കാസര്‍കോട്: ലോകം മുഴുവന്‍ ഭീതിയോടെ മാത്രം നോക്കി കാണുകയും, കരുതിയിരിക്കുകയും ചെയ്ത ‘വാനാക്രൈ’ വൈറസ് ആക്രമണം വയനാട്ടിലെത്തുന്നതിന് മുമ്പേ കാസര്‍കോട്ടെത്തിയിരുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്. വാനാക്രൈയോട് സാമ്യമുള്ള ‘ഓനിയന്‍ വൈറസ്’ രണ്ടാഴ്ച്ച മുമ്പേ കാസര്‍കോട്ട് ആക്രമണം നടത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. മെയ് അഞ്ചിനാണ് കാസര്‍കോട് സ്വദേശി നിയാസ് ജാസ്മിന്റെ ഉടമസ്ഥതയിലുള്ള ജാസ്മീന്‍ ഏജന്‍സീസ് എന്ന സ്ഥാപനത്തിലെ രണ്ട് കംമ്പ്യൂട്ടറുകള്‍ ‘ഒനിയന്‍ ഹാക്കര്‍മാര്‍’ കൈയ്യടക്കി വച്ചത്. കംമ്പ്യൂട്ടറുകള്‍ തുറക്കുന്നതിനിടെയാണ് ഹാക്ക് ചെയ്ത വിവരമറിയുന്നത്. സ്‌ക്രീനിലുണ്ടായ അജ്ഞാത സന്ദേശത്തിലൂടെ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്തിട്ടുണ്ടെന്നും വിവരങ്ങളെല്ലാം തിരിച്ചു തരണമെങ്കില്‍ ബീറ്റ്‌കോയിന്‍ വഴി 80,000 രൂപ അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഹാക്ക് ചെയ്തതിന് തെളിവായി ഒരു ഫോള്‍ഡര്‍ തുറന്ന് കാണിക്കുകയും ചെയ്തു. അത്രയും പണം തരാന്‍ കൈയ്യിലില്ലെന്നും അതിനാല്‍ 10,000 രൂപ തരാമെന്നും നിയാസ് പറഞ്ഞെങ്കിലും ഹാക്കര്‍മാര്‍ ചെവികൊണ്ടില്ല.

ഈമെയില്‍ വഴിയുള്ള ആശയവിനിമയമാണ് ഹാക്കര്‍മാര്‍ നടത്തുന്നത്. പിന്നീട് 24 മണിക്കൂറിന് ശേഷം ഹാക്കര്‍മാര്‍ 80,000 ത്തിനു പകരം 1.10 ലക്ഷം രൂപയായി മോചനദ്രവ്യം ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ സാധാരണയുള്ള സൈബര്‍ ഹാക്കിങ് ആയിരിക്കുമെന്ന് കരുതി നിയാസ് ഇതിനെ അവഗണിച്ചു. പിന്നീടാണ് വാനാക്രൈ വൈറസ് ലോകവ്യാപകമായി കംമ്പ്യൂട്ടറുകളെ നശിപ്പിക്കുന്ന വാര്‍ത്തകള്‍ പുറത്ത് വന്ന് തുടങ്ങിയത്. ഇത് മനസ്സിലാക്കിയ നിയാസ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കുകയായിരുന്നു. സൈബര്‍സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് നിയാസിന് ഇതിന്റെ ഗൗരവം വ്യക്തമായത്. വിദേശരാഷ്ട്രങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ഈ സൈബര്‍ ആക്രമണത്തില്‍ വയനാട് ജില്ലയില്‍ നിന്നും സമാന സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ കാസര്‍കോട്ടെ വ്യാപാരിയായിരുന്നു ഹാക്കര്‍മാരുടെ ആദ്യത്തെ ഇര എന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്. കേസ് ഗൗരവമുള്ളതാണെന്നും അതിനാല്‍ത്തന്നെ ഇതിന്റെ വിവരങ്ങള്‍ കേന്ദ്ര ഏജന്‍സിയെ അറിയിച്ചതായും പോലീസ് പറഞ്ഞതായി വ്യാപാരി പറഞ്ഞു. ഹാക്കര്‍മാരുടെ കെണിയില്‍പ്പെട്ട് ഒരുപാട് ഫയലുകള്‍ നഷ്ടപ്പെട്ടതായും സൈബര്‍സെല്‍ വിദഗ്ധരുടെ നിര്‍ദ്ദേശപ്രകാരം ഇപ്പോള്‍ കംമ്പ്യൂട്ടറുകള്‍ ഓഫ് ചെയ്തിരിക്കുകയാണെന്നും വ്യാപാരിയായ നിയാസ് കൂട്ടിച്ചേര്‍ത്തു.