കാസര്‍കോട്: കുമ്പഡാജെ-ബെളിഞ്ച-യേത്തടുക്ക-കിന്നിംഗാര്‍- കാസര്‍കോട് റൂട്ടില്‍ ബസ് സര്‍വീസ് നിര്‍ത്തിവയ്ക്കുമെന്ന് ബസുടമകള്‍ അറിയിച്ചു. ബദിയടുക്കയില്‍ നിന്നും വിദ്യാഗിരി, കുണ്ട്യപ്പാടി, കള്‍വര്‍ത്തടുക്ക വരെ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കയാണ്. രാവിലെയും വൈകിട്ടും നൂറുകണക്കിന് വിദ്യാര്‍ത്ഥികളെയും കയറ്റി അപകടം മുന്നില്‍ കണ്ടുകൊണ്ടാണ് ഈ റോഡിലൂടെ ബസുകള്‍ സര്‍വീസ് നടത്തുന്നത്. എതിരെ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ജല്ലി കയറി ടയറുകള്‍ പൊട്ടുന്നതും കുഴിയില്‍ വീണ് സ്പ്രിംഗ് സെറ്റ് മുഴുവനോടെ തകരുന്നതും നിത്യസംഭവമാണ്. വളരെയധികം നഷ്ടം സഹിച്ചാണ് ഈ റൂട്ടില്‍ സര്‍വീസ് തുടരുന്നത്.
അടിയന്തിരമായി റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കി തരുകയോ ഈ റോഡിന് സമാന്തരമായിട്ടുള്ള അഗല്‍പാടി റോഡ് വഴി സര്‍വീസ് നടത്താനുള്ള സംവിധാനം ഏര്‍പ്പെടുത്തി തരുകയോ വേണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അല്ലാത്തപക്ഷം റോഡ് റിപ്പയര്‍ ചെയ്ത് ഗതാഗതയോഗ്യമാക്കുന്നതുവരെ ഈ റൂട്ടിലൂടെയുള്ള സര്‍വീസ് നിര്‍ത്തിവെക്കുവാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ടവരെ അറിയിക്കുന്നുവെന്ന് ഉടമകള്‍ അറിയിച്ചു.