
ശിവസേനയെ പിളർത്തി മഹാരാഷ്ട്രയിൽ സർക്കാരുണ്ടാക്കാൻ ബി.ജെ.പി നീക്കം തുടങ്ങി. മുഖ്യമന്ത്രി പദം പങ്കുവയ്ക്കുന്നതടക്കമുള്ള ആവശ്യങ്ങളിൽനിന്നും ശിവസേന പിൻമാറി സഖ്യത്തെ പിന്തുണയ്ക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്. ഒക്ടോബർ മുപ്പത്തിയൊന്നിനോ നവംബർ ഒന്നിനോ ഫഡ്നാവിസ് മുഖ്യമന്ത്രിയായി അധികാരമേൽക്കുമെന്നാണ് സൂചനകൾ.
മന്ത്രിസഭയിൽ തുല്യപങ്കാളിത്തം വേണമെന്ന ആവശ്യത്തിലും മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കണമെന്ന ആവശ്യത്തിലും സേന കൂടുതൽ സമ്മർദം ചെലുത്തില്ലെന്നാണ് കരുതുന്നത്. ശിവസേനയിലെ 45 എം.എൽ.എമാർ സർക്കാരുണ്ടാക്കാൻ ബി.ജെ.പിയുമായി കൈകോർക്കാൻ ആഗ്രഹിക്കുന്നുവെന്ന ബി.ജെ.പി എം.പി സഞ്ജയ് കാകദേ വെളിപ്പെടുത്തിയതോടെയാണ് എന്‍.ഡി.എയിലെ അണിയറ നീക്കങ്ങള്‍ വെളിച്ചത്തുവന്നത്. സർക്കാരിന്റെ ഭാഗമാകാൻ ആഗ്രഹിക്കുന്ന ശിവസേന എം.എൽ.എമാരുമായി ചർച്ച നടക്കുന്നുവെന്നും കാകദേ വാർത്താഏജൻസിയോട് പറഞ്ഞു.
പ്രതികരണം വിവാദമായതോടെ കാകദേ നിലപാട് മയപ്പെടുത്തിയെങ്കിലും ബി.ജെ.പിയുടെ തന്ത്രം പുറത്തുവരാനിത് വഴിവച്ചു. ശിവസേനയ്ക്ക് രണ്ടരവർഷം മുഖ്യമന്ത്രിസ്ഥാനം വാഗ്ദാനം നല്‍കിയിട്ടില്ലെന്ന് നേരത്തെ ഫഡ്നാവിസ് പറഞ്ഞിരുന്നു.”എന്റെ പേര് പ്രധാനമന്ത്രി പ്രഖ്യാപിച്ചതാണ്. യോഗം ഔപചാരികം മാത്രമാണ്’–-ഫട്നാവിസ് പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിനിടെ നടന്ന സീറ്റ് ചർച്ചയ്ക്കിടെ മുഖ്യമന്ത്രിസ്ഥാനം പങ്കുവയ്ക്കാമെന്ന ധാരണയുണ്ടായിരുന്നുവെന്നാണു ശിവസേനയുടെ വാദം. അടുത്ത അഞ്ചു വർഷത്തേക്ക് താൻ ത ന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ഔദ്യോഗിക വസതിയായ വർഷയിൽ മാധ്യമപ്രവർത്തകരോടു ഫഡ്നാവിസ് പറഞ്ഞു. രണ്ടര വർഷം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കുവയ്ക്കാമെന്ന് ബി.ജെ.പി വാഗ്ദാനം നല്‍കിയിട്ടില്ല. ഇതേക്കുറിച്ച് ബി.ജെ.പി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്ത വർഷത്തേക്കു സ്ഥിരതയുള്ളതും കാര്യക്ഷമവുമായ സർക്കാർ മഹാരാഷ്ട്രയിലുണ്ടാകും. ബി.ജെ.പിയും ശിവസേനയും ചേർന്നു സർക്കാർ രൂപവത്ക രിക്കും. ബി.ജെ.പി നിയമസഭാ കക്ഷി യോഗം ഇന്നു യോഗം ചേർന്ന് നേതാവിനെ തെരഞ്ഞെടുക്കും-ഫഡ്നാവിസ് പറഞ്ഞു. ശിവസേന മുഖപത്രം സാമ്നയ്ക്കെ തിരേ ഫഡ്നാവിസ് വിമർശനമുയർത്തി. സാമ്നയുടെ പങ്കാണ് ചർച്ചകൾ വഴിതെറ്റാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു.
അധികാരം പങ്കിടുന്നകാര്യത്തിൽ ഫട്നാവിസിന്റെ നിലപാട് അതാണെങ്കിൽ സത്യത്തിന്റെ നിർവചനംതന്നെ മാറ്റേണ്ടിവരുമെന്ന് ശിവസേനാവക്താവ് സഞ്ജയ് റാവത്ത് തിരിച്ചടിച്ചു. എൻ.സി.പിയുമായും കോൺഗ്രസുമായും കൂട്ടുകൂടാൻ നിർബന്ധിതരാക്കരുതെന്ന് ശിവസേന വെളിവാക്കി. ക്യാമറകൾക്കുമുന്നിൽ പറഞ്ഞതാണ് ഇപ്പോൾ നിഷേധിക്കുന്നത്.സംസ്ഥാനഭരണത്തിൽ 50:50 എന്ന തത്വം നടപ്പാക്കണമെന്ന് ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ശിവസേനാ അധ്യക്ഷൻ ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി ഇക്കാര്യം സമ്മതിച്ചു. ബി.ജെ.പി അധ്യക്ഷൻ അമിത് ഷായുടെ സാന്നിധ്യത്തിലാണ് ഇതൊക്കെ നടന്നത്–-റാവത്ത് പറഞ്ഞു. തർക്കത്തിൽ അമിത് ഷാ പ്രതികരിച്ചിട്ടില്ല.
