലിയില്‍ നിന്നും വിരമിക്കാന്‍ ആഴ്ചകള്‍ ബാക്കിയിരിക്കെ ബാലേട്ടന്‍ എന്ന ടി.വി ബാലകൃഷ്ണന്‍ പലരെയും പോലെ ഒരുപാട് ഓര്‍മകള്‍ ബാക്കി നല്‍കിയാണ് ഇക്കഴിഞ്ഞ മെയ് 6 ന് രാത്രിയില്‍ യാത്രയായത്. 1962 ജൂണ്‍ രണ്ടിന് കുറ്റിക്കോല്‍ ഞെരുവിലെ ഒരു കര്‍ഷക കുടുംബത്തിലായിരുന്നു ബാലകൃഷ്ണൻ്റെ ജനനം. കൃഷിക്കാരനായി ജീവിക്കുന്നതിനിടയില്‍ നന്നായി പഠിച്ച് ബിരുദം നേടി. പാരലല്‍ കോളജ് അധ്യാപകനില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥനായി ആരോഗ്യവകുപ്പിലും പിന്നീട് തദ്ദേശ സ്വയംഭരണവകുപ്പിലും ജോലി നേടി. ഒടുവില്‍ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരനായിരുന്നു. കലാ-സാമൂഹിക, രാഷ്ട്രീയരംഗത്ത് ജീവിതകാലം മുഴുവന്‍ പ്രവര്‍ത്തിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായെങ്കിലും സാധാരണക്കാരനായി ജീവിച്ച ബാലേട്ടന്‍ നാടിനും നാട്ടുകാര്‍ക്കും പ്രിയപ്പെട്ടവനായിരുന്നു.
കുട്ടിക്കാലം മുതല്‍ക്കേ പൂരക്കളിയില്‍ ബാലന്‍ അതീവ തല്പരനായിരുന്നു. കുറ്റിക്കോല്‍ ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തില്‍ നിന്നാണ് പൂരക്കളി കളിച്ച് പഠിച്ചത്. പൂരപണിക്കരും മറ്റുള്ളവരും പാടുമ്പോള്‍ താളം പറഞ്ഞുകൊണ്ട് കളിയുടെ നിയന്ത്രണം നടത്തുന്ന പ്രധാനികളില്‍ ഒരാളായിരുന്നു. കാല്‍നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഏറെ പ്രചാരത്തിലുണ്ടായിരുന്ന രാക്ഷ്ട്രീയ കോല്‍ക്കളി സംഘം ഞെരുവില്‍ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ചു. പുതിയപുരയില്‍ കുമാരനായിരുന്നു പാട്ടെഴുതിയിരുന്നത്. കുട്ടികള്‍മുതല്‍ പ്രായം ചെന്നവര്‍വരെയുണ്ടായിരുന്ന സംഘത്തിന് സി.ടി രാമനും സി.ടി കണ്ണനുമായിരുന്നു പരിശീലനം നല്‍കിയത്. കുടുംബതറവാടിൻ്റെയും ശ്രീ തമ്പുരാട്ടി ഭഗവതി ക്ഷേത്രത്തിൻ്റെയും പ്രധാന ഭാരവാഹിത്വം ഏറ്റെടുത്ത് നടത്തിപ്പുകള്‍ക്ക് ബാലന്‍ ചുക്കാന്‍ പിടിച്ചു. സി.പി.എം ഞെരു ബ്രാഞ്ച് സെക്രട്ടറിയായും ജോലിയില്‍ ചേര്‍ന്നതിന് ശേഷം സര്‍ക്കാര്‍ ജീവനക്കാരുടെ ഇടത് സംഘടനയുടെ അംഗമായും പ്രവര്‍ത്തിച്ചു. കുട്ടികളുടെ സര്‍ഗശേഷി വികസിപ്പിക്കുന്നതിന് വേണ്ടി കഴിഞ്ഞവര്‍ഷം സംഘടിപ്പിച്ച അവധിക്കാല ക്യാമ്പിൻ്റെയും ഗ്രാമോത്സവത്തിൻ്റെയും സംഘടകസമിതി ചെയര്‍മാനായിരുന്നു. അടുത്തിടെ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ അണികള്‍ക്കിടയിലുണ്ടാക്കിയ ചില പ്രാദേശിക ദ്രുവീകരണത്തെ ചെറുക്കാനും പാര്‍ട്ടിയുടെ നിലനില്‍പ്പിനുവേണ്ടി തൻ്റെ നയം വ്യക്തമാക്കി ശക്തമായ പ്രചാരണ പരിപാടികളില്‍ പങ്കാളിയായി ചെങ്കൊടിയുടെ ശോഭ നഷ്ടപ്പെട്ടുപോകാതിരിക്കാന്‍ തീവ്രമായി ആഗ്രഹിച്ചവരിലൊരാളാണ് ടി.വി ബാലനും.
ഓര്‍മ്മകള്‍ മാത്രം ബാക്കിവെച്ച് ഓര്‍മ്മകളെ തച്ചുടച്ച് ഏത് ഇരുണ്ട ദ്വീപിലേയ്ക്കാണ് ഇത്രമേല്‍ വേഗത്തില്‍, ഇത്രമേല്‍ പ്രിയമായ പ്രാണനെ വിട്ടെറിഞ്ഞ്, മിഴി രണ്ടുമടച്ചൊരു യാത്രപോയത്? അതില്‍പ്പിന്നെ മാറാത്ത വേദനയിലും നാടൊന്നാകെ കണ്ണീരൊഴുക്കുമ്പോഴും മരിക്കാത്ത മനസുകളുടെ വരണ്ടൊരോര്‍മ്മകളില്‍ ബാലേട്ടന്‍ തന്ന ജ്ഞാനവും സംഘശക്തിയുടെ ആത്മധൈര്യവും മനസുകളില്‍ എല്ലാവസന്തത്തിലും വര്‍ണാഭമായി പൂത്തുനില്‍ക്കും… കാലങ്ങളേറെക്കഴിഞ്ഞാലും…