ബാലഭാസ്കറിന്‍റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി

  • Post category:news
  • Reading time:2 mins read
You are currently viewing ബാലഭാസ്കറിന്‍റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സി.സി.ടി.വി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി

തിരുവനന്തപുരം: കൊല്ലത്തിനടുത്ത് ബാലഭാസ്കറിന്‍റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി. ജ്യൂസ് കടയുടമ ഷംനാദിന്‍റെ സുഹൃത്തായ നിസാമിന്‍റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വർണക്കടത്തു കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.

ഡ്രൈവർ അർജുന്‍റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്‍റെ മൊഴി. ഹാർഡ് ഡിസ്കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിനെത്തുടർന്നാണ് തമ്പി ഒളിവിൽ പോയത്

നേരത്തെ ഷംനാദിന്‍റെ മൊഴിയെടുത്ത ശേഷമായിരുന്നു പ്രകാശിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങൾ പ്രകാശ് തമ്പി എന്നയാൾ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ ഷംനാദ് നേരത്തെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്കറിന്‍റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാൾ ജ്യൂസ് കടയിൽ വന്നിട്ടില്ല, സി.സി.ടി.വി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് പ്രതികരിച്ചത്.

ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത് പൊലീസാണ്. ഡി.വൈ.എസ്‍.പി ഹരികൃഷ്ണനാണ് ഹാർഡ് ഡിസ്ക് എടുത്തുകൊണ്ടുപോയത്. ഇതിനിടെ ജ്യൂസ് കടയിൽ പ്രകാശ് തമ്പി എന്നൊരാൾ വന്ന് സി.സി.ടി.വി ഹാർഡ് ഡിസ്ക് കൊണ്ടുപോയി എന്ന് പറഞ്ഞിട്ടേയില്ലെന്നായിരുന്നു ഷംനാദ് പറഞ്ഞത്.

”പ്രകാശ് തമ്പി എന്നൊരു കക്ഷിയേയേ എനിക്കറിയില്ല. ക്രൈംബ്രാഞ്ച് എന്നോട് ചോദിച്ചത് ഇങ്ങനെയൊരു സാറ് ഇവിടെ വന്നിരുന്നോ, കരിക്കിൻ ഷേക്ക് കുടിച്ചിരുന്നോ എന്നാണ്. ഇങ്ങനെ ഒരു സാറ് ഇവിടെ വന്നിരുന്നെന്ന് ‍ഞാൻ പറഞ്ഞു. വന്നപ്പോ ഞാനകത്ത് കിടക്കുകയായിരുന്നു. ഇങ്ങനെയൊരാളെ എനിക്കറിയുമായിരുന്നില്ല. വന്നത് ബാലഭാസ്കറാണെന്ന് എനിക്കറിയില്ലായിരുന്നു. ഭാര്യയ്ക്ക് കരിക്കിൻഷേക്ക് വേണ്ടേ എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർക്ക് വേണ്ടെന്നും നാല് ദിവസത്തെ യാത്രയ്ക്ക് ശേഷം അവർ വല്ലാതെ ക്ഷീണിച്ചിരിക്കുകയാണെന്നും പറഞ്ഞു. അവർ ഉറങ്ങുകയായിരുന്നു. ഞങ്ങൾക്ക് രണ്ട് പേർക്ക് തരാൻ പറഞ്ഞു. പക്ഷേ, അവര് രണ്ട് പേരും ഷേക്ക് വാങ്ങി പൈസ തന്നപ്പോൾ ഞാൻ ചെന്ന് കിടന്നു”, ഷംനാദ് മാധ്യമങ്ങളോട് പറയുന്നു.

അവർ വന്ന് കടയ്ക്ക് മുന്നിൽ വച്ച് വിളിച്ചപ്പോഴാണ് പുറത്തിറങ്ങിയതെന്നും ആരാണ് ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയതെന്നൊന്നും ശ്രദ്ധിച്ചില്ലെന്നും ഷംനാദ് വ്യക്തമാക്കി.

”ഹാർഡ് ഡിസ്ക് ആർക്കും കൊടുക്കരുതെന്ന് പൊലീസ് വന്ന് പറഞ്ഞു. ബാലഭാസ്കർ മരിച്ച് രണ്ട് ആഴ്ച കഴി‍ഞ്ഞപ്പോൾ പൊലീസ് വന്ന് മൊഴിയെടുത്തു. രാത്രി രണ്ട് മണിക്ക് ശേഷം വന്ന നീലക്കാറിലെ ബർമുഡയിട്ട ഒരാള് എന്ന് പറഞ്ഞപ്പോഴാണ് ഞാൻ തിരിച്ചറിഞ്ഞത്”, ഷംനാദ് പറയുന്നു.

സി.സി.ടി.വി താൻ പിന്നെ നോക്കിയിട്ടില്ല. പൊലീസുകാർ രണ്ട് മാസം മുമ്പ് വന്ന് സി.സി.ടി.വി ദൃശ്യം ശേഖരിച്ചു കൊണ്ടുപോയി. മുപ്പത് ദിവസത്തെ സ്റ്റോറേജ് മാത്രമേ ഈ സിസിടിവി ഹാർഡ് ഡിസ്കിനുള്ളൂ. അത് സാരമില്ല, ഫോറൻസിക് പരിശോധനയിൽ പൊലീസുകാർ ദൃശ്യം എടുത്തുകൊള്ളുമെന്ന് ഡി.വൈ.എസ്‍.പി ഹരികൃഷ്ണൻ പറഞ്ഞു. അതല്ലാതെ വേറെ ആരും വന്നിട്ടില്ലെന്നും ഷംനാദ് പറഞ്ഞിരുന്നു.

0Shares